ദമ്മാം: ഒരു മണിക്കൂറിലധികം കേരളത്തെ ആശങ്കയുടെ നിഴലിൽ നിർത്തിയ, വെള്ളിയാഴ്ച രാവിലെ കരിപ്പുരിൽ നിന്ന് പുറപ്പെട്ട എയർഇന്ത്യ എക്സ്പ്രസിലെ 176 യാത്രക്കാരും സുരക്ഷിതമായി ദമ്മാമിലെത്തി. മരണം കൺമുമ്പിലൂടെ കടന്നുപോയതിന്റെ ഭീതിയൊഴിഞ്ഞ മുഖങ്ങളിൽ ആശ്വാസത്തിന്റെ പുഞ്ചിരി കാണാമായിരുന്നു. ‘ദൈവത്തിന് സ്തുതി ഞങ്ങൾ സുരക്ഷിതരായി എത്തിയിരിക്കുന്നു’. ദമ്മാമിൽ ഇറങ്ങിയ ഉടനെ യാത്രക്കാർ പലരും ‘ഗൾഫ് മാധ്യമ’ത്തിലേക്ക് വിളിച്ചറിയിച്ചു. വൈകിട്ട് പ്രാദേശിക സമയം 7 മണിയോടെയാണ് വിമാനം ദമ്മാമിൽ ലാൻറ് ചെയ്തത്.
വിമാനം റൺവേയിൽ നിന്ന് ഉയരുന്ന സമയത്ത് പിറക് ഭാഗത്ത് അസാധാരണമായ ശബ്ദം ഉണ്ടായതായി യാത്രക്കാർ ജീവനക്കാരോട് പറഞ്ഞിരുന്നു. എന്നാൽ കാര്യമായ കുഴപ്പങ്ങളൊന്നുമില്ലാതെ വിമാനം യാത്ര തുടരുകയും ചെയ്തു. ഏതാണ്ട് അര മണിക്കൂറിന് ശേഷമാണ് വിമാനം തിരിച്ചിറക്കുകയാണന്ന അറിയിപ്പ് വന്നതെന്ന് യാത്രക്കാർ പറയുന്നു.
എന്നാൽ യാത്രക്കാരെ പരിഭ്രാന്തരാക്കാതിരിക്കാൻ ജീവനക്കാരും ശ്രദ്ധിച്ചിരുന്നതായി കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന അൽ ഖോബറിലുള്ള യൂനുസ് പറഞ്ഞു. ചെറിയ സങ്കേതിക തകറാറുകരണം വിമാനം തിരിച്ചിറക്കുന്നെന്ന് മാത്രമാണ് യാത്രക്കാരോട് പറഞ്ഞത്. ശേഷം ഇന്ധനം ഒഴുക്കിക്കളയാൻ എട്ടു തവണ വിഴിഞ്ഞം കടലിന് മുകളിൽ വട്ടമിട്ടപ്പോൾ യാത്രക്കാരിൽ ചിലർ പരിഭ്രാന്തരാവാൻ തുടങ്ങി. എന്നാൽ ജീവനക്കാർ അവരെയൊക്കെ ആശ്വസിപ്പിച്ചെന്നും ഇവർ പറഞ്ഞു.
ഇന്ധനം കാലിയാക്കുന്ന സമയത്ത് വിമാനത്തിനകത്ത് പരമാവധി തണുപ്പിൽ എ.സി പ്രവർത്തിപ്പിച്ചിരുന്നു. ഉള്ളിൽ ചൂട് അനുഭവപ്പെടാൻ ഇടയുള്ളതിനാലാണ് എ.സി ശക്തിയിൽ പ്രവർത്തിപ്പിക്കുന്നതെന്ന് ജീവനക്കാർ വിശദീകരിച്ചു. ഒരു മണിക്കുറിലധികം നീണ്ട കാത്തിരുപ്പുകൾക്കൊടുവിൽ തിരുവനന്തരപുരം വിമാനത്താവളത്തിൽ സാധാരണ പോലെ സുരക്ഷിതമായി ഇറങ്ങിക്കഴിഞ്ഞാണ് യാത്രക്കാർക്ക് സമാധാനമായതെന്ന് ദമ്മാമിൽ ജോലിചെയ്യുന്ന നിലമ്പുർ സ്വദേശി അസ്കർ പറഞ്ഞു.
ലാൻറിങിന് ശേഷവും പതിനഞ്ച് മിനിറ്റോളം വിമാനത്തിനുള്ളിൽ ഇരിക്കാൻ യാത്രക്കാരോട് നിർദ്ദേശിച്ചു. പുറത്തെത്തിയപ്പോൾ മാത്രമാണ് മിക്കവർക്കും സാഹചര്യത്തിന്‍റെ ഗൗരവം പിടികിട്ടിയത്. കുട്ടികൾ ഉൽപടെ യാത്ര ചെയ്യുന്ന നിരവധി കുടുംബങ്ങൾ വിമാനത്തിൽ യാത്രക്കാരായുണ്ടായിരുന്നു. 2 ലധികം കുട്ടികൾ മാത്രമുണ്ടായിരുന്നു. വ്യാഴാഴ്ച ദമ്മാമിൽ നടക്കുന്ന ബദർ എഫ്.സി ടുർണമെൻറിൽ പങ്കെടുക്കാനുള്ള കളിക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. ഇതേ വിമാനം തകരാറുകൾ പരിഹരിച്ച് വൈകിട്ട് നാല് മണിയോടെ തിരുവന്തപുരത്ത് നിന്ന് പറന്നുയർന്നപ്പോൾ പൈലറ്റടക്കം പുതിയ ജീവനക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നതെന്നും യാത്രക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.