റിയാദ്: കോവിഡ് പ്രതിസന്ധിയിൽ മാസങ്ങളായി വിദേശത്ത് കുടുങ്ങി ഒടുവിൽ നാട്ടിലേക്ക് വഴി തുറന്നെങ്കിലും അവസാന നിമിഷം യാത്ര മുടങ്ങി മലയാളി നഴ്‌സുമാർ. ഞായറാഴ്ച ഉച്ചക്ക് റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യാത്രക്ക് എത്തിയതായിരുന്നു ദവാദ്മി ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമാരായ ജിബി എബ്രഹാം, മെർലിൻ, ബിൻസി എന്നിവർ.
മൂന്നു മാസം മുമ്പ് നാട്ടിൽ പോകാൻ എക്സിറ്റ് അടിച്ചു യാത്രക്ക് ഒരുങ്ങുന്ന സമയത്താണ് കോവിഡ് കാരണം യാത്ര മുടങ്ങിയത്. വന്ദേ ഭാരത് മിഷൻ യാത്രക്ക് ഇന്ത്യൻ എംബസിയിൽ നിന്ന് ഇവർക്ക് അനുമതി ലഭിച്ചു. എന്നാൽ ഇവരുടെ എക്സിറ്റ് കാലാവധി മെയ് 16ന് കഴിഞ്ഞിതിനാൽ യാത്രക്ക് മുമ്പ് 1000 റിയാൽ അടച്ച് എക്സിറ്റ് പുതുക്കാനും നിർദേശം ലഭിച്ചിരുന്നു. ഈ വിവരം ഇവർ അപ്പോൾ തന്നെ ആശുപത്രി അധികൃതരെ അറിയിച്ചു. എന്നാൽ അതിെൻറ ആവശ്യമില്ലെന്നും യാത്രക്ക് ഒരു വിധത്തിലുള്ള തടസവും ഉണ്ടാവില്ലെന്നും അവർ പറഞ്ഞു.
ഞായറാഴ്ച രാവിലെ ഏഴോടെ റിയാദ് എയർപോർട്ടിൽ എത്തിയപ്പോൾ എയർ ഇന്ത്യ ബോർഡിങ് പാസ് നൽകുകയും ലഗേജുകൾ സ്വീകരിക്കുകയും ചെയ്തു. എന്നാൽ സൗദി എമിഗ്രേഷൻ വിഭാഗം എക്സിറ്റ് വിസ കാലാവധി കഴിഞ്ഞെന്നും പുതുക്കിയാൽ മാത്രമേ യാത്ര ചെയ്യാൻ കഴിയുകയുള്ളൂ എന്നും വിമാനം പറന്നുയരുന്നതിന് മിനിട്ടുകൾക്ക് മുമ്പ് അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും വളരെ വേഗത്തിൽ സദാദ് പേയ്മെൻറ് വഴി പിഴ അടച്ച് എക്സിറ്റ് വിസ പുതുക്കുകയും ചെയ്തു. എക്സിറ്റ് പുതുക്കിയ മെസേജ് വന്ന് എയർ ഇന്ത്യ കൗണ്ടറിൽ എത്തിയപ്പോഴേക്ക് സമയം കഴിഞ്ഞെന്നും ഇനി യാത്ര ചെയ്യാൻ കഴിയില്ലെന്നും ജീവനക്കാർ പറയുകയായിരുന്നത്രെ.
അവിടെ നിൽക്കാതെ പുറത്തു പോകാൻ ആവശ്യപ്പെടുകയും ലഗേജുകൾ മടക്കി നൽകുകയും ചെയ്തു. താണുകേണ് അപേക്ഷിച്ചിട്ടും എയർ ഇന്ത്യ ജീവനക്കാരുടെ മനസലിഞ്ഞില്ല. അവർ ബോർഡിങ് പാസ് തിരിച്ചുവാങ്ങി കീറിയെറിയുകയായിരുന്നെന്ന് നഴ്‌സുമാർ പറയുന്നു. സാമൂഹിക പ്രവർത്തകർ പറഞ്ഞുനോക്കിയിട്ടും എയർ ഇന്ത്യ കടുംപിടിത്തം തുടർന്നു.
300 കിലോമീറ്ററകലെയുള്ള ദവാദ്മിയിൽ നിന്നാണ് റിയാദിലെത്തിയത്. ഇനി അങ്ങോട്ട് മടങ്ങിപ്പോകാനാവില്ല. അടുത്ത യാത്ര വരെ റിയാദിൽ തുടരാനാണ് തീരുമാനം. അതിനുള്ള എല്ലാ സൗകര്യവും ഒരുക്കി സമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, മജീദ് ചിങ്ങോലി, മുഹമ്മദ് ദവാദ്മി എന്നിവർ രംഗത്തുണ്ട്. ഇവർക്ക് വേണ്ട താമസവും ഭക്ഷണവും ഏർപ്പാടാക്കിയിട്ടുണ്ട്. അടുത്ത വിമാനത്തിൽ യാത്ര ശരിയാക്കാനുള്ള ശ്രമവും സാമൂഹികപ്രവർത്തകർ തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.