റിയാദ്: ഇന്ത്യക്കും സൗദി അറേബ്യക്കുമിടയിൽ വിമാന സർവിസ് പുന:രാരംഭിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ അന്തിമഘട്ടത്തിൽ. പ്രതീക്ഷയുയർത്തി ബുധനാഴ്ച ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സഇൗദും സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി (ഗാക) മേധാവി അബ്ദുൽ ഹാദി അൽമൻസൂരി റിയാദിൽ കൂടിക്കാഴ്ച നടത്തി. വിമാന സർവിസ് പുന:രാരംഭിക്കലും ഇരുരാജ്യങ്ങളും തമ്മിൽ എയർ ബബിൾ കരാർ ഒപ്പിടലും ചർച്ചക്ക് വിഷയമായി.
കോവിഡ് പശ്ചാത്തലത്തിൽ ഇൗ വർഷം മാർച്ച് 15ന് നിർത്തിവെച്ച അന്താരാഷ്ട്ര വിമാന സർവിസ് പുനരാരംഭിക്കുന്ന കാര്യത്തിൽ സൗദി അറേബ്യ ഇനിയും ഒരു അന്തിമ തീരുമാനത്തിൽ എത്താത്തതിനാൽ ഇന്ത്യക്കും സൗദിക്കുമിടയിൽ എയർ ബബിൾ കരാർ നിലവിൽ വരാനാണ് കൂടുതൽ സാധ്യത. റെഗുലർ വിമാന സർവിസ് പുനരാരംഭിക്കുന്നത് വരെ ബദൽ വിമാന സർവിസൊരുക്കലാണ് എയർ ബബിൾ സംവിധാനം. സർവിസുകൾ ഇരുരാജ്യങ്ങളും തുല്യമായി പങ്കുവെക്കുന്നതാണ് ഇൗ കരാർ. കോവിഡ് കാലത്ത് ഇന്ത്യ ഇതുവരെ 22 രാജ്യങ്ങളുമായി എയർ ബബിൾ കരാർ ഒപ്പുവെച്ചിട്ടുണ്ട്. ജി.സി.സിയിൽ സൗദി അറേബ്യ, കുവൈത്ത് ഒഴികെ ബാക്കി രാജ്യങ്ങളുമായെല്ലാം കരാർ നിലവിലുണ്ട്. ഇൗ സംവിധാനമെങ്കിലും നിലവിൽ വന്നാൽ മതി എന്ന ആഗ്രഹത്തിലാണ് ഇന്ത്യൻ പ്രവാസികൾ.
നിലവിൽ സൗദിയിലേക്ക് നേരിട്ട് വരാൻ ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കുന്ന സൗദി വിസയുള്ള പ്രവാസികൾ ഇന്ത്യൻ എംബസിയുടെ നീക്കങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. വിസയുള്ളവർക്ക് ഗൾഫ് രാജ്യങ്ങളിലേക്ക് തിരിച്ചുവരാൻ ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കഴിഞ്ഞ ദിവസം യു.എ.ഇ പ്രവാസികളുമായി സൂമിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഉറപ്പുനൽകിയിരുന്നു. എന്തായാലും സൗദിയിലെ ഇന്ത്യൻ എംബസിയുടെ ശ്രമങ്ങൾ ഏറെ മുന്നോട്ട് പോവുകയാണ്. എംബസി ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ (ഡി.സി.എം) എൻ. റാം പ്രസാദും രണ്ടാഴ്ച മുമ്പ് സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി (ഗാക) അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം എംബസി സെക്കൻഡ് സെക്രട്ടറിയും പ്രസ് സെക്രട്ടറിയുമായ അസീം അൻവ 'ഗാക'യിലെ എയർ ട്രാൻസ്പോർട്ട് ഡയറക്ടർ ജനറൽ അലി റജബുമായും ഇൗ വിഷയത്തിൽ ചർച്ച നടത്തി.
എയർ ബബ്ൾ കരാറിെൻറ കാര്യത്തിൽ 'ഗാക'യുടേത് അനുകൂല സമീപനമാണെന്നാണ് എംബസി വൃത്തങ്ങൾ നൽകുന്ന സൂചന. സൗദി ആരോഗ്യമന്ത്രാലയത്തിെൻറ അനുമതിയാണ് അന്തിമമായി വേണ്ടത്. അതിനുവേണ്ടി അംബാസഡർ ഡോ. ഒൗസാഫ് സഇൗദ് ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി മന്ത്രി അബ് ദുറഹ്മാൻ അൽെഎബാൻ, അസിസ്റ്റൻറ് ഡെപ്യൂട്ടി മന്ത്രി സാറ അൽസഇൗദ് എന്നിവരുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യക്കും സൗദിക്കുമിടയിൽ നേരിട്ട് വിമാന സർവിസ് ഇല്ലാത്തതിനാൽ പ്രവാസികൾ വളരെ ദുരിതത്തിലാണ്. അത്യാവശ്യമായി സൗദിയിലെത്തേണ്ടവര്‍ ദുബൈയിലും മറ്റുമെത്തി അവിടെ 14 ദിവസം താമസിച്ച് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരേണ്ട പണച്ചെലവും അലച്ചിലുമേറെയുള്ള ദുർഘടമായ മാർഗമാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഇതിനൊരു പരിഹാരമാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതും അധികൃതരുടെ പുതിയ നീക്കങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.