റിയാദ്: ലിഫ്റ്റ് ചോദിച്ച് കയറിയ വാഹനം അപകടത്തിൽ പെട്ട് ബീഹാർ സ്വദേശി അഷ്റഫ് അലി (25) മരിച്ചു. റിയാദിന് സമീപം അൽഖർജ് - അൽമറായ് റോഡിലാണ് സംഭവം. 20 ദിവസമായി തിരിച്ചറിയാത്ത ഇന്ത്യക്കാരെൻറ മൃതദേഹവുമായി ബന്ധപ്പെട്ട് കേളി അൽഖർജ് ജീവകാരുണ്യ കമ്മിറ്റി കൺവീനർ നാസർ പൊന്നാനിയെ പൊലീസ് സ്റ്റേഷനിൽനിന്നും വിളിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.
സംഭവം സംബന്ധിച്ച് പൊലീസ് ഭാഷ്യമിങ്ങനെ: 20 ദിവസം മുമ്പ് അൽമറായ് റോഡിൽ രണ്ട് ട്രെയിലറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചിരുന്നു. പൂർണമായും തകർന്ന രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാരായ പാകിസ്താനിയെയും നേപ്പാളിയെയും തിരിച്ചറിഞ്ഞു. എന്നാൽ മൂന്നാമത്തെ ആൾ ആരെന്നോ ഏത് രാജ്യക്കാരാണെന്നോ അറിയാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
പാകിസ്താനിയുടെ വാഹനത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ലിഫ്റ്റ് ചോദിച്ച് കയറിയതാവാം എന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ച സമയത്ത് മൃതദേഹത്തിൽനിന്നും ലഭിച്ച വസ്തുക്കളിൽനിന്നും പൊലീസിന് ഇഖാമ നമ്പർ ലഭിക്കുകയും അതുമായി നടത്തിയ പരിശോധനയിൽ ഇന്ത്യാക്കാരനാണെന്ന് മനസിലായതിനെ തുടർന്നാണ് പൊലീസ് നാസറിനെ വിളിച്ചുവരുത്തി വിവരങ്ങൾ കൈമാറിയത്.
നാസർ പൊന്നാനി ഇന്ത്യൻ എംബസിയിൽ വിവരമറിയിക്കുകയും പൊലീസ് നൽകിയ രേഖകളിൽനിന്നും കൂടുതൽ അന്വേഷണം നടത്തി അഷ്റഫ് അലിയുടെ കൂടുതൽ വിവരങ്ങൾ തരപ്പെടുത്തുകയുമായിരുന്നു. തുടർ നടപടികൾ സ്വീകരിക്കാൻ നാസർ പൊന്നാനിയെ ചുമതല പെടുത്തുകയും ചെയ്തു. തുടർന്ന് സ്പോൺസറുമായി ബന്ധപ്പെട്ടപ്പോൾ ഒരു വർഷം മുമ്പ് ഹെവി ഡ്രൈവർ ജോലിക്കായി എത്തിയ അഷ്റഫ് അലി, ഇഖാമ കിട്ടിയതിനുശേഷം ജോലിക്ക് ഹാജരായിട്ടില്ലെന്നും തുടർന്ന് ഹുറൂബ് ആക്കുകയും ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു.
അതുകൊണ്ട് തുടർ നടപടികളുമായി സഹകരിക്കാൻ തയാറല്ലെന്ന് സ്പോൺസർ അറിയിച്ചു. ഇന്ത്യൻ എംബസി നാടുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിച്ചു. നാസർ പൊന്നാനി മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി. വ്യാഴാഴ്ച വൈകിട്ടുള്ള എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ത്യൻ എംബസി ഡത്ത് വിഭാഗം ഉദ്യോഗസ്ഥന്മാരായ പ്രവീൺകുമാർ, ഹരീഷ്, ശ്യാമ പ്രസാദ്, റിനീഫ് എന്നിവർ മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചെലവ് ഇന്ത്യൻ എംബസി വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.