നിയോം പദ്ധതി പ്രദേശത്ത് പരീക്ഷണ പറക്കൽ പൂർത്തിയാക്കി ലാൻഡ് ചെയ്യുന്ന വോളോകോപ്റ്റർ എയർ ടാക്സി

‘നിയോമി’ൽ എയർ ടാക്സി പരീക്ഷണം വിജയകരം

റിയാദ്: നിയോം കമ്പനിയും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും (ഗാക) അർബൻ എയർ മൊബിലിറ്റിയുമായി (യു.എ.എം) സഹകരിച്ച് രൂപകൽപന ചെയ്ത 'വോളോകോപ്റ്റർ' എയർ ടാക്സിയുടെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. ഗാക അർബൻ എയർ മൊബിലിറ്റിയുമായി സഹകരിച്ച് ഒന്നര വർഷമായി നടത്തിവന്ന പരിശ്രമമാണ് നിയോം മേഖലയിൽ ഒരാഴ്ച നീണ്ടുനിന്ന പരീക്ഷണ പറക്കലിലൂടെ വിജയകരമായി പൂർത്തിയാക്കിയത്.

ഇലക്ട്രിക്കൽ വെർട്ടിക്കൽ ടേക് ഓഫ് ആന്റ് ലാൻഡിങ് (ഇവിടോൾ) സിസ്​റ്റത്തിൽ പ്രവർത്തിക്കുന്ന ആകാശനൗകക്ക് സൗദിയിൽ അംഗീകാരം ലഭിക്കുന്നതും പരീക്ഷണ പറക്കൽ നടത്തുന്നതും ഇതാദ്യമാണ്. ആധുനിക സാങ്കേതിക സംവിധാനത്തിൽ രൂപപ്പെടുത്തിയ വോളോകോപ്റ്റർ പൂർണമായും നിയന്ത്രണ വിധേയവും സുരക്ഷിതാവുമാണെന്ന് തെളിഞ്ഞതായും വ്യോമയാന മേഖലയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് പുതിയ എയർ ടാക്സിയെന്നും പരീക്ഷണ പറക്കൽ പൂർത്തിയാക്കിയ ശേഷം സംഘടിപ്പിച്ച ചടങ്ങിൽ ‘ഗാക’ പ്രസിഡൻറ്​ അബ്​ദുൽ അസീസ് അൽ ദുവൈലിജ് പറഞ്ഞു.

തിരക്കേറിയ നഗര പ്രദേശങ്ങളിലെ അത്യാവശ്യ യാത്രകൾക്ക് ഉപകരിക്കുന്ന ഈ ആകാശനൗക ജീവിതനിലവാരം ഉയർത്തുന്നതും നൂതന വ്യോമഗതാഗത മാതൃകകളുടെ സുരക്ഷിതമായ സംയോജനം സാധ്യമാക്കുന്നതുമാണ്. സാങ്കേതിക തികവിലൂടെ മികച്ച ഭാവി സൃഷ്​ടിക്കാനും വൈവിധ്യമാർന്ന ഗതാഗത സംവിധാനത്തിലൂടെ മനുഷ്യ​ന്‍റെ ചലനാത്മകതയിൽ വിപ്ലവം സൃഷ്​ടിക്കാനും ഇതിന് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയോം സി.ഇ.ഒ നദ്‌മി അൽ നാസർ വോളോകോപ്റ്ററിൽ ചീഫ് കോമേഴ്‌സ്യൽ ഓഫിസർ ക്രിസ്​റ്റ്യൻ ബോവറിനൊപ്പം

 

നൂതനവും സുസ്ഥിരവുമായ മൾട്ടി മോഡൽ ഗതാഗത സംവിധാനം സൃഷ്​ടിക്കുന്നതിനും ജീവിതത്തെ പരിവർത്തിപ്പിക്കുന്നതിനും വേണ്ടിയുള്ള തങ്ങളുടെ പരിശ്രമത്തി​ന്‍റെ സാക്ഷാത്കാരമാണ് വിജയകരമായ പരീക്ഷണ പറക്കലെന്ന് നിയോം സി.ഇ.ഒ നദ്‌മി അൽ നാസർ പറഞ്ഞു. ശുദ്ധമായ പുന:രുപയോഗ ഊർജത്തിൽ പ്രവർത്തിക്കുന്ന വോളോകോപ്റ്റർ ശുദ്ധമായ അന്തരീക്ഷത്തിന് സംഭാവന നൽകുന്ന വ്യോമ സംരഭമായിരിക്കും. 18 മാസത്തെ തങ്ങളുടെ പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലെത്തിയത് ആവേശം പകരുന്നതാണെന്ന് വോളോകോപ്റ്ററി​ന്‍റെ ചീഫ് കോമേഴ്‌സ്യൽ ഓഫിസർ ക്രിസ്​റ്റ്യൻ ബോവർ പറഞ്ഞു. നിയോമുമായുള്ള തങ്ങളുടെ ഭാവി സഹകരണത്തിന് ഇത് അടിത്തറ പാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ശുദ്ധ പുന:രുപയോഗ ഊർജം, സൗരോർജം, കാറ്റിൽ നിന്നുള്ള വൈദ്യുതി എന്നിവയിൽ പ്രവർത്തിക്കുന്ന വോളോകോപ്റ്ററുകൾ ഹെലികോപ്റ്ററുകളെക്കാൾ നിശ്ശബ്​ദവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമാണ്. ജർമനിയിലെ ബ്രൂച്ചലിലുള്ള വോളോസിറ്റി കമ്പനിയാണ് നിയോമിന് വേണ്ടി എയർ ടാക്‌സികൾ നിർമിക്കുക. പ്രതിവർഷം 50ലധികം കോപ്റ്ററുകൾ നിർമിച്ചുനൽകാനുള്ള ശേഷി നിലവിൽ വോളോസിറ്റിക്കുണ്ട്.

Tags:    
News Summary - Air taxi trial in 'Neom' successful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.