റിയാദ്: മക്കൾ ഉണ്ടാക്കിയ കടം തീർക്കാൻ അധ്വാനിക്കുന്നതിനിടെ തമിഴ്നാട്ടുകാരൻ ഒരു ദശകം നാട്ടിൽ പോകാൻ മറന്നു. രാമനാഥപുരം സ്വദേശി ജമാൽ അക്ബർ അലിയാണ് (57) നാട്ടിൽ പോകാതെ 10 വർഷമായി സൗദിയിൽ കഴിഞ്ഞത്. കടങ്ങളെല്ലാം വീട്ടി നാട്ടിലേക്ക് മടങ്ങുന്നത് എണ്ണിയാലൊടുങ്ങാത്ത രോഗങ്ങളുമായി. 28 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹത്തിന് മൂന്നു മക്കളാണ്. മകളെ വിവാഹം കഴിച്ചയച്ചു. ആൺമക്കൾക്ക് മുന്തിയ വിദ്യാഭ്യാസം നൽകി. രണ്ട് ആൺമക്കളെ പഠനശേഷം സൗദിയിലേക്ക് കൊണ്ടുവന്നു. എന്നാൽ, ഇരുവരും മൂന്നുമാസം കഴിഞ്ഞപ്പോൾ പ്രവാസത്തിനോടും പിതാവിനോടും വിടപറഞ്ഞു നാട്ടിലേക്ക് മടങ്ങി. സ്വന്തമായി നാട്ടിൽ ബിസിനസ് തുടങ്ങണമെന്ന മക്കളുടെ ആഗ്രഹത്തിന് അക്ബർ അലി തടസ്സം നിന്നില്ല. അറിയുന്നവരിൽ നിന്നൊക്കെ സംഘടിപ്പിക്കാവുന്ന തുക കടമായി വാങ്ങി മക്കൾക്ക് അയച്ചു. രാപ്പകലില്ലാതെ അധ്വാനിച്ച് ഉണ്ടാക്കിയ വീടും സ്ഥലവും പണയപ്പെടുത്തി മക്കൾ ബാങ്ക് വായ്പ എടുത്ത് ബിസിനസ് വികസിപ്പിച്ചു.
ബിസിനസ് നഷ്ടത്തിലായതോടെ വീടും സ്ഥലവും ബാങ്കുകാർ പിടിച്ചെടുക്കുന്ന അവസ്ഥയിലെത്തി. ഒടുവിൽ അക്ബർ അലി എല്ലാ കടബാധ്യതയും ഏറ്റെടുത്തു. 10 വർഷം തുടർച്ചയായി സൗദിയിൽനിന്ന് രാപ്പകലില്ലാതെ പണിയെടുത്ത് പണമുണ്ടാക്കി. ഈ പണംകൊണ്ട് ഭാരിച്ച കടം തീർത്തു. ഇതിനിടയിൽ പല രോഗങ്ങളും കീഴടക്കി. പ്രമേഹവും രക്തസമ്മർദവും കൂടി. രണ്ടു മാസത്തോളം കിടക്കയിൽ തന്നെ കഴിയേണ്ടിവന്നു. ഒടുവിൽ ഗൾഫ് മലയാളി ഫെഡറേഷൻ ഇടപെട്ട് നാട്ടിലേക്ക് കയറ്റി അയച്ചു. കഴിഞ്ഞ ദിവസം ഗൾഫ് മലയാളി ഫെഡറേഷൻ നൽകിയ വിമാന ടിക്കറ്റിൽ റിയാദിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി. ഗൾഫ് മലയാളി ഫെഡറേഷൻ ഭാരവാഹി റാഫി പാങ്ങോട് യാത്രയയപ്പ് നടപടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.