അൽഅഹ്സ: കഴിഞ്ഞ ദിവസം അൽഅഹ്സയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത് അഞ്ച് ഇന്ത്യക്കാരും മൂന്ന് ബംഗ്ലാദേശി സ്വദേശികളുമാണെന്ന് തിരിച്ചറിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട്, അഴീക്കോട് താമസിക്കുന പൂന്തുറ സ്വദേശി നിസാം എന്ന അജ്മൽ ഷാജഹാൻ ആണ് മരിച്ച മലയാളി. മരിച്ചവരുടെ വിരലടയാളം പരിശോധിച്ചതിനെ തുടർന്നാണ് വിവരങ്ങൾ ലഭ്യമായത്. മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ രണ്ട് പേരുടെ വിവരങ്ങൾ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അതിദാരുണമായ തീപിടിത്തം സംഭവിക്കുന്നത്. അൽഅഹ്‌സയിലെ ഇൻഡസ്ട്രിയൽ സിറ്റിയിൽ സ്ക്രാപ് യാർഡിന് അടുത്ത് സ്ഥിചെയ്യുന്ന സോഫകളുടെ അപ്ഹോൾസ്റ്ററി വർക്ഷോപ്പിനാണ് തീപിടിച്ചത്. ഷോർട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക വിവരം. വർക്ഷോപ്പിന്റെ മുകളിലുള്ള താമസ സ്ഥലത്ത് ഉറങ്ങിക്കിടന്നവരാണ് മരിച്ചത്.
മലയാളിയായ സ്ഥാപന ഉടമ ഉൾപ്പെടെ 14 പേരാണ് സ്ഥാപനത്തിൽ ജോലിചെയ്തിരുന്നത്. അതിൽ മൂന്നുപേർ സുഹൃദ് സന്ദർശനങ്ങൾക്കായി നേരത്തെ തന്നെ പുറത്തുപോയിരുന്നു. ഒരാൾ ‘അസർ’ നമസ്കാരത്തിനായി മൂന്നരയോട് കൂടി പുറത്തേക്ക് പോവുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കൻ പ്രവിശ്യയിൽ കടുത്ത അന്തരീക്ഷ താപമാണ് അനുഭവപ്പെട്ടിരുന്നത്. അന്തരീക്ഷത്തിലെ കടുത്ത ചൂടും, കാറ്റും, പെട്ടന്ന് തീപടരാൻ സഹായിക്കുന്ന സ്പോഞ്ചുകളുടേയും, പശ ഉൾപ്പെടെയുള്ള ദ്രാവക സാന്നിധ്യവും അപകടത്തെ കൂടുതൽ തീവ്രമാക്കി.
തീപടർന്ന് അൽപ നിമിഷങ്ങൾക്കകം ഇത് കെട്ടിടം മുഴുവൻ വിഴുങ്ങി. കടുത്ത പുക നിറഞ്ഞതോടെ മുകളിലെ മുറിയിലുള്ളവർക്ക് രക്ഷപെടാൻ സാധിക്കാതെ വരികയായിരുന്നു. പുകയും, ചൂടും തിരിച്ചറിഞ്ഞ് രണ്ട് പേർ വാതിൽ തുറന്ന് രക്ഷപെടാൻ ശ്രമിച്ചെങ്കിലും തീയിൽ അകപ്പെട്ട് പൂർണ്ണമായും കത്തിക്കരിയുകയായിരുന്നു. വിജനമയ സ്ഥലവും, ജോലി ആരംഭിക്കുന്നതിന് മുമ്പുള്ള സമയവുമായതിനാൽ അധികം പേരും ഉച്ചയുറക്കത്തിലായിരുന്നു. പത്തിലധികം അഗ്നി ശമന യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇപ്പോഴും പൂർണ്ണമായും ഈ സ്ഥലം സുരക്ഷാ സേനയുടെ വലയത്തിലാണ്.
വിവിധ സ്പോൺസർമാരുടെ കീഴിലുള്ളവരാണ് ഇവിടെ ജോലിചെയ്തിരുന്നത് എന്നാണ് കരുതുന്നത്. വിരലടയാളം പതിച്ചപ്പോൾ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചവർ ബംഗാളികളാണെന്നാണ് സമീപ കടകളിലുള്ളവരുടെ വിശദീകരണം. വെസ്റ്റ് ബംഗാൾ സ്വദേശികളെ ബംഗ്ലാദേശികളായി തെറ്റിദ്ധരിച്ചതാണോ, ഇവർ വ്യാജ ഇന്ത്യൻ പാസ്പോർട്ടിൽ എത്തിയതാണോ എന്ന് വ്യക്തമല്ല. മൃതദേഹങ്ങൾ അൽഹസ സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നവോദയ പ്രസിഡന്‍റ് ഹനീഫ മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ സാമൂഹ്യ പ്രവർത്തകർ നിയമ നടപടികൾ പൂർത്തിയാക്കാാൻ രംഗത്തുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമേ ഇതിനെക്കുറിച്ച് വ്യക്തമായവിവരങ്ങൾ ലഭ്യമാവുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.