അൽ അഹ്സ: നാട്ടിൽ നിന്നും പുതിയ തൊഴിൽ വിസയിൽ വന്ന് കരാറിൽ പറഞ്ഞ ജോലിയോ ശരിയായ ശമ്പളമോ ഇല്ലാതെ ദുരിതത്തിലായിരുന്ന തിരുവനന്തപുരം ആര്യനാട് സ്വദേശി പ്രശാന്ത് കുമാർ അൽ അഹ്സയിലെ സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ നാടണഞ്ഞു. 2010-2015 വർഷം ആര്യനാട് പഞ്ചായത്ത് കൊക്കോതല വാർഡ് മെംബർ കൂടിയായിരുന്നു പ്രശാന്ത് കുമാർ.
കഴിഞ്ഞവർഷം ജൂലൈ അവസാനം അൽ അഹ്സയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഇലക്ട്രീഷ്യൻ വിസയിലെത്തിയ പ്രശാന്തിന് പക്ഷെ അഞ്ച് മാസത്തോളം ശരിയായ ശമ്പളം ലഭിക്കാതെ ദുരിതത്തിലും കടുത്ത മാനസിക പിരിമുറുക്കത്തിലുമായിരുന്നു. അങ്ങനെയാണ് അൽ അഹ്സ ഒ.ഐ.സി.സി സെക്രട്ടറി അഫ്സൽ തിരൂർകാടിനെ പ്രശാന്ത് ബന്ധപ്പെടുന്നത്. ജീവകാരുണ്യ വിഭാഗം കൺവീനറും സൗദി നാഷനൽ കമ്മിറ്റി അംഗവുമായ പ്രസാദ് കരുനാഗപ്പള്ളിയുടെയും സഹപ്രവർത്തകരായ നവാസ് കൊല്ലം, അഫ്സൽ എന്നിവരുടെയും സഹായത്താൽ നടത്തിയ നിയമ പോരാട്ടങ്ങൾക്കൊടുവിൽ പ്രശാന്തിന് ലഭിക്കാനുള്ള അഞ്ച് മാസത്തെ ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭ്യമാക്കുകയും ചെയ്തു.
പ്രായമായ അമ്മയും ഭാര്യയും രണ്ട് പെൺമക്കളുമടങ്ങുന്ന നിർധന കുടുംബത്തിന്റെയും ജ്യേഷ്ട സഹോദരന്റെ കുടുംബത്തിന്റെയും ഏക ആശ്രയമായ പ്രശാന്തിന് ഒടുവിൽ അൽ അഹ്സ ഒ.ഐ.സി.സി വഴി ഇന്ത്യൻ എംബസിയുടെയും തൊഴിൽ ഡിപ്പാർട്ട്മെൻറിന്റെയും സഹായത്താൽ ലഭ്യമായ കാരുണ്യ സ്പർശത്താലാണ് നാടണയാനായത്. പ്രശാന്ത് കുമാറിന് ടിക്കറ്റടക്കമുള്ള യാത്രാരേഖകൾ പ്രസാദ് കരുനാഗപ്പള്ളി കൈമാറി.
ചടങ്ങിൽ ഒ.ഐ.സി.സി ദമ്മാം റീജനൽ പ്രസിഡൻറ് ഇ.കെ. സലീം റീജനൽ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, വൈസ് പ്രസിഡൻറ് ശാഫി കുദിർ, ട്രഷറർ പ്രമോദ് പൂപ്പാല, അൽ അഹ്സ ഒ.ഐ.സി.സി പ്രസിഡൻറ് ഫൈസൽ വാച്ചാക്കൽ, ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ, ഷിജോമോൻ വർഗീസ്, നവാസ് കൊല്ലം, അർശദ് ദേശമംഗലം, അഫ്സൽ തിരൂർകാട് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.