അൽഅഹ്സ: പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് സാന്ത്വനമേകാൻ അൽഅഹ്സ ഒ.ഐ.സി.സിയുടെ ജീവകാരുണ്യ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമാക്കുമെന്ന് പ്രസിഡൻറ് ഫൈസൽ വാച്ചാക്കൽ, ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ, ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുനാഗപ്പള്ളി എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഓരോ ദിവസവും സഹായം തേടി നിരവധിയാളുകളാണ് സമീപിക്കുന്നത്. പരമാവധി വേഗത്തിൽ സഹായങ്ങൾ ചെയ്ത് കൊടുക്കാൻ ഇന്ത്യൻ എംബസിയിലെയും സൗദി കാര്യാലയങ്ങളിലെയും ഉദ്യോഗസ്ഥരുടെ സഹകരണം നിർലോഭം ലഭിക്കുന്നുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ 12 വർഷത്തോളമായി കെട്ടിട നിർമാണമേഖലയിൽ ജിപ്സം വർക്ക് ചെയ്തുകൊണ്ടിരുന്ന കണ്ണൂർ പിണറായി സ്വദേശി അജിലേഷ് മണിയത്തിന്റെ താമസരേഖ അഞ്ച് വർഷമായി പുതുക്കാനാവാതെ പലവിധ രോഗങ്ങളാൽ അവശനായി വിഷമിച്ചു ദിനരാത്രങ്ങൾ തള്ളി നീക്കുന്നതിനിടയിലാണ് വിഷയം ഒ.ഐ.സി.സിയുടെ ശ്രദ്ധയിലെത്തുന്നത്. തുടർന്ന് പ്രസാദ് കരുനാഗപ്പള്ളി ഇടപെട്ട് ഇന്ത്യൻ എംബസിയും അൽഅഹ്സ തൊഴിൽ കാര്യാലയവും തർഹീലുമായി നിരന്തരം ബന്ധപ്പെട്ട് അജിലേഷിന് നാടണയാനുള്ള വഴിയൊരുക്കുകയായിരുന്നു.
കാസർകോട് മഞ്ചേശ്വരം സ്വദേശി ശാഹുൽ ഹമീദ് ഒന്നര വർഷമായി സൗദിയിലെത്തിയിട്ട്. താമസ രേഖപോലുമില്ലാതെ ഹുഫൂഫിലെ ഒരു റെസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടയിൽ സ്ഥാപനം അടച്ചുപൂട്ടിയതിനാൽ ജോലി നഷ്ടപ്പെട്ട് നാല് മാസത്തോളമായി വളരെ കഷ്ടപ്പെട്ട് ജീവിതം തള്ളിനീക്കുന്നതിനിടയിലാണ് ഒ.ഐ.സി.സിയുടെ ഇടപെടലുണ്ടാവുന്നത്. പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ ശാഹുൽ ഹമീദിന് നടണയാനുള്ള വഴിയൊരുക്കി.
അജിലേഷിനും ശാഹുൽ ഹമീദിനും യാത്രാരേഖകൾ പ്രസിഡൻറ് ഫൈസൽ വാച്ചാക്കലിെൻറയും മറ്റു ഭാരവാഹികളുടെയും സാന്നിധ്യത്തിൽ പ്രസാദ് കരുനാഗപ്പള്ളി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.