അൽഅഹ്സ: 23 വർഷമായി അൽഅഹ്സയിലെ ഒരു അറബിക് റസ്റ്റാറൻറിൽ ജോലി ചെയ്ത തിരുവനന്തപുരം കള്ളിയോട് സ്വദേശി അലിയാർ കുഞ്ഞ് ബഷീറിന് അൽഅഹ്സ ഒ.ഐ.സി.സിയുടെ കൈത്താങ്ങ്.
രണ്ട് പതിറ്റാണ്ടോളം സ്പോൺസറുടെ കീഴിൽ ഹോട്ടൽ ജോലി ചെയ്ത ബഷീറിന്, സ്ഥാപനം മറ്റൊരാൾക്ക് വിറ്റത് കാരണം ജോലി നഷ്ടപ്പെടുകയായിരുന്നു.
മൂന്ന് വർഷം ഒളിച്ച് വിവിധ സ്ഥാപനങ്ങളിൽ താൽക്കാലിക ജോലി ചെയ്തുവരുന്നതിനിടെ താമസരേഖ സ്പോൺസർ പുതുക്കാതെയും സ്ഥിരജോലിയും കൂലിയുമില്ലാതെ വിവിധ രോഗങ്ങൾ ബാധിച്ചും ദുരിതത്തിലായത്. പ്രവാസി സുഹൃത്തുക്കളുടെ സഹായത്താൽ രണ്ടു വർഷം തള്ളിനീക്കി പ്രായാധിക്യത്താൽ അവശനും, ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായ ബഷീർ നാട്ടിലെത്താനായി സുഹൃത്ത് അജീബ് മുഖാന്തിരം ഒ.ഐ.സി.സിയുടെ സഹായം തേടുകയായിരുന്നു.
ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുനാഗപ്പള്ളി വിഷയത്തിലിടപെടുകയും ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ട് ബഷീറിന്റെ പേര് എംബസിയുടെ സൈറ്റിൽ രജിസ്റ്റർ ചെയ്ത് സൗദി തൊഴിൽ വകുപ്പിന്റെ അൽഅഹ്സ ഓഫിസിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഡിപോർട്ടേഷൻ സെൻററിൽനിന്ന് ഫൈനൽ എക്സിറ്റ് തരപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
നേതാക്കളായ പ്രസാദ് കരുനാഗപ്പള്ളി, കെ.പി. നൗഷാദ് എന്നിവരുടെ സാന്നിധ്യത്തിൽ വൈസ് പ്രസിഡൻറ് നവാസ് കൊല്ലം അലിയാർ കുഞ്ഞ് ബഷീറിന് യാത്രാരേഖകൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.