സുലൈമാൻ വിഴിഞ്ഞം
റിയാദ്: നഗര നവീകരണ ഭാഗമായി റിയാദിലെ ആദ്യകാല വാണിജ്യകേന്ദ്രമായ ബത്ഹ തച്ചുടച്ചുവാർക്കുമ്പോൾ മലയാളിക്ക് നഷ്ടമാവുക ഗൾഫുകാല ഓർമകൾ പങ്കുവെച്ച പലയിടങ്ങളുമാണ്. സുരക്ഷയുടെയും നഗരനവീകരണത്തിെൻറയും ഭാഗമായാണ് ബത്ഹയിലെ കെട്ടിടങ്ങൾ പൊളിക്കാൻ നഗരസഭ തീരുമാനിച്ചത്. പഴക്കം ചെന്നതും സുരക്ഷ മാനദണ്ഡം പാലിക്കാത്തതുമായ കെട്ടിടങ്ങൾക്ക് പൊളിച്ചുമാറ്റൽ മുന്നറിയിപ്പ് നൽകി. കൂടാതെ ഇത്തരത്തിലുള്ള കെട്ടിടങ്ങളുടെ ജലവൈദ്യുതി സംവിധാനങ്ങൾ വിച്ഛേദിച്ചു. പൊളിക്കുന്നവയിൽ നിരവധി കെട്ടിടം മലയാളികളുടെ ഗൾഫ് ജീവിതത്തിെൻറ ചിതലരിക്കാത്ത ഓർമകൾ നൽകുന്നവയാണ്. വർഷങ്ങൾക്ക് മുമ്പ് റിയാദിൽ വിമാനമിറങ്ങിയ പലരും മലയാളികളെ തിരഞ്ഞത് ബത്ഹയിലാണ്. പതിനായിരക്കണക്കിന് മലയാളികൾ ഒത്തുകൂടുന്ന ബത്ഹ പ്രവാസികളുടെ ആശ്വാസകേന്ദ്രം കൂടിയാണ്.
വാരാദ്യങ്ങളിൽ കിലോമീറ്ററുകൾക്കപ്പുറത്തു നിന്നും ബത്ഹയെ ലക്ഷ്യമാക്കി വരുന്ന മലയാളികൾ നിരവധിയാണ്. ആധുനിക സംവിധാനങ്ങൾ പ്രചാരത്തിൽ വരുന്നതിന് വർഷങ്ങൾക്ക് മുമ്പ് നാട്ടിൽനിന്നും വരുന്നവരുടെ പക്കൽ വീട്ടുകാർ കൊടുത്തയക്കുന്ന ജീവനുള്ള കത്തുകൾ കൈമാറിയിരുന്നതും നാട്ടിലെ വിശേഷങ്ങൾ പങ്കുവെച്ചതും ബത്ഹയിലെ ഈ കെട്ടിടങ്ങൾക്ക് മുന്നിലായിരുന്നു. വർഷങ്ങൾക്കു ശേഷം സുഹൃത്തുക്കൾ കണ്ടുമുട്ടാൻ വേദിയായി തിരഞ്ഞെടുത്തിരുന്നതും ഈ അമ്പര ചുംബികൾക്ക് താഴെയായിരുന്നു. മൊബൈൽ ഫോണുകൾക്ക് പ്രചാരം ഇല്ലാതിരുന്ന അക്കാലത്ത് നാട്ടിലേക്ക് വിളിക്കാനുള്ള കോയിൻ ബൂത്തുകൾ നിരവധി സ്ഥാപിച്ചിരുന്നത് ഇവിടെയായിരുന്നതും നിരവധിപേരെ ഇങ്ങോട്ട് എത്താൻ പ്രേരിപ്പിച്ചു. ലക്കി, മുംതാസ്, മലബാർ തുടങ്ങിയ പേരുകളിൽ ബത്ഹയിൽ നിരവധി വിഡിയോ ഷോപ്പുകൾ ഉണ്ടായിരുന്നു. ആഴ്ചയിലൊരിക്കൽ ഇവിടെ എത്തി കാസറ്റുകൾ അഞ്ച് റിയാലിന് വാടകക്ക് എടുത്തിരുന്നെന്നും സംസം, പാരഡൈസ് ഹോട്ടലുകൾക്ക് മുന്നിൽ കൂടുകയും ചെയ്യുക പതിവായിരുന്നെന്ന് മലപ്പുറം പുളിക്കൽ സ്വദേശി മുഹമ്മദ് സലീം 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
ഹുണ്ടിഫോൺ എന്നപേരിൽ പ്രചാരത്തിലുണ്ടായിരുന്ന അനധികൃത ഫോൺ സംവിധാനം ഇവിടുത്തെ ഗല്ലികളിൽ പ്രവർത്തിച്ചിരുന്നെന്നും മലയാളി ഏജൻറുമാരുടെ കൂട്ടം തന്നെ ഉണ്ടായിരുന്നെന്നും ലാഭത്തിന് വിളിക്കാൻ ആളുകൾ തിരക്ക് കൂട്ടി എത്താറുണ്ടായിരുന്നെന്നും ആളുകൾ ഓർക്കുന്നു. കുടുംബത്തിലെയും നാട്ടിലെയും പല മരണങ്ങളും എന്തിന് മാതാപിതാക്കളുടെ മരണ വാർത്തപോലും ആഴ്ചകൾക്കു ശേഷം ബത്ഹയിലെ ഗല്ലികളിൽനിന്ന് കേട്ടു മരവിച്ചു നിലത്തുവീണുപോയവർ നിരവധിയുണ്ട്. ആ വാർത്തകൾക്ക് സാക്ഷിയായ കെട്ടിടങ്ങൾ ഇന്നും ചൂണ്ടിക്കാട്ടി ഓർമകൾ പങ്കുവെക്കുന്നവരുണ്ട്. സങ്കടങ്ങൾ പങ്കുവെക്കപ്പെട്ടിരുന്ന ഇടമായതിനാൽ ബത്ഹയിലെ നാലും കൂടുന്ന മുക്കിെന 'സങ്കട മുക്കെ'ന്ന് മലയാളികൾ വിളിക്കുകയും അത് ഈ സ്ഥലത്തിെൻറ പേരായി പതിയുകയും ചെയ്തിരുന്നു. നാട്ടിൽ മരിച്ച ഉറ്റവർക്കായി മയ്യിത്ത് നമസ്കാരങ്ങളും പ്രാർഥനകളും നടന്നിരുന്ന അനേകം കെട്ടിടങ്ങൾ ഇന്ന് പൊളിക്കൽ ഭീഷണിയിലാണ്. കേരളത്തിെൻറ അങ്ങേയറ്റത്തെ തലപ്പാടി മുതൽ പാറശാലവരെയുള്ള ലക്ഷക്കണക്കിന് മലയാളികളെ ഇരുൈകയും നീട്ടി സ്വീകരിച്ചിരുന്നു ഈ അങ്ങാടി. ഒാരോ ജില്ലകാർക്കും അവരവരുടേതായ ഒത്തുകൂടുന്നയിടങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. വിസ നൽകി കബളിപ്പിച്ച മലയാളി ഏജൻറുമാരെ അന്വേഷിച്ചു നട്ടംതിരിഞ്ഞ് ബത്ഹയിൽ അലഞ്ഞവർ നിരവധിയാണ്. ഇങ്ങനെ പ്രവാസി മലയാളികൾക്ക് ഓർമകളുടെ കൊടുമുടികൾ ഏറെ പറയാനുണ്ട് ബത്ഹയെന്ന ഈ വാണിജ്യ നഗരത്തെയും തകർന്നുവീഴാൻ കാത്തുനിൽക്കുന്ന കെട്ടിടങ്ങളെയും കുറിച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.