ജുബൈൽ: ഇന്ത്യയും സൗദിയും സംയുക്തമായി നടത്തുന്ന നാവിക സേനാഭ്യാസ പ്രകടനങ്ങൾ ജുബൈലിൽ തുടങ്ങി.ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ വ്യാപാരം, അടിസ്ഥാന സൗകര്യവികസനം, വാണിജ്യം, വൈദ്യശാസ്ത്ര ഗവേഷണം, ജനങ്ങൾ തമ്മിലുള്ള കൈമാറ്റങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തമാക്കാനുള്ള തുടക്കമായാണ് ജുബൈലിൽ നടക്കുന്ന നാവിക അഭ്യാസത്തെ കണക്കാക്കുന്നത്. ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രതിരോധ സഹകരണവും സൈനിക പരിശീലനവും കൂടി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ-സൗദി നാവിക അഭ്യാസത്തിെൻറ ഭാഗമായി ഇന്ത്യൻ നാവിക സേനയുടെ കപ്പൽ ഐ.എൻ.എസ് കൊച്ചി കഴിഞ്ഞയാഴ്ച ജുബൈലിൽ നങ്കൂരമിട്ടിട്ടുണ്ട്. 'അൽ മൊഹെദ് അൽ ഹിന്ദി 2021' എന്ന് ശീർഷകത്തിലുള്ള അഭ്യാസ പ്രകടനത്തിെൻറ ഭാഗമായുള്ള തുറമുഖഘട്ടം തിങ്കളാഴ്ചയും കടൽ അടിസ്ഥാനമാക്കിയുള്ള അഭ്യാസ പ്രകടനങ്ങൾ ബുധനാഴ്ചയും നടന്നു.
പ്രതിരോധ പ്രവർത്തനങ്ങൾ ഈ മേഖലയെക്കുറിച്ചുള്ള ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ കാഴ്ചപ്പാടിെൻറ ഭാഗമാണ്. നാവിക പരിശീലനം രണ്ട് നാവികസേനകൾ തമ്മിലുള്ള പരസ്പര പ്രവർത്തനത്തെ മനസ്സിലാക്കാനും കൂടുതൽ മെച്ചപ്പെടുത്താനും വളരെ സഹായിക്കും.
ഇന്ത്യ-സൗദി ഉഭയകക്ഷി പ്രതിരോധ ഇടപെടലുകളെ തുടർന്ന് സൗദി അറേബ്യ സന്ദർശിക്കുന്ന ഇന്ത്യൻ നാവിക സേനയുടെ കപ്പലുകളുടെ എണ്ണം കഴിഞ്ഞ വർഷങ്ങളിൽ വർധിച്ചിട്ടുണ്ട്. ഇന്ത്യൻ നാവികസേനയെ മേഖലയിലെ സമുദ്രപ്രശ്നങ്ങൾ പരിഹരിക്കാനായി കൂടുതലായി വിന്യസിക്കുകയാണ്.
ഹൈഡോഗ്രാഫിക് സർവേകൾ, കടലിലെ തിരച്ചിൽ, രക്ഷാപ്രവർത്തനം, ശേഷി വർധിപ്പിക്കൽ എന്നിവക്ക് ഇന്ത്യൻ നാവികസേനയാണ് മുന്നിൽനിന്ന് സൗദിയെ സഹായിക്കുന്നത്. ശനിയാഴ്ച അബൂദബി തീരത്ത് യു.എ.ഇ നാവികസേനയുമായി സമാനമായ നാവികഅഭ്യാസം നടത്തിയശേഷമാണ് യുദ്ധക്കപ്പൽ സൗദിയിലെത്തിയത്.
ഇന്ത്യൻ നാവികസേനക്കായി നിർമിച്ച മൂന്ന് ക്ലാസ് സ്റ്റെൽത്ത് ഗൈഡഡ് - മിസൈൽ ഡിസ്ട്രോയറുകളിൽ ഒന്നാണ് ഐ.എൻ.എസ് കൊച്ചി. 2015ൽ കമീഷൻ ചെയ്ത കപ്പലിന് വായുവിൽനിന്നോ കടലിൽനിന്നോ ഉള്ള ഏതു ഭീഷണിയെയും നിർവീര്യമാക്കാൻ ശേഷിയുണ്ട്.
അത്യാധുനിക ആയുധങ്ങളും സെൻസറുകളും ഡിജിറ്റൽ നെറ്റ്വർക്കുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഇന്ത്യ-സൗദി നാവിക പരിശീലനത്തിൽ നിരവധി കടൽ അഭ്യാസങ്ങൾ ഉൾപ്പെടുന്നതിനാൽ ആദ്യ പരിശീലനത്തിന് മേൽനോട്ടം വഹിക്കാൻ ഇന്ത്യൻ വെസ്റ്റേൺ ഫ്ലീറ്റ് കമാൻഡർ കപ്പലിൽ സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.