മദീന: മദീന നോളജ് ഇക്കണോമിക് സിറ്റിയിലെ ‘അൽ ഉലയ’ റെസിഡൻഷ്യൽ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ നിർവഹിച്ചു. 206 കോടി റിയാലാണ് നിക്ഷേപ മൂല്യം. ഉദ്ഘാടനശേഷം ഗവർണർ അൽ ഉലയ റെസിഡൻഷ്യൽ പദ്ധതിയുടെ മാതൃക വീക്ഷിച്ചു.
ഭവനം, സേവനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, ആതിഥ്യം എന്നിവ സമന്വയിപ്പിക്കുന്ന ഒരു സംയോജിത, ബഹുമുഖ ഉപയോഗ സമുച്ചയമാണ് അൽ ഉലയ റെഡിഡൻഷ്യൽ പദ്ധതി.
പദ്ധതിയുടെ പ്രാധാന്യം, മദീനയിലെ അതിന്റെ തന്ത്രപ്രധാനമായ സ്ഥാനം, നഗരവാസികളുടെയും സന്ദർശകരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിൽ അതിന്റെ പങ്ക് എന്നിവ നോളജ് ഇക്കണോമിക് സിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ അമീൻ മുഹമ്മദ് ശാക്കിർ വിശദീകരിച്ചു.
സാമ്പത്തിക വിജ്ഞാന നഗരത്തിന്റെ കാഴ്ചപ്പാടും നഗര ജീവിതത്തിന്റെ ഭാവിയും കൈവരിക്കുന്നതിന് മദീന ഇക്കണോമിക് സിറ്റി പദ്ധതി സുപ്രധാന ചുവടുവെപ്പാണ്.
ഉയർന്ന ഗുണമേന്മയുള്ള ‘മിക്സഡ് യൂസ് പ്രോജക്ടു’കളുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മദീന സാക്ഷ്യംവഹിച്ച നഗരവിപുലീകരണത്തിനും സാമ്പത്തിക പരിവർത്തനത്തിനും അനുസൃതമായി, സംയോജിതവും സുസ്ഥിരവുമായ ജീവിതശൈലി കൈവരിക്കുന്നതിന് ആധുനിക രൂപകൽപനയും ആഡംബരവും സമന്വയിപ്പിക്കുന്നതാണ് അൽ ഉലയ റെസിഡൻഷ്യൽ പദ്ധതിയെന്നും നോളജ് ഇക്കണോമിക് സിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ പറഞ്ഞു.
അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും ഹറമൈൻ എക്സ്പ്രസ് ട്രെയിനിെൻറയും സാമീപ്യത്താൽ വ്യത്യസ്തമാണ് ഇൗ പദ്ധതി.
ഹയാത്ത് സെൻട്രിക് ഹോട്ടലിനുള്ളിലെ 148 ഹോട്ടൽ മുറികൾക്ക് പുറമെ 1082 റെസിഡൻഷ്യൽ യൂനിറ്റുകൾ ഇതിലുൾപ്പെടുന്നു. ഹയാത്ത് ഹൗസിലെ 432 മുറികൾ കൂടാതെ ഹോട്ടൽ അപ്പാർട്മെൻറുകളും നോളജ് ഇക്കണോമിക് സിറ്റിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ അപ്പാർട്ട്മെന്റുകളിൽ 432 മുറികളും വാണിജ്യകേന്ദ്രങ്ങളും നഴ്സറിയും അന്താരാഷ്ട്ര സ്കൂളും പദ്ധതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.