ദമ്മാം: അൽഅഹ്സ മാനസികാരോഗ്യകേന്ദ്രത്തിൽ ദുരിതത്തിൽ കഴിഞ്ഞിരുന്ന മലപ്പുറം കോട്ടക്കൽ സ്വദേശി വിജീഷ് ചെമ്മലയെ ഉടനടി നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ഒ.ഐ.സി.സി അൽഅഹ്സ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. അൽഅഹ്സ മോട്ടോർ വെഹിക്കിൾ പീരിയോഡിക്കൽ ഇൻസ്പെക്ഷൻ സെൻററിൽ (ഫഹസുദ്ദൗരി) ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്ന വിജീഷിനെ ദിവസങ്ങൾക്കു മുമ്പാണ് താമസസ്ഥലത്തുനിന്ന് കാണാതായത്.
ബന്ധുക്കൾ മലപ്പുറം ജില്ല ഒ.ഐ.സി.സി ദമ്മാം കമ്മിറ്റി പ്രസിഡൻറ് ശ്യാം പ്രകാശിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് അൽഅഹ്സ ഒ.ഐ.സി.സി കമ്മിറ്റി പ്രവർത്തകരായ ഷമീർ പനങ്ങാടൻ, ഉമർ കോട്ടയിൽ, ശാഫി കുദിർ അൽഅഹ്സ ഇസ്ലാമിക് സെൻറർ മലയാള വിഭാഗം മേധാവി നാസർ മദനി, അമീർ സുൽത്താൻ ആശുപത്രിയിലെ ജീവനക്കാരൻ ഷിജോമോൻ വർഗീസ് എന്നിവരുടെയും സഹായത്താൽ നടത്തിയ അന്വേഷണത്തിലാണ് വിജീഷിനെ കണ്ടെത്തിയത്. ജോലിക്കിടയിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച വിജീഷിനെ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇദ്ദേഹത്തെ കണ്ടെത്തിയതിനെത്തുടർന്ന് ഒ.ഐ.സി.സി ജീവകാരുണ്യ വിഭാഗം കൺവീനറും അൽഅഹ്സ യു.ഡി.എഫ് ചെയർമാനുമായ പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ ഉമർ കോട്ടയിൽ, ഷാഫി കുദിർ, അഷ്റഫ് സിൽക്ക്സിറ്റി തുടങ്ങിയ ഭാരവാഹികൾ ആശുപത്രിയിൽ വിജീഷ് ചെമ്മലയെ സന്ദർശിക്കുകയും മെഡിക്കൽ ടീമിനെ കണ്ട് നിലവിലെ അവസ്ഥകളെക്കുറിച്ച് ചർച്ചചെയ്യുകയും ചെയ്തു. ബന്ധുക്കളുമായി ലൈവ് വിഡിയോവിലൂടെ വിജീഷുമായി സംസാരിക്കാനും അവസരമൊരുക്കി.
വിജീഷിനെ എത്രയും പെട്ടെന്ന് നാട്ടിലേക്കെത്തിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും അദ്ദേഹം ജോലി ചെയ്യുന്ന കമ്പനിയുടെ മാനേജ്മെൻറുമായി സംസാരിച്ച് കമ്പനി നടപടികൾ പൂർത്തീകരിക്കാനും തങ്ങൾ കൂടെ ഉണ്ടാവുമെന്ന് ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുനാഗപ്പള്ളി കുടുംബാംഗങ്ങളെ അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.