റിയാദ്: കിഴക്കൻ മേഖലയിൽ അറേബ്യൻ ഗൾഫ് തീരത്ത് ‘അൽദാന’എന്ന പേരിൽ ഭവനപദ്ധതിക്ക് തുടക്കമിട്ടതായി പൊതു നിക്ഷേപഫണ്ടിന് കീഴിലെ റോഷൻ ഗ്രൂപ് വ്യക്തമാക്കി. രാജ്യത്തെ ആറാമത്തെയും കിഴക്കൻ പ്രവിശ്യയിലെ രണ്ടാമത്തെയും ദഹ്റാനിലെ ആദ്യത്തെയും ആധുനിക കമ്യൂണിറ്റി ഭവനപദ്ധതിയാണിത്. 17ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടെ കിഴക്കൻ പ്രവിശ്യയിലെ പാർപ്പിട സമുച്ചയത്തിലേക്ക് 2,500ലധികം ആധുനിക വീടുകൾ കൂട്ടിച്ചേർക്കും. ദഹ്റാനിലെ ഈ ലോകോത്തര ആധുനിക വീടുകളുടെ നിർമാണം പ്രദേശത്തെ താമസ സൗകര്യം വർധിപ്പിക്കും. പൂർത്തിയാകുമ്പോൾ ഏകദേശം 10,000 താമസക്കാരെ ഉൾക്കൊള്ളാൻ കഴിയും.
ദമ്മാം, ദഹ്റാൻ, അൽഖോബാർ ജങ്ഷനിൽ കിങ് അബ്ദുൽ അസീസ് റോഡിനോട് ചേർന്ന് കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 20 മിനിറ്റ് മാത്രം അകലെയുള്ള തന്ത്രപ്രധാനമായ സ്ഥലത്താണ് ‘ദാന’പദ്ധതി സ്ഥിതി ചെയ്യുന്നത്. എല്ലാ താമസക്കാരുടെ ആവശ്യങ്ങളും നിറവേറ്റുന്നതിനായി ശ്രദ്ധാപൂർവം പഠിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. താമസക്കാർക്ക് ആവശ്യമായ വിവിധ സൗകര്യങ്ങൾ, ഷോപ്പിങ് കോംപ്ലക്സ്, മൂന്ന് വാണിജ്യ കേന്ദ്രങ്ങൾ, ഒരു പ്രാഥമിക ആരോഗ്യകേന്ദ്രം, പള്ളികൾ, ആറ് സ്കൂളുകൾ എന്നിവ പദ്ധതിയിലുൾപ്പെടുന്നു. റോഷൻ ഗ്രൂപ് സ്വീകരിച്ച സംയോജിതവും മാനുഷികവുമായ ആധുനിക ജീവിതം എന്ന ആശയം ആദ്യമായി രാജ്യത്തിന്റെ കിഴക്കൻ തീരത്തേക്ക് മാറ്റുന്നതാണ് ‘ദാന’പദ്ധതി. നിർമാണ സാമഗ്രികളും ആധുനിക സാങ്കേതിക വിദ്യകളും ഈ പ്രദേശത്തിന്റെ സമ്പന്നമായ പൈതൃകത്തെ സമന്വയിപ്പിച്ചുള്ളതാണ് ‘അൽദാന’ യുടെ രൂപകൽപന. ഭൂതവും വർത്തമാനവും ഭാവിയും തമ്മിലുള്ള യോജിപ്പിനെ ഇത് പ്രതിഫലിപ്പിക്കുന്നു. സവിശേഷമായ ഈ സംയോജനം പ്രാദേശിക സംസ്കാരവുമായി യോജിച്ച് ഒരു ആധുനിക ജീവിതശൈലി പ്രദാനം ചെയ്യുന്നു. വീടുകൾ ഓരോ കുടുംബത്തിനും വൈവിധ്യമാർന്ന ഓപ്ഷനുകളും നൽകുന്നതായിരിക്കും. വ്യത്യസ്ത ക്ലയൻറുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്തിരിക്കുന്ന ഡ്യുപ്ലെക്സുകളും വില്ലകളും പദ്ധതിയിൽ ഉൾപ്പെടും.
ആധുനിക ഇൻസുലേഷൻ രീതികൾ, 250 ലിറ്റർ സോളാർ വാട്ടർ ഹീറ്ററുകൾ, ഉയർന്ന പ്രവർത്തനക്ഷമതയുള്ള എയർ കണ്ടീഷനിങ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ ഊർജ സംരക്ഷണ ഫീച്ചറുകൾ അൽദാന ഹോമുകളിൽ ഉണ്ടാകും. സൗദി ബിൽഡിങ് കോഡിന്റെ നിബന്ധനകൾ പൂർത്തിയാക്കി കാര്യക്ഷമമായ രീതിയിൽ ഊർജ സംരക്ഷണത്തിലേക്ക് നയിക്കുന്നതാണ്. മൊത്തം പദ്ധതി ഏരിയയുടെ ഏകദേശം 10 ശതമാനം ഹരിത സസ്യങ്ങൾക്കായി നീക്കിവെക്കും. ഇവിടങ്ങളിൽ മരങ്ങളും കുറ്റിച്ചെടികളും തണലുമുള്ള ഹരിത ഇടങ്ങളൊരുക്കും. താമസക്കാർക്ക് ആരോഗ്യകരമായ അന്തരീക്ഷവും പ്രകൃതിയുമായുള്ള ബന്ധവും അവർക്കുണ്ടാവുകയും ചെയ്യും. കൂടാതെ സൈക്കിൾ പാതകൾ, ആന്തരിക ഗതാഗത കേന്ദ്രങ്ങൾ, സ്കൂട്ടറുകൾ, ഇലക്ട്രിക് സൈക്കിളുകൾ പോലുള്ള ലൈറ്റ് മൊബിലിറ്റി ഓപ്ഷനുകളും ഉണ്ടാകും. ഇത് പരമ്പരാഗത വാഹനങ്ങളുടെ ആവശ്യകത കുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.