ദമ്മാം: രണ്ട് രാജ്യങ്ങൾക്കിടയിലെ കടൽ ദൂരം മറികടക്കാൻ നിർമിക്കപ്പെട്ട കിങ് ഫഹദ് കോസ്വേയിലൂടെ ജനജീവിതം ഒഴുകിത്തുടങ്ങിയിട്ട് മൂന്നരപ്പതിറ്റാണ്ട് പിന്നിടുന്നു. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ-ഖോബാറിനും ബഹ്റൈനിലെ അൽ-ജസ്റക്കുമിടയിൽ ലോകോത്തര അത്യാധുനിക സാങ്കേതിക വൈദഗ്ധ്യത്താൽ ഉടലെടുത്ത കടൽപാലം പൊതുഗതാഗതത്തിന് തുറന്നുകൊടുത്തത് 1986ലാണ്.
ഈ 36 വർഷത്തിനിടയിൽ സൗദി അറേബ്യയുടെയും ബഹ്റൈന്റെയും വളർച്ചയുടെ ചരിത്രത്തിൽ അത്യപൂർവ നേട്ടങ്ങളാണ് 25 കിലോമീറ്റർ പാത സാധ്യമാക്കിയത്. അരമണിക്കൂറിനുള്ളിൽ ഇരുരാജ്യങ്ങളിലേക്കും സഞ്ചരിക്കാമെന്നത് കോടിക്കണക്കിന് ജീവിതങ്ങളെ അഭിവൃദ്ധിയിലേക്ക് കുതിച്ചുപായാൻ സഹായിച്ചു.
ദിനംപ്രതി ലക്ഷങ്ങളാണ് ഈ പാതയിലൂടെ സഞ്ചരിക്കുന്നത്. രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ഗതാഗതം സുഗമമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1965 ലാണ് കോസ്വേയുടെ നിർമാണപദ്ധതി ആസൂത്രണം ചെയ്തത്.
ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള കടലിടുക്ക് കീറിമുറിച്ച് 25 കിലോമീറ്റർ നീളമുള്ള പാലം നിർമിക്കുക എന്നത് ശ്രദ്ധേയവും എന്നാൽ സാഹസികവുമായ തീരുമാനമായിരുന്നു. സാംസ്കാരിക ഏകത്വത്തിനിടയിലും ജീവിതരീതികളിൽ വൈജാത്യമുള്ള രണ്ട് രാജ്യങ്ങൾക്ക് ഒരുപോലെ വളരാൻ ഇത്തരമൊരു പാത അനിവാര്യമായിരുന്നു.
നെതർലൻഡ്‌സ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഉയർന്ന ക്ലാസിലുള്ള നിർമാണ കമ്പനികളും ഡിസൈനർമാരും കോസ്വേ നിർമാണത്തിൽ പങ്കാളികളായി. 47,000 ടൺ ഉരുക്ക് ഉപയോഗിച്ചാണ് റോഡ് നിർമിച്ചത്.
കൂടാതെ എച്ച്.ജെ. ഗ്രിംബർഗൻ, ബി.വി പോലുള്ള മുൻനിര ഡച്ച് മെഷീനിങ് കമ്പനികളിൽ നിന്ന് അന്നത്തെ ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങൾ എത്തിച്ചായിരുന്നു നിർമാണം പൂർത്തിയാക്കിയത്. നിർമാണപ്രവർത്തനങ്ങൾ തുടങ്ങി 21 വർഷത്തിന് ശേഷം 1986ലാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഇതൊരു സുപ്രധാന ചരിത്രമായി മാറുകയായിരുന്നു.
രണ്ട് രാജ്യങ്ങളിലേക്കും അങ്ങോട്ടുമിങ്ങോട്ടും ജനങ്ങൾ ഒഴുകിത്തുടങ്ങി. സാധാരണ 10 ലക്ഷത്തിലധികം വാഹനങ്ങൾ പ്രതിമാസം ഈ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. തിരക്കിൽ വീർപ്പുമുട്ടി ചിലപ്പോഴൊക്കെ അഞ്ചും ആറും മണിക്കൂറുകൾ യാത്രക്കാർ പാലത്തിൽ കുടുങ്ങിപ്പോകുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഇതോടെ 2010ൽ 53 ലക്ഷം റിയാലിന്‍റെ വികസനം നടത്തി. വാഹനങ്ങളെ കടത്തിവിടാൻ 10ൽ നിന്ന് 17 ആക്കി വരികളുടെ എണ്ണം വർധിപ്പിച്ചു. ഇതോടെ തിരക്ക് ഗണ്യമായി കുറക്കാൻ സാധിച്ചു. കഴിഞ്ഞ ജൂലൈയിൽ 25.9 ലക്ഷം ആളുകൾ പാലം കടന്നതായി കിങ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിച്ചു. 12.9 ലക്ഷം പേർ ബഹ്‌റൈനിൽ നിന്ന് സൗദിയിലേക്കും 13 ലക്ഷം പേർ തിരിച്ചും യാത്ര ചെയ്തു. ഓരോ ദിനവും കോസ്വേയുടെ പ്രസക്തിയേറുകയാണ്. ഇരുരാജ്യങ്ങളുടെയും വളർച്ചയിൽ അതിനിർണായകമായ പങ്കുവഹിച്ച് മൂന്നരപ്പതിറ്റാണ്ടും പിന്നിട്ട് അതിമനോഹരമായ നിർമിതിയായി കിങ് ഫഹദ് കോസ്വേ ചരിത്രത്തിലേക്ക് യാത്ര തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.