ദമ്മാം: സുഡാനിലെ ആഭ്യന്തര കലഹത്തിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെയെത്തിച്ച ‘ഓപറേഷൻ കാവേരി’യെ വിജയകരമാക്കിയത് സൗദി അറേബ്യ നൽകിയ അതിരുകളില്ലാത്ത പിന്തുണ കാരണമാണെന്ന് റിയാദിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ പറഞ്ഞു. കഴിഞ്ഞ ദിവസം ജുബൈൽ ഇന്റർ കോണ്ടിനെന്റൽ ഹോട്ടലിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഡാനിൽനിന്നും 3,500 ഇന്ത്യക്കാരെയാണ് ജിദ്ദ വിമാനത്താവളം വഴി നാട്ടിലെത്തിച്ചത്.
ഇന്ത്യൻ നാവിക സേനയുടെ കപ്പലുകൾക്കും വിമാനങ്ങൾക്കുമൊപ്പം സൗദി അറേബ്യൻ ഫോഴ്സും ഇന്ത്യക്കാരെ സൗദിയിലെത്തിക്കാൻ ഒപ്പം നിന്നു. സൗദിയുടെ ഉയർന്ന സൈനിക ഉദ്യോഗസ്ഥർ നൽകിയ പിന്തുണയും സഹകരണവുമാണ് ഓപറേഷൻ കാവേരിയെ വിജയകരമാക്കിയത്. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.
2019ൽ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി സൗദി സന്ദർശിച്ചതിനെത്തുടർന്ന് ഒപ്പുവെപ്പ നയതന്ത്ര സഹകരണ കരാറിന്റെ അടിസ്ഥാനത്തിൽ ഇരു രാജ്യങ്ങൾക്കിടയിലുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. സൗദിയുടെ രണ്ടാമത്തെ കച്ചവട പങ്കാളിയായി സൗദി അറേബ്യ മാറിക്കഴിഞ്ഞു. ഒപ്പം ഇന്ത്യയുടെ നാലാമത്തെ കച്ചവട പങ്കാളിയാണ് സൗദി അറേബ്യ. ഇതുകൂടാതെ കലയും സംസ്കാരവുമുൾപ്പെടെ അനവധി രംഗങ്ങളിൽ ഇന്ത്യയും സൗദിയും തമ്മിലുള്ള സഹകരണം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സിനിമകളെ സൗദിയിലേക്ക് ക്ഷണിച്ചുകൊണ്ടുവരുന്ന തരത്തിലേക്ക് ആ ബന്ധങ്ങൾ വളർന്നത് ഏറെ ആഹ്ലാദകരമാണന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ മേഖലയിലെ പരസ്പര സഹകരണത്തിന്റെ ഭാഗമായാണ് ഇന്ത്യയുടെ ഐ.എൻ.എസ് തർക്കാഷ്, ഐ.എൻ.എസ് സുഭദ്ര എന്നീ കപ്പലുകൾ കഴിഞ്ഞ ദിവസം സൗദി തീരത്ത് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 2021ൽ ആരംഭിച്ച സംയുക്ത സൈനിക പരിശീലന പദ്ധതിയായ ‘അൽ മൊഹദ് അൽ ഹിന്ദി’യുടെ രണ്ടാം പതിപ്പിന് ചൊവ്വാഴ്ച തുടക്കമാകും.
കൂടാതെ ഇന്ത്യൻ നേവൽ അക്കാദമിയിൽ 50ഓളം സൗദി ഓഫിസർമാർ പരിശീലനം പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. എല്ലാ രണ്ടുവർഷം കൂടുമ്പോഴും പ്രതിരോധ ജോയിൻ കൗൺസിൽ പദ്ധതികൾ വിലയിരുത്തുകയും ആസൂത്രണം നടത്തുകയും ചെയ്യും. ഇന്ത്യയുടെ കപ്പലുകൾക്ക് ജുബൈൽ തീർത്ത് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇരുകപ്പലുകളുടെയും ക്യാപ്റ്റമാർക്കൊപ്പം അംബാസഡർ റോയൽ കമീഷൻ ആക്ടിങ് സി.ഇ.ഒ ഡോ. ഫാദി അൽ ഫയാദയുമായി കൂടിക്കാഴ്ച നടത്തി.
വരും ദിവസങ്ങളിൽ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്നും അംബാസഡർ പറഞന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ കേണൽ ജി.എസ്. ഗ്രിവാൾ, കപ്പൽ ക്യാപ്റ്റൻ രാഹുൽ ഉപാധ്യായ, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി കെ. മുഹമ്മദ് ഷബീർ എന്നിവർ അംബാസഡർക്കൊപ്പം വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.