'സൗഹൃദ ഒത്തുതീർപ്പ്' പദ്ധതി: 6.6 കോടി റിയാൽ വേതന കുടിശ്ശിക തൊഴിലാളികൾക്ക് ലഭ്യമാക്കി സൗദി മന്ത്രാലയം

റിയാദ്: സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വേതന, അനുകൂല്യ ഇനങ്ങളിൽ ലഭിക്കാനുള്ള 6.6 കോടി റിയാൽ തൊഴിലുടമകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഈടാക്കി നൽകി ചരിത്രം കുറിച്ച് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം. റിയാദ് തൊഴിൽകാര്യ ഓഫിസിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ 'സൗഹൃദപരമായ ഒത്തുതീർപ്പ്' (ഫ്രന്റ്ലി സെറ്റിൽമെന്റ്) പദ്ധതി വഴിയാണ് ഈ നേട്ടം കൈവരിച്ചത്. 6,000 തൊഴിൽ കേസുകളും ഇതുവഴി ഒത്തുതീർപ്പാക്കിയതായി മന്ത്രാലയത്തിന്റെ റിയാദ് ശാഖ ഡയറക്ടർ ഡോ. മുഹമ്മദ് അൽഹർബി പറഞ്ഞു.

'വിദൂര അനുരഞ്ജന സംഭാഷണ'ത്തിലൂടെയാണ് ഇത് സാധ്യമായതെന്ന് അദ്ദേഹം വിശദീകരിച്ചു. വേതനം, വിരമിക്കൽ ആനുകൂല്യം എന്നീയിനങ്ങളിൽ കുടിശ്ശിക വന്ന തുകയാണ് സ്ഥാപനങ്ങളിൽ നിന്ന് തൊഴിലാളിക്ക് ലഭ്യമാക്കിയതെങ്കിൽ പരസ്പരമുള്ള കരാർ ലംഘനം, ജോലി നിർവഹണത്തിനിടയിലെ പരിക്ക്, തൊഴിലിൽ നിന്ന് പിരിച്ചുവിടൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഒത്തുതീർപ്പാക്കിയത്.

പ്രവാസികളുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തെ തൊഴിൽ മേഖലയുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും വേണ്ടി തയാറാക്കിയ 'ദേശീയ പരിവർത്തന പരിപാടി'യുടെ സംരംഭങ്ങളിലൊന്നാണ് 'ഫ്രൻറ്ലി സെറ്റിൽമെന്റ്'. മൂന്നാഴ്ചക്കുള്ളിൽ തൊഴിൽ തർക്കങ്ങൾ ലേബർ ഓഫിസുകളിൽ രമ്യമായി പരിഹരിക്കുന്നതിനുള്ള ഒരു പദ്ധതി 2018ൽ നീതിന്യായ മന്ത്രാലയം മുന്നോട്ട് വെച്ചിരുന്നു. ഈ കാലാവധിക്കുള്ളിൽ പരിഹാരം കാണാത്ത പരാതികൾ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി തൊഴിൽ കോടതികളിൽ സമർപ്പിക്കണമെന്നായിരുന്നു നിർദേശം. അതാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത് എന്ന് വിലയിരുത്തപ്പെടുന്നു.

Tags:    
News Summary - 'Amicable Settlement' Project: Saudi Ministry to make available 6.6 crore riyals of wage arrears to workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.