റിയാദ്: പൊതുമാപ്പ് അവസാനിച്ചതോടെ ഇതനുസരിച്ച് ലഭിച്ച എക്സിറ്റ് വിസകളുടെ നിയമസാധുത ഇല്ലാതായെന്നും ഉപയോഗിക്കാത്തവർ വിവിധ ശിക്ഷകളോടെ നാടുകടത്തേണ്ടവരുടെ ഗണത്തിലായെന്നും ജവാസാത്ത്. ഇളവുകൾക്ക് അർഹരായിരുന്ന അതിർത്തി നുഴഞ്ഞുകയറ്റക്കാരും തൊഴിൽ, താമസ നിയമ ലംഘകരും ഇതോടെ കടുത്ത ശിക്ഷക്ക് അർഹരായി മാറിയെന്നും ട്വിറ്റർ അക്കൗണ്ടിലൂടെ ഞായറാഴ്ച പുറത്തുവിട്ട അറിയിപ്പിൽ അധികൃതർ ആവർത്തിച്ചു.
നാലുമാസത്തെ പൊതുമാപ്പ് അവസാനിച്ച ഇൗ മാസം 24ന് എക്സിറ്റ് വിസകളുടെ കാലാവധിയും അവസാനിച്ചു. അതിന് തലേദിവസം കിട്ടിയ വിസയാണെങ്കിലും പിന്നീടത് നിയമസാധുതയില്ലാത്തതായി മാറി. പൊതുമാപ്പ് കാലാവധിക്കുള്ളിൽ തന്നെ ഇത്തരക്കാർ രാജ്യം വിടണമെന്ന് അധികൃതർ പലതവണ ഒാർമപ്പെടുത്തിയിരുന്നു.
എക്സിറ്റ് വിസയുടെ കാലാവധി അവസാനിച്ചെന്ന് മാത്രമല്ല, ഇൗയാളുകൾ ഇതിനായി ജവാസാത്ത് സേവന കേന്ദ്രങ്ങളിൽ നൽകിയ വിരലടയാളം തർഹീൽ രേഖകളിലേക്ക് മാറ്റിയെന്നും ശിക്ഷകളെല്ലാം നേരിടണമെന്നും അറിയിപ്പിൽ പറയുന്നു. ആറുമാസം തടവും 50,000 റിയാൽ പിഴയും കൂടാതെ പുനഃപ്രവേശ വിലക്കുമാണ് ശിക്ഷ. ഇതെല്ലാം ഒഴിവാക്കിയായിരുന്നു നാലുമാസത്തെ ഇളവുകാലം പ്രഖ്യാപിച്ചത്. ‘നിയമ ലംഘകരില്ലാത്ത രാജ്യം’ എന്ന ശീർഷകത്തിൽ നടന്ന കാമ്പയിൻ കാലാവധിയിൽ അഞ്ചര ലക്ഷത്തോളം അനധികൃത വിദേശികൾ രാജ്യം വിട്ടിരുന്നു. എന്നാൽ ഇൗ കാലയളവ് അവസാനിച്ചിട്ടും പോകാത്തവരുടെ കൈവശമുള്ള എക്സിറ്റ് വിസകളാണ് വെറും കടലാസായി മാറിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.