ദമ്മാം: മൈതാനത്തിലെ കളിയാരവങ്ങൾക്കിടയിലും ആ കാൽപന്തുകളിക്കാരെൻറ മനസ്സിൽ പ്ര സവമുറിയിലെ പ്രിയതമയുടെ മുഖം മാത്രമായിരുന്നു. കളിക്കളത്തിലിറങ്ങാൻ ജഴ്സി അണി യുേമ്പാഴും വിദൂരതയിൽനിന്നുള്ള പ്രിയപ്പെട്ടവളുടെ വിവരങ്ങളിലേക്ക് ചെവി ചേർത്തുവെച്ചു അനീസ്. കാതങ്ങളകലെ അവൾ കൺമണിക്ക് ജന്മം നൽകിയെന്ന അറിയിപ്പെത്തുേമ്പാൾ അയാൾ കാലിലെ ബൂട്ടിെൻറ കെട്ടുറച്ചോ എന്ന് നോക്കുകയായിരുന്നു. പിന്നെ പന്തുതട്ടി മുന്നേറുേമ്പാൾ മനസ്സ് പിടിവിട്ട് അകലേക്ക് പറന്നു. പൊൻമണിയുടെ കുഞ്ഞുമുഖം എങ്ങനെയായിരിക്കുമെന്ന് സങ്കൽപചിത്രങ്ങൾ വരക്കാൻ തുടങ്ങി. ഏറെ കാത്തിരിപ്പുകൾെക്കാടുവിൽ പടച്ചവൻ സമ്മാനിച്ച കുഞ്ഞിനെ കാണാനുള്ള ആവേശം കാലുകളുടെ ഗതിവേഗം കൂട്ടി. ദമ്മാമിൽ കഴിഞ്ഞ ദിവസം സമാപിച്ച ദാറുസ്സിഹ യൂത്ത്ക്ലബ് പ്രൊവിൻസ് ചാമ്പ്യൻസ് കപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ ഫൈനലിലെത്തിയ ഫോക്കസ് ൈലൻ ബദർ എഫ്.സിയുടെ കാപ്റ്റനാണ് പാലക്കാട് ഒറ്റപ്പാലം തോളൂർ സ്വദേശിയായ അനീസ്. ടീമിെൻറ മുൻ കളികളിലെയെല്ലാം വിജയശിൽപി. സൗദി കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും വലിയ പ്രവാസി ഫുട്ബാൾ ടൂർണമെൻറിെൻറ ഫൈനൽ. വിജയ ചരിത്രം തുടരേണ്ടത് അഭിമാന പ്രശ്നവും.
എന്നാൽ, അതിനു രണ്ടു ദിവസം മുമ്പാണ് ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അൽപം പ്രശ്നങ്ങളുണ്ടെന്നും നാട്ടിൽനിന്ന് അറിയിപ്പെത്തുന്നത്. ഉടൻതന്നെ നാട്ടിൽ പോകേണ്ടി വന്നു. നായകൻ പോയതോടെ കൂടെയുള്ളവരെല്ലാം നിരാശരായി. കേരള പൊലീസിനും അൽമദീന ചെർപ്പുളശ്ശേരിക്കും വേണ്ടിയെല്ലാം ബൂട്ടണിഞ്ഞിട്ടുള്ള അനീസില്ലാതെ ഫൈനലിനെ സമീപിക്കൽ ടീമിനാകുമായിരുന്നില്ല. നാട്ടിലെത്തിയ അനീസിനെ പ്രസവ മുറിയിലെ വേദനകൾക്കിടയിലും തിരികെ പോയി കളിച്ച് ജയിച്ചുവരാൻ പ്രിയതമ സഫീന നിർബന്ധിക്കുകയായിരുന്നു. എല്ലാകാര്യവും നോക്കിക്കൊള്ളാമെന്ന് പിതാവ് മൊയ്തീനും മാതാവ് നഫീസയും ഉറപ്പുനൽകുകയും കൂടി ചെയ്തതോടെ അന്നു തന്നെ തിരികെ വിമാനം കയറി. ഫൈനൽ ദിനത്തിൽ ദമ്മാമിലെത്തി നായകനായി കളിക്കളത്തിലിറങ്ങി. ഫൈനൽ പോരാട്ടത്തിന് മുന്നൊരുക്കം നടത്തുേമ്പാഴും മനസ്സ് മുഴവൻ നാട്ടിലെ ആശുപത്രിയിലായിരുന്നു. ഒരു ക്ലബ് മുഴുവൻ നല്ല വാർത്തക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായി. വിസിൽ മുഴങ്ങാൻ ഏതാനും സമയം മാത്രം ബാക്കിയുള്ളപ്പോൾ സന്തോഷ വാർത്തയെത്തി, മകൾ പിറന്നിരിക്കുന്നു. എല്ലാ പ്രയാസങ്ങളും മാറിനിന്ന സുഖ പ്രസവം.
പ്രകാശമെന്ന് അർഥമുള്ള ‘ആയിഷ ദിയ’യെന്ന് കൺമണിക്ക് അപ്പോൾ തന്നെ പേരുവിളിക്കുകയും ചെയ്തു. കളിയിലുടനീളം അനീസിെൻറ അപ്രമാദിത്തം ടീമിനെ മുന്നോട്ട് നയിച്ചു. പക്ഷേ, കളിതീരാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ എതിർ ടീമടിച്ച ഗോളിൽ സമനിലയാവുകയും പെനാൽറ്റി ഷൂട്ടൗട്ട് എതിരാളികൾക്ക് ഭാഗ്യമാകുകയും ചെയ്തു. നേരിയൊരു നിരാശയിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നെങ്കിലും ഇൗ മാനസിക സമ്മർദങ്ങൾക്കിടയിലും നന്നായി കളിക്കാനും ടീമിനെ തുല്യശക്തിയാക്കി അവസാനം വരെ നയിക്കാനും കഴിഞ്ഞതിലെ സംതൃപ്തിയുമായി അനീസ് മണിക്കൂറുകൾക്കകം നാട്ടിലേക്ക് തിരികെ പറന്നു, കുഞ്ഞുകൺമണിയെയും പ്രിയതമയെയും കാണാൻ. അനീസിെൻറ പ്രതിബദ്ധത കളിയെ സ്നേഹിക്കുന്നവർക്ക് ആവേശം പകരുന്നതായി ടീം സ്പോൺസർ നിസാമുദ്ദീൻ പറഞ്ഞു. ദമ്മാമിലെ ഒരു ഷിപ്പിങ് കമ്പനിയിൽ ജീവനക്കാരനാണ് അനീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.