റിയാദ്: അബ്ദുൽ റഹീമിന്റെ മോചനത്തിന് ഭീമമായ തുക സമാഹരിക്കാൻ മൊബൈൽ ആപ്പ് ഉൾപ്പടെയുള്ള സംവിധാനം കൊണ്ടുവരാനുള്ള ആശയം നൽകിയത് റിയാദിലെ ടെക്കി തലകൾ. ബാർകോഡ് മാറ്റിയും വ്യാജ അക്കൗണ്ട് പ്രചരിപ്പിച്ചും വഞ്ചനകൾ നടക്കാൻ ഏറെ സാധ്യതയുള്ള ക്രൗഡ് ഫണ്ടിങ്ങിന് പരമാവധി സൈബർ സുരക്ഷ ഒരുക്കാൻ വേണ്ട നിർദേശം നൽകിയതും റിയാദിലെ ഈ ഐടി സംഘമാണ്.
സോഷ്യൽ മീഡിയ പ്രചാരണ കാമ്പയിനിലും സംഘത്തിന്റെ നിർദേശങ്ങൾക്കനുസരിച്ചാണ് മുന്നോട്ട് പോയിരുന്നത്. അമേരിക്കയിൽ ഐടി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നിലവിൽ സൗദിയിലെ ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുന്ന ഷമീം, സുഹാസ് ചെപ്പിൽ, ഒറാക്കിൾ റീജിയനൽ ഹെഡ് മുഹമ്മദ്, ഐടി രംഗത്തെ സംരംഭകനായ മുനീബ് പാഴൂർ എന്നിവരടങ്ങുന്ന നാൽവർ സംഘമാണ് ഐടി സേവനം നൽകിയത്.
മാർച്ച് ആദ്യവാരം റഹീം സഹായ സമിതി തലവൻ അഷ്റഫ് വേങ്ങാട്ടിന്റെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് ആപ്പ് നിർമിക്കാനുള്ള ധാരണയിലെത്തിയത്. തുടർന്ന് നാട്ടിലെ ഈ മേഖലയിൽ പരിചയസമ്പന്നരായ ആപ്പ് ഡെവലപ്പേഴ്സിന്റെ സഹായം തേടുകയായിരുന്നു. റിയാദിലെ ഐടി വിദഗ്ദ്ധരും ആപ്പ് ഡെവലപ്പേഴ്സും സൗദിയിലെ റഹീം സഹായ സമിതിയും ചേർന്നുള്ള വെർച്വൽ മീറ്റിംഗിൽ ഏത് രീതിയിൽ ആപ്പ് നിർമിക്കണമെന്ന കാര്യത്തിൽ ധാരണയുണ്ടാക്കി നിർമാതാക്കളുമായി കരാറിലെത്തി.
തുടക്കത്തിൽ ചില സാങ്കേതിക തടസ്സങ്ങൾ നേരിട്ടെങ്കിലും വളരെ പെട്ടന്ന് പരിഹാരം കാണാനായി. അക്കൗണ്ടുകൾ പഴുതുകളടച്ചു സുധാര്യത വരുത്താൻ പി.എം അസ്സോസിയേറ്റ്സ് ഫൗണ്ടർ സമീറിന്റെ സഹായവും തേടി. ഓരോ ഘട്ടത്തിലും റിയാദിലെ ഐടി സംഘം ആപ്പിന്റെ പ്രവത്തനങ്ങൾ കൃത്യമായി നിരീക്ഷിച്ചു. സാങ്കേതിക തടസ്സം നേരിടുന്ന സമയത്ത് തന്നെ ഡെവലപ്പേഴ്സുമായി ബന്ധപ്പെട്ട് പരിഹാരം കണ്ടു. ഐടി ഉൾപ്പടെ വ്യത്യസ്ത മേഖലയിലുള്ള റിയാദിലെ സമർത്ഥരായ വിദഗ്ദ്ധരുടെ നേതൃത്വത്തിലാണ് ഓരോ ഘട്ടത്തിലെയും നീക്കങ്ങൾ നടന്നത്.
ഫണ്ട് സമാഹരണ ദൗത്യം പൂർത്തിയാകുമ്പോൾ ഏറെ ചാരിതാർഥ്യമുണ്ടെന്ന് ഐടി വിഭാഗത്തിന് നേതൃത്വം നൽകിയ ഷമീം പറഞ്ഞു. സാധ്യമായതെല്ലാം ചെയ്തു കഴിഞ്ഞെന്നും ഇനി റഹീം പുറത്തിറങ്ങുന്ന ദിവസം കാത്തിരിക്കുകയാണെന്നും റഹീം സഹായ സമിതി കറസ്പോണ്ടന്റ് മുനീബ് പാഴൂര്‍ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.