റിയാദ്/ദുബൈ: ഖത്തറുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ആറ് വിശാല തത്ത്വങ്ങളുമായി സൗദി സഖ്യരാജ്യങ്ങൾ. ഇതോടെ ഒന്നരമാസം പിന്നിട്ട പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള സാധ്യത വർധിച്ചു. നേരത്തേ ഖത്തറിന് മുന്നിൽവെച്ച 13 ഇന ആവശ്യങ്ങൾക്ക് പകരമായാണ് ആറ് വിശാല തത്ത്വങ്ങൾ സൗദി, യു.എ.ഇ, ബഹ്റൈൻ, ഇൗജിപ്ത് എന്നീ രാജ്യങ്ങൾ മുന്നോട്ടുവെച്ചതെന്ന് അബൂദബിയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ‘ദ നാഷനൽ’ റിപ്പോർട്ട് ചെയ്തു.
അമേരിക്കയുടെയും െഎക്യരാഷ്ട്ര സഭയുടെയും പിന്തുണയോടെ കുവൈത്തിെൻറ നേതൃത്വത്തിൽ അനുരഞ്ജന ശ്രമങ്ങൾ മുന്നോട്ടുപോകുന്നതിനിടയിലാണ് നാലു രാജ്യങ്ങൾ നിലപാട് വ്യക്തമാക്കിയത്. ഇൗ ആറു തത്ത്വങ്ങൾ അനുസരിക്കാതെ ഖത്തറിന് മുന്നോട്ടുപോകാനാവില്ലെന്ന് െഎക്യരാഷ്ട്ര സഭയിലെ സൗദി അറേബ്യയുടേത് ഉൾപ്പെടെ സ്ഥിരം പ്രതിനിധികൾ അറിയിച്ചതായി സൗദിയിലെ ‘അറബ് ന്യൂസ്’ പത്രം റിപ്പോർട്ട് ചെയ്തു. ജൂലൈ അഞ്ചിന് കൈറോയിൽ ചേർന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗതീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് ആറു തത്ത്വങ്ങൾ മുന്നോട്ടുവെക്കുന്നതെന്ന് സൗദിയുടെ യു.എൻ അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി പറഞ്ഞതായി പത്രം വ്യക്തമാക്കി.
തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ നിലപാട് സ്വീകരിക്കുക, അത്തരം സംഘങ്ങൾക്ക് ധനസഹായവും സുരക്ഷിത താവളവും നൽകുന്നത് ഒഴിവാക്കുക, വിദ്വേഷ പ്രചാരണവും അക്രമങ്ങൾക്കുള്ള പ്രോത്സാഹനവും അവസാനിപ്പിക്കുക തുടങ്ങിയവ ഉൾപ്പെടുന്നതാണ് തത്ത്വങ്ങൾ. ഇത് നടപ്പാക്കലും നിരീക്ഷണവും നിർബന്ധമാണ്. അതിനായി ചർച്ചകൾ ആകാം. ഇവ അംഗീകരിക്കാൻ ഖത്തറിന് താരതമ്യേന എളുപ്പമായിരിക്കുമെന്നും മുഅല്ലിമി കൂട്ടിച്ചേർത്തു.
ജൂൺ അഞ്ചിനാണ് ഭീകരബന്ധം ആരോപിച്ച് സൗദി അറേബ്യയുടെ നേതൃത്വത്തിൽ നാലു രാജ്യങ്ങൾ ഖത്തറുമായി ബന്ധം വിച്ഛേദിച്ചത്. നയതന്ത്ര പ്രതിനിധികളെ പിൻവലിക്കുകയും ഖത്തറിലേക്കുള്ള ഗതാഗത സംവിധാനങ്ങൾ നിർത്തിവെക്കുകയും ചെയ്തു. തുടർന്ന് കുവൈത്തിെൻറ നേതൃത്വത്തിൽ പ്രശ്നപരിഹാര ശ്രമം ആരംഭിച്ചു. എന്നാൽ, നിസ്സഹകരണം പ്രഖ്യാപിച്ച സഖ്യരാജ്യങ്ങൾ ജൂൺ 23ന് അൽജസീറ ചാനൽ അടച്ചുപൂട്ടുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക തുടങ്ങിയ 13 ആവശ്യങ്ങളുടെ പട്ടിക ഖത്തറിന് കൈമാറി. ഇത് അംഗീകരിക്കാൻ ഖത്തർ വിസമ്മതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.