റിയാദ്: ഗസ്സയിൽ യുദ്ധം അവസാനിപ്പിച്ച് ഉടൻ സമ്പൂർണ വെടിനിർത്തൽ നടപ്പാക്കണമെന്ന് അറബ് വിദേശകാര്യ മന്ത്രിമാർ. ഗസ്സയിലെ ഇസ്രായേൽ യുദ്ധവും സംഭവവികാസങ്ങളും വിലയിരുത്താനായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വിളിച്ചു ചേർത്ത കൂടിയാലോചന യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. റിയാദിൽ വ്യാഴാഴ്ചയാണ് യോഗം നടന്നത്.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ-പ്രവാസികാര്യ മന്ത്രിയുമായ അയ്മൻ സഫാദി, ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്രി, ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി സെക്രട്ടറിയും സിവിൽ കാര്യ മന്ത്രിയുമായ ഹുസൈൻ അൽശൈഖ് എന്നിവരാണ് യോഗത്തിൽ സംബന്ധിച്ചത്.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കനുസൃതമായി സിവിലിയന്മാരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും ഗസ്സയിലേക്ക് മാനുഷിക സഹായത്തിന്റെ പ്രവേശനത്തെ തടസ്സപ്പെടുത്തുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ റിലീഫ് ആൻഡ് വർക്സ് ഏജൻസിക്ക് (UNRWA) യോഗം പിന്തുണ അറിയിച്ചു.
ഫലസ്തീൻ അഭയാർഥികൾക്കുള്ള മാനുഷിക ദൗത്യങ്ങളെ പിന്തുണക്കുന്നതിൽ തങ്ങളുടെ പങ്കുവഹിക്കാൻ എല്ലാവരോടും അഭ്യർഥിച്ചു. പുനരാലോചനയില്ലാതെ ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാൻ നടപടികൾ കൈക്കൊള്ളേണ്ടതിന്റെ പ്രാധാന്യവും യോഗത്തിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു.
അന്താരാഷ്ട്ര പ്രമേയങ്ങൾക്ക് അനുസൃതമായി 1967 ജൂൺ നാലിലെ അതിർത്തി നിയമ പ്രകാരം കിഴക്കൻ ജറൂസലം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നുവെന്നും അധിനിവേശ ഫലസ്തീൻ പ്രദേശത്തിന്റെ അവിഭാജ്യ ഘടകമാണെന്നും എല്ലാ നിർബന്ധിത കുടിയൊഴിപ്പിക്കലുകളേയും നിരസിക്കുന്നുവെന്നും യോഗം അറിയിച്ചു.
അതേ സമയം, സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനും വ്യാഴാഴ്ച ഫോണിൽ സംസാരിച്ചു. ഗസ്സയിലെ പ്രതിസന്ധിയുടെ സുരക്ഷ, മാനുഷിക പ്രത്യാഘാതങ്ങൾ നേരിടാൻ നടത്തുന്ന ശ്രമങ്ങൾ ഇരുമന്ത്രിമാരും ഫോണിൽ ചർച്ച ചെയ്തതായി റിപ്പോർട്ടുണ്ട്.
ഇസ്രായേലിന് സുരക്ഷ ഗാരൻറി നൽകിക്കൊണ്ട് ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുമായി മുന്നോട്ടുപോകുന്നതിന് സൗദി അറേബ്യയുമായി അമേരിക്ക ഏകോപനം തുടരുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
ഗസ്സയിലെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്തതായും ഇസ്രായേലികൾക്കും ഫലസ്തീൻകാർക്കും ഒരുപോലെ സുസ്ഥിര സമാധാനവും സുരക്ഷയും നൽകിക്കൊണ്ട് ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യൽ ലക്ഷ്യമിട്ടാണ് ഇതെന്നും അമേരിക്കൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഗസ്സയിലെ സാധാരണക്കാർക്ക് മാനുഷിക സഹായം വർധിപ്പിക്കുന്നതിന് ഏകോപനം തുടരാൻ സൗദി, അമേരിക്കൻ മന്ത്രിമാർ പ്രതിജ്ഞയെടുത്തതായും പ്രസ്താവനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.