അറബ് സംഘർഷ മേഖലകളിലെ വനിത സംരക്ഷണം ലക്ഷ്യമാക്കി അറബ് ലീഗ് സംഘടിപ്പിച്ച ശിൽപശാലയിൽ പങ്കെടുത്തവർ

അറബ് സംഘർഷ മേഖലകളിലെ വനിത സംരക്ഷണത്തിന് ശിൽപശാല

റിയാദ്: അറബ് മേഖലയിൽ സായുധ സംഘട്ടനവും ആഭ്യന്തര സംഘർഷവും നടക്കുന്ന രാജ്യങ്ങളിലെ സ്ത്രീകളുടെ സംരക്ഷണം മുൻനിർത്തി അറബ് ലീഗ് കൈറോവിൽ അടിയന്തര യോഗം ചേർന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അറബ് ലീഗ് ആസ്ഥാനത്ത് ചേർന്ന യോഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശിൽപശാലയിൽ പ്രാദേശിക അന്തർദേശീയ വനിത പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്തു.

സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിച്ച് അവർ അഭിമുഖീകരിക്കാനിടയുള്ള ചൂഷണത്തിനും ദുരുപയോഗത്തിനും എതിരെ പോരാടാൻ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്. സ്ത്രീകൾക്ക് മാനസികവും സാമൂഹികവുമായ പിന്തുണയും നിയമപരമായ സംരക്ഷണവും പരിശീലന പരിപാടികളും ഒരുക്കുക എന്നിവയും പരിപാടിയുടെ ലക്ഷ്യമാണ്. സ്ത്രീകളുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാൻ നടത്തുന്ന എല്ലാ ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണക്കുന്നതായി യോഗത്തിൽ പങ്കെടുത്ത കെ.എസ്‌ റിലീഫ് കമ്യൂണിറ്റി സപ്പോർട്ട് ഡിപ്പാർട്ട്‌മെൻറ്​ ഡയറക്ടർ ഹന ഉമർ സാലിം പറഞ്ഞു.

യു.എൻ എജ്യുക്കേഷനൽ, സയൻറിഫിക് ആൻഡ്​ കൾചറൽ ഓർഗനൈസേഷനുമായി സഹകരിച്ച്, 2022 മുതൽ 2027 വരെയുള്ള കാലയളവിൽ പെൺകുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കി വരുന്ന രാജ്യമാണ് സൗദിയെന്ന് അവർ വ്യക്തമാക്കി.

അഭയാർഥികളും അവരുടെ ആതിഥേയരായ സമൂഹങ്ങളും തമ്മിലുള്ള സാമൂഹിക ഐക്യം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപന ചെയ്ത സംരംഭങ്ങൾ കെ.എസ്‌ റിലീഫ് വികസിപ്പിച്ചെടുത്ത കാര്യം അവർ എടുത്തുപറഞ്ഞു. സുഡാനിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ വലിയ തോതിൽ സ്ത്രീകളും പെൺകുട്ടികളും കുടിയിറക്കപ്പെട്ട കാര്യം അവർ ചൂണ്ടിക്കാട്ടി. അവർ നേരിടുന്ന പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ഫലപ്രദമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. സൗദിയിലുള്ള സുഡാൻ അഭയാർഥികൾക്ക് രാജ്യം ആതിഥേയത്വം വഹിക്കുന്നുണ്ടെന്നും സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതുവരെ അവർക്ക് ആവശ്യമായ എല്ലാ പരിചരണവും നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

സംഘർഷം നിലനിൽക്കുന്ന സമൂഹങ്ങളിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുന്നതിന് കൂടുതൽ സമഗ്രമായ നടപടികൾ സ്വീകരിക്കാനും ഇക്കാര്യത്തിലുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളുടെ ഏകോപനത്തിനും ഹന സാലിം ആഹ്വാനം ചെയ്തു.

Tags:    
News Summary - Arab League workshop on protection of women in conflict zones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.