റിയാദ്: ഒമ്പത് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം കിങ് സൽമാൻ റോയൽ റിസർവ് വനം അറേബ്യൻ ഓറിക്സിന്റെ (അറേബ്യൻ വെള്ള മാൻ) പിറവിക്ക് സാക്ഷ്യം വഹിച്ചു. വളവില്ലാതെ നീണ്ടു കുത്തനെ നിൽക്കുന്ന കൊമ്പോടുകൂടിയ മാൻ വർഗത്തിൽപെടുന്ന ഓറിക്സിന് ഒരു കുഞ്ഞാണ് ജനിച്ചത്. 90 വർഷത്തിനിടയിൽ ഇതാദ്യമായാണ് സംരക്ഷിത വനഭാഗത്ത് ഒരു കുഞ്ഞ് ജനിക്കുന്നത്. സൗദിയുടെ വടക്ക് പടിഞ്ഞാറ് പ്രദേശങ്ങളിലാണ് വെള്ള നിറത്തിലുള്ള മാനുകളെ കൂടുതലായി കണ്ടുവരുന്നത്. ഇത്തരത്തിൽ സ്വാഭാവിക പുനരുൽപാദനമുണ്ടായത് പ്രകൃതിയുടെ സന്തുലിതാവസ്ഥക്കും ജൈവവൈവിധ്യത്തിന്റെ സമ്പുഷ്ടീകരണത്തിനും സഹായിക്കുന്ന പാരിസ്ഥിതിക നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
വംശനാശം സംഭവിക്കുന്ന ജീവിവർഗത്തിനിടയിൽ ഇങ്ങനെയൊരു പ്രസവമുണ്ടായത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇടത്തരം വലുപ്പമുള്ള കൃഷ്ണമൃഗത്തിന്റെ വംശാവലിയിലുള്ള വർഗമാണ് ഇത്. നീളമുള്ളതും എഴുന്നുനിൽക്കുന്നതുമായ കൊമ്പുകളും ജഡകെട്ടിയ നിബിഡമായ വാലും പ്രത്യേകതകളാണ്. ഓറിക്സ് വംശത്തിലെ വലുപ്പം കുറഞ്ഞ ഇവ അറേബ്യൻ ഉപദ്വീപിലെ മരുഭൂമികളിലും മരങ്ങളില്ലാത്ത വിശാലമായ പുൽമൈതാനങ്ങളിലും കാണപ്പെടുന്നു. 1970 മുതൽ സ്വാഭാവിക ആവാസ വ്യവസ്ഥകളിൽനിന്ന് ഈ ജീവികൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. 1980 മുതൽ ഇവയെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ സൗദി അറേബ്യയിൽ നടന്നുവന്നിരുന്നു. നിരവധി പാരിസ്ഥിതിക സമ്മർദങ്ങളും വേട്ടയാടലുമാണ് ഇവയുടെ എണ്ണം കുറയുന്നതിനും കാട്ടിൽനിന്ന് അപ്രത്യക്ഷമാകുന്നതിനും കാരണമായത്.
ഇങ്ങനെ അപ്രത്യക്ഷമായിത്തുടങ്ങിയ ജീവിവർഗങ്ങളുടെ സംരക്ഷണത്തിന് കിങ് സൽമാൻ റോയൽ റിസർവ് ഡെവലപ്‌മെന്റ് അതോറിറ്റിയും നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫും സംയുക്തമായി പല പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കിയിരുന്നു. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ കര സസ്തനിയാണ് അറേബ്യൻ ഓറിക്സ്. മുതിർന്ന ഒരു ഓറിക്സിന്റെ പരമാവധി ഭാരം 80 കിലോഗ്രാം വരെയാണ്. യു.എ.ഇയുടെ ദേശീയ മൃഗംകൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.