റിയാദ്: പൗരാണിക അറബി കാലിഗ്രാഫി പൈതൃകം സംരക്ഷിക്കാനും പ്രചരിപ്പിക്കാനും നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ലുലു ഹൈപർമാർക്കറ്റിന് സൗദി ഗവൺമെൻറിന്‍റെ അംഗീകാരം. സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ അൽ സഊദിനെ പ്രതിനിധീകരിച്ച് ഉപമന്ത്രി ഹമദ് ബിൻ മുഹമ്മദ് ഫയാസ് ബഹുമതി പത്രവും പ്രശംസാഫലകവും ലുലു സൗദി ഡയറക്ടർ ഷെഹിം മുഹമ്മദിന് സമ്മാനിച്ചു.
അറബിക് കാലിഗ്രാഫിയുടെ സംരക്ഷണ, പ്രചാരണ പ്രവർത്തനങ്ങൾക്ക് നൽകിയ ലുലു ഗ്രൂപ്പിന്റെ നൂതനവും സമകാലികവുമായ പിന്തുണക്കാണ് ബഹുമതി. റിയാദ് നാഷനൽ മ്യൂസിയത്തിൽ നിരവധി ഉന്നത വ്യക്തികളുടെയും സാംസ്കാരിക പ്രമുഖരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാര സമർപ്പണം. അറബിക് കാലിഗ്രാഫി വർഷമായ 2021ൽ ഈ കലയുടെ ചരിത്രവും സൗന്ദര്യശാസ്ത്രവും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ആഘോഷിക്കാനുമായി സാംസ്കാരിക മന്ത്രാലയം നടത്തിവന്ന കാമ്പയിന്റെ സമാപന ചടങ്ങായിരുന്നുവിത്.
കാമ്പയിനിൽ പങ്കെടുത്ത ഒരേയൊരു റീട്ടെയിൽ വ്യാപാര ശൃംഖല എന്ന നിലയിൽ, സൗദിയിലെ ലുലു ഹൈപർമാർക്കറ്റിലെ 24 ശാഖകളിലും കാലിഗ്രാഫിക്ക് വലിയ പ്രചാരണം നൽകുന്ന വിധമുള്ള പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കിയിരുന്നു. ലുലു ഷോപ്പിങ് ബാഗുകൾ, ഡെലിവറി ബോക്സുകൾ തുടങ്ങിയ പാക്കേജിങ് വസ്തുക്കളിലും മറ്റ് സാധനങ്ങളിലും അറബി കാലിഗ്രാഫിയുടെ സൗന്ദര്യവും ചരിത്രവും വെളിപ്പെടുത്തുന്ന കലാമുദ്രകൾ പതിപ്പിച്ചിരുന്നു.
2021 അറബിക് കാലിഗ്രഫി വർഷത്തിൽ അതിന്‍റെറ ചരിത്രവും സൗന്ദര്യശാസ്ത്രവും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ആഘോഷിക്കാനും സൗദി സാംസ്കാരിക മന്ത്രാലയം നടപ്പാക്കിയ പരിപാടികളിലും പദ്ധതികളിലും പങ്കാളിത്തം വഹിക്കാൻ കഴിഞ്ഞത് തങ്ങൾക്ക് വലിയ ആദരവും അഭിമാനവും നൽകിയതായി ഡയറക്ടർ ഷെഹിം മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.