ജുബൈൽ: സൗദിയിൽ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന വിദേശികൾക്ക് അറബി ഭാഷയിലുള്ള പരിജ്ഞാനം പരിശോധിക്കുന്ന പരീക്ഷക്ക് തുടക്കം. സൗദി വിദ്യാഭ്യാസ, പരിശീലന മൂല്യനിർണയ കമീഷൻ സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പരീക്ഷ എഴുതുന്നവർക്ക് അവരുടെ ഭാഷാപരമായ കഴിവുകളുടെയും അറബി ഭാഷാ നൈപുണ്യത്തിന്റെയും അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. കിങ് സൽമാൻ ഗ്ലോബൽ അക്കാദമി ഫോർ ദ അറബിക് ലാംഗ്വേജിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി 'വിഷൻ 2030'ന്റെയും വൈവിധ്യവത്കരണ ലക്ഷ്യത്തിന്റെയും ഭാഗമാണ്. അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതിലൂടെ പ്രാദേശികമായും ആഗോളതലത്തിലും അറബി ഭാഷയുടെ പ്രാധാന്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
സൗദിയിലെ സർവകലാശാലകളിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾക്ക് അറബി ഭാഷയിലെ കഴിവുകളും യോഗ്യതാനിലവാരവും ഉയർത്താൻ സഹായിക്കുന്നതിനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഭാഷകൾക്കായുള്ള യൂറോപ്യൻ ചട്ടക്കൂടിൽ നിന്നുകൊണ്ട് വായന, എഴുത്ത്, കേൾക്കൽ, സംഭാഷണം എന്നിവയിലെ നിലവാരം പരിശോധിക്കുന്നതിനുള്ള പരീക്ഷയാണ് നടത്തുന്നത്. അറബിയിൽ ഇത്തരത്തിലെ ആദ്യത്തെ സംരംഭമാണിത്.
മാതൃഭാഷയല്ലാത്ത അറബി സംസാരിക്കുന്നവർക്ക് അവരുടെ പ്രാവീണ്യം വിലയിരുത്തൽ പരീക്ഷ മുമ്പ് ഉണ്ടായിരുന്നില്ല. പ്രമുഖ അക്കാദമിക് വിദഗ്ധർ, പ്രായോഗിക ഭാഷാശാസ്ത്രത്തിലെ വിദഗ്ധർ, മൂല്യനിർണയ വിദഗ്ധർ എന്നിവർ ചേർന്നാണ് യോഗ്യതാ പരീക്ഷ സമ്പ്രദായം ചിട്ടപ്പെടുത്തിയത്. അറബി ഭാഷയെ സേവിക്കുന്നതിലും അതിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിലും സൗദിയുടെ സുപ്രധാന പങ്കിന്റെ വിപുലീകരണമാണ് ഇതിലൂടെ സാക്ഷാത്കരിക്കുന്നതെന്ന് സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ പറഞ്ഞു.
അറബിയിതര ഭാഷ സംസാരിക്കുന്നവരുടെ അറബിയിലുള്ള പ്രവീണ്യം വികസിപ്പിക്കുന്നതിൽ ഈ പരിശോധന പ്രധാന പങ്ക് വഹിക്കുമെന്ന് റിയാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ഉപദേശകനും നിയമ അധ്യാപകനുമായ ഉസാമ ഘാനം അൽ-ഉബൈദി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.