ദമ്മാം: താമസസ്ഥലത്ത് മരിച്ച കൊല്ലം സ്വദേശികളായ ദമ്പതികൾ അനൂപ് മോഹനെൻറയും രമ്യയുടേയും മൃതദേഹങ്ങൾ തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച പുലർച്ചെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തിരുവന്തപുരം വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിക്കും. മാതാപിതാക്കൾ പോയതോടെ തനിച്ചായ ഏക മകൾ അഞ്ചു വയസുകാരി ആരാധ്യയും അച്ഛേൻറയും അമ്മയുടേയും മൃതദേഹങ്ങൾക്കൊപ്പം നാട്ടിലേക്ക് പോയി.
അൽ ഖോബറിലെ തുഖ്ബയിൽ കഴിഞ്ഞ മാസമാണ് കൊല്ലം തൃക്കരുവ സ്വദേശി നടുവിലച്ചേരി മംഗലത്തുവീട്ടില്‍ അനൂപ് മോഹനനെയും (37), ഭാര്യ രമ്യമോളെയും (28) ഫ്ലാറ്റിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. ഇവരുടെ അഞ്ച് വയസുകാരി മകൾ ആരാധ്യയുടെ കരച്ചിൽ കേട്ടാണ് അയൽവാസികൾ വിവരമറിയുന്നത്. പൊലീസെത്തി ഫ്ലാറ്റിെൻറ വാതിൽ തുറന്ന് നോക്കിയപ്പോൾ അനൂപിനെ ഫാനിൽ തൂങ്ങി മരിച്ച നിലയിലൂം രമ്യയെ കട്ടിലിൽ മരിച്ച നിലയിലും കാണുകയായിരുന്നു.
സൗദി പൊലീസ് ആരാധ്യയെ താൽക്കാലിക സംരക്ഷണത്തിന് ലോക കേരളസഭാ അംഗവും സാമൂഹിക പ്രവർത്തകനുമായ നാസ് വക്കത്തിനെ ഏൽപ്പിക്കുകയായിരുന്നു. നവോദയ തുഖ്ബ സമൂഹികക്ഷേമ വിഭാഗത്തിെൻറ മികച്ച സഹകരണവും ലഭിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. നാസ് വക്കത്തിെൻറ ഇടപെടലിലൂടെ അനൂപിെൻറ പേരിൽ അൽഅഹ്സയിൽ ഉണ്ടായിരുന്ന 1,77,000 റിയാലിെൻറ സാമ്പത്തിക കേസും ദമ്മാമിൽ ഒരു സ്വദേശി നൽകിയ 36,000 റിയലിെൻറ സാമ്പത്തിക കേസും പിൻവലിപ്പിച്ചതിന് ശേഷം തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കി.
ഇതോട് കൂടിയാണ് ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ നാട്ടിലയക്കുന്നതിനുള്ള വഴി തുറന്നത്. ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ ഫണ്ട് വിനിയോഗിച്ചാണ് മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്. ആരാധ്യയെയും കൊണ്ട് നാസ് വക്കവും ഇതേ വിമാനത്തിൽ നാട്ടിലേക്ക് പോയി. അനൂപ് മോഹൻ 12 വർഷമായി തുഖ്ബ സനാഇയ്യയിൽ പെയിൻറിങ് വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു. അനൂപിന് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. അഞ്ച് മാസം മുമ്പാണ് രമ്യയും മകളും സന്ദർശനവിസയിൽ സൗദിയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.