മക്ക: ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യർ ഒരേസമയം ഒരുമിച്ച് കൂടുന്ന അപൂർവതയാണ് അറഫ സംഗമത്തിന്റേത്. 180 രാജ്യങ്ങളെ പ്രതിനിധീകരിച്ച് രണ്ട് ദശലക്ഷത്തിലധികം ഹാജിമാരാണ് സംഗമിക്കുന്നത്. നാലു ലക്ഷം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള മസ്ജിദുന്നമിറയിൽ നടക്കുന്ന അറഫ പ്രഭാഷണം പള്ളിയിലും അതിനു പുറത്ത് വിശാലമായ അറഫ മൈതാനിയിലും സമീപത്തെ ‘ജബലുറഹ്മ’ കുന്നിൻചരിവിലുമിരുന്ന് ഹാജിമാർ ശ്രവിക്കും. മക്കയിലെ മസ്ജിദുൽ ഹറാമിൽനിന്ന് 22 കിലോമീറ്റർ അകലെ തെക്കുകിഴക്ക് ഭാഗത്ത് പർവതങ്ങളാൽ ചുറ്റപ്പെട്ട വിശാലമായ താഴ് വരയാണ് അറഫ.
അറഫയിലെ സംഗമത്തിൽ അണിചേർന്നുള്ള നിൽപ് നഷ്ടപ്പെടുന്നവർക്ക് ഹജ്ജ് പൂർത്തിയാക്കാൻ കഴിയില്ല. ദുൽഹജ്ജ് ഒമ്പതിന് ഉച്ച മുതൽ 10ാം തീയതി പ്രഭാതം വരെയാണ് അറഫയിൽ നിൽക്കാനുള്ള സമയം. ഈ സമയത്തിനിടെ എപ്പോൾ അറഫയിലെത്തിയാലും അവിടെ നിന്നതായി പരിഗണിക്കും. പകൽ അറഫയിൽ നിൽക്കുന്നവർ സൂര്യാസ്തമയ ശേഷമേ മടങ്ങാവൂ. ഏകദേശം 18 കി.മീ വിസ്തൃതിയുണ്ട് അറഫ പ്രദേശത്തിന്. അറഫ മൈതാനത്തിന് ഒരു വശത്ത് അതിരിടുന്നത് ‘ജബലുർ റഹ്മ’യാണ്.
പ്രവാചകൻ ഹജ്ജ് വേളയിൽ അറഫയിൽനിന്നതും പ്രാർഥന നിർവഹിച്ചതും ഈ മലയുടെ താഴ് വാരത്തുനിന്നാണ്. ഏദൻ തോട്ടത്തിൽനിന്ന് പുറത്താക്കപ്പെട്ട് പരസ്പരം വേർപെട്ടുപോയി ഭൂമിയിലെത്തിയ ആദമും ഹവ്വയും ആദ്യമായി കണ്ടുമുട്ടിയത് അറഫ താഴ് വരയിലാണെന്ന് പറയപ്പെടുന്നു. അവർ പരസ്പരം തിരിച്ചറിഞ്ഞു എന്ന അർഥത്തിലാണ് ‘അറഫ’ എന്ന പേര് ഉണ്ടായതത്രേ. മസ്ജിദുൽ ഹറാമിൽനിന്ന് അറഫയിലെത്താൻ ഒമ്പത് പ്രധാന റോഡുകളാണുള്ളത്.
റിങ് റോഡുകളും ബൈപാസുകളും ധാരാളം ഇവിടെ സംവിധാനിച്ചിട്ടുണ്ട്. പ്രദേശത്തെ ചൂട് നിയന്ത്രണത്തിനും അന്തരീക്ഷവായു ശുചീകരണത്തിനും പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 45 മുതൽ 48 വരെ ഡിഗ്രി സെൽഷ്യസാണ് ഇത്തവണ ഹജ്ജ് വേളയിൽ പ്രതീക്ഷിക്കുന്ന കൂടിയ താപനില. തീർഥാടകർ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നും തമ്പുകളിൽ തന്നെ കഴിയാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. തീർഥാടകർക്ക് തണൽ ലഭിക്കുന്നതിനായി നൂറ് കണക്കിന് വേപ്പ് മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്.
അറഫയുടെ അതിരുകൾ പ്രത്യേകം രേഖപ്പെടുത്തിയ ഫലകങ്ങൾ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. അറഫയുടെ കിഴക്കുഭാഗത്തായി ഏഴാം നമ്പർ റോഡിനും എട്ടിനുമിടയിൽ സ്ഥിതി ചെയ്യുന്ന മലയാണ് ‘ജബലുർറഹ്മ’. മസ്ജിദുന്നമിറയുടെ ഒന്നരക്കിലോമീറ്റർ ദൂരെയാണ് ഇത്. ദേശ- ഭാഷ- വർഗ- വർണ വ്യത്യാസമില്ലാതെ ലോക വിശ്വാസികൾ വർഷത്തിലൊരിക്കൽ അറഫയിൽ സംഗമിച്ച് പരസ്പരം അറിയുകയും പ്രപഞ്ചനാഥന്റെ മഹാത്മ്യം മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ഇടം എന്ന അർഥത്തിലും ‘അറഫ’ എന്ന നാമം ഏറെ പ്രസക്തമാണ്.
ദുൽഹജ്ജ് ഒമ്പതിന് മിനായിൽനിന്ന് പുറപ്പെട്ട പ്രവാചകൻ ഉച്ചവരെ തങ്ങിയതും പ്രഭാഷണം നടത്തിയതും നമസ്കരിച്ചതും നമിറ പള്ളിയിലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മാനവിക മഹാസംഗമമായി കണക്കാക്കുന്ന അറഫസംഗമത്തിന് എല്ലാ സുരക്ഷ മുന്നൊരുക്കങ്ങളും സൗദി ഭരണകൂടം പൂർത്തിയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.