റിയാദ്: എന്റെ കരിയറിലെ വളരെ പ്രത്യേകതകളുള്ള സിനിമയാണ് ‘എ.ആർ.എം’ (അജയന്റെ രണ്ടാം മോഷണം) എന്ന് നടൻ ടൊവീനോ തോമസ്. ഇതൊരു ബിഗ് ബജറ്റ് സിനിമയാണ്. എന്നാൽ, മലയാള സിനിമയിൽ ഇതിനേക്കാൾ നാലിരട്ടി അഞ്ചിരട്ടി ബജറ്റിൽ സിനിമകൾ വേറെയുണ്ടായിട്ടുണ്ട്. എന്നാൽ, എന്റെ കരിയറിൽ ഞാനങ്ങനെ ചെയ്തിട്ടുള്ള സിനിമകളിൽ ഒരുപക്ഷേ ഏറ്റവും വലിയ കാൻവാസ് ഫീൽ ചെയ്യിപ്പിക്കുന്ന സിനിമയായിരിക്കുമിത്. ബജറ്റ് വെച്ചല്ല പറയുന്നത്.
ബജറ്റ് ഉപയോഗപ്പെടുത്തിയിരിക്കുന്ന രീതിവെച്ചാണ് പറയുന്നത്. കാൻവാസ് വലുതാണ്. ത്രീഡി സിനിമയാണ്. അങ്ങനെയൊരുപാട് പ്രത്യേകതകൾ എന്നെ സംബന്ധിച്ചിടത്തോളം ഈ സിനിമയിലുണ്ട്. എന്റെ കരിയറിലെ ആദ്യത്തെ ത്രീഡി സിനിമയാണ്. മൂന്ന് റോൾ കൈകാര്യം ചെയ്യുന്നു. മൂന്ന് കാലഘട്ടം. മൂന്ന് നായികമാർ. മൂന്ന് കഥകൾ. 1700 കളിൽ ആരംഭിച്ച് 1990ൽ അവസാനിക്കും വിധമുള്ള കഥയാണ്. ചരിത്ര സിനിമയല്ല. പൂർണമായും ഫിക്ഷണലാണ്. സിനിമയിലോ സാഹിത്യത്തിലോ ഉപയോഗപ്പെടുത്താത്ത കുറേ മിത്തുകൾ വടക്കൻ കേരളത്തിലുണ്ട്.
അങ്ങനെയൊരെണ്ണത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപപ്പെടുത്തിയ കഥയാണ്. 2017ലാണ് ഈ കഥ ഞാൻ കേൾക്കുന്നത്. അതിന് മുമ്പേ ഇത് എഴുതപ്പെട്ടിട്ടുണ്ടാവുമല്ലോ. അതിനുശേഷവും ഒരു 27 ഡ്രാഫ്റ്റുകളോളം സംവിധായകനും തിരക്കഥാകൃത്തും ചേർന്ന് തയാറാക്കിയിട്ടുള്ളതാണ്. പക്ഷേ, ഒരു സിനിമ ഇറങ്ങുന്നതിനു മുമ്പ് അതിനെക്കുറിച്ച് വാ തോരാതെ സംസാരിച്ചിട്ട് വലിയ കാര്യമില്ലെന്ന അഭിപ്രായമാണ് എനിക്ക്. സിനിമ പുറത്തുവന്നശേഷം പ്രേക്ഷകർക്ക് അതെങ്ങനെ അനുഭവപ്പെട്ടു എന്നറിഞ്ഞിട്ട് പറയുന്നതാവും ഉചിതം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.