റിയാദ്: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. ബത്ഹ അപ്പോളോ ഡിമോറയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ഷുക്കൂർ ആലുവ അധ്യക്ഷത വഹിച്ചു. പിണറായി വിജയന്റെ അഴിമതിക്കെതിരെയും ജനവിരുദ്ധ നയങ്ങൾക്കെതിരെയും സമരം ചെയ്തതിന്റെ പേരിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതെന്ന് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ച പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു.
സി.പി.എമ്മും പൊലീസും ചേര്‍ന്നുള്ള വ്യക്തമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ അറസ്റ്റു ചെയ്തത്. നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചെടിച്ചട്ടിയും ഇരുമ്പുവടിയുംകൊണ്ട് അക്രമിച്ച ഡി.വൈ.എഫ്.ഐ-സി.പി.എം ക്രിമിനലുകളും കുറുവടി ഉപയോഗിച്ച് പ്രവര്‍ത്തകരെ മർദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും സ്വൈരവിഹാരം നടത്തുമ്പോഴാണ് ജനകീയസമരം നടത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്. പ്രതിഷേധിക്കുന്നവരെ ഈ അറസ്റ്റിലൂടെ നിശബ്ദമാക്കണമെന്ന ഫാഷിസ്റ്റ് ചിന്താഗതി കോൺഗ്രസിന്റെടുത്ത് വിലപോകില്ലെന്നും പ്രതിഷേധയോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. ഗ്ലോബൽ നേതാവ് അസ്കർ കണ്ണൂർ, സീനിയർ വൈസ് പ്രസിഡൻറ് മുഹമ്മദലി മണ്ണാർക്കാട്, സലീം അർത്തിയിൽ, എറണാകുളം ജില്ല പ്രസിഡൻറ് മാത്യു ജോസഫ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ സ്വാഗതവും സെക്രട്ടറി ഹക്കീം പട്ടാമ്പി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.