കുറച്ചുദിവസമായി വാർത്തകളിലെല്ലാം നിറഞ്ഞുനിൽക്കുന്നത് അതിസാമർഥ്യക്കാരിയായ ഒരു രാഷ്ട്രീയ പ്രവർത്തകയുടെ വാക്കുകളുടെ കൂരമ്പിനാൽ ക്രൂരമായി മുറിവേൽക്കപ്പെട്ട് പാതിവഴിയിൽ ജീവൻ ഉപേക്ഷിച്ചുപോയ ഒരു സാധു മനുഷ്യന്റെ തീരാനോവിന്റെ കഥകളാണ്.
വിദ്യാഭ്യാസവും വിവേകവും അനുഭവസമ്പത്തുമുള്ള അദ്ദേഹമിങ്ങനെ നിരുപാധികം കീഴടങ്ങി പോകാൻ മാത്രം കടുപ്പമേറിയതായിരുന്നു, അവരെ ആക്ഷേപിച്ചു സംസാരിച്ച സ്ത്രീയുടെ വാക്കുകൾ.
കുറ്റാരോപണത്തിന്റെ കുന്തമുനയിൽ നിർത്തിക്കൊണ്ട് നടത്തിയ പരാമർശങ്ങളുടെ രീതിയും ബോഡി ലാംഗ്വേജും നാസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോഡറിന്റെ (എൻ.പി.ഡി) ലക്ഷണമായിട്ടാണ് തോന്നിപ്പിച്ചത്. ഇത്തരക്കാർ ആളുകളുടെ തെറ്റ് വിമർശനാത്മകമായി സൂചിപ്പിക്കുകയല്ല ചെയ്യുക.
മറിച്ച് ഭീഷണിയുടെ സ്വരത്തിൽ അടച്ചാക്ഷേപിക്കുകയാണ് പതിവ്. അതിന് മേമ്പൊടിയായി തത്വം പറഞ്ഞും വേദാന്തം പറഞ്ഞും ആളുകളിലേക്ക് തന്റെ ശരികളെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കും. അതുപോലെ തനിക്ക് പ്രകടിപ്പിക്കാനുള്ള വെറുപ്പിനെ തന്റെ ന്യായത്തിലുള്ള ആത്മവിശ്വാസമായി പ്രകടിപ്പിക്കും.
ഈ നിഷ്ഠൂര സംഭവത്തിൽ നടുക്കവും കോപവും ഖേദവുമൊക്കെ രേഖപ്പെടുത്തിക്കൊണ്ട് പലരും എഴുതുകയും പറയുകയുമൊക്കെ ചെയ്യുന്നത് കണ്ടു. എന്നാൽ ഇതുപോലെ വാക്കുകൾ കൊണ്ട് ആളുകളുടെ കഴുത്തറക്കുന്ന നാസിസ്റ്റിക് സ്വഭാവം പേറുന്നവരാണോ അവരവർ എന്ന ഒരാത്മപരിശോധന ഓരോരുത്തരും നടത്തുന്നത് നന്നാവും.
അന്ധമായ ആത്മാരാധന കൊണ്ട് താൻ ചെയ്യുന്നത് മാത്രമാണ് ശരി എന്ന തോന്നൽ വെച്ചുപുലർത്തുകയും സ്വന്തം അഭിപ്രായത്തെ തന്റെ ചുറ്റുമുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുകയും ചെയ്യുന്നവരാണ് നാസിസ്റ്റിക് കാരക്ടർ കൊണ്ട് നടക്കുന്നവർ. ഇത് ഒരുത രം മനോവൈകല്യമാണെങ്കിലും ഇത്തരക്കാർ അതിനെ തങ്ങളുടെ കഴിവായിട്ടാണ് കണക്കാക്കുക.
ഒരുപാട് കാര്യങ്ങൾ നന്നായി പൂർത്തീകരിക്കാൻ ഈ ആളുകൾക്ക് സാധിക്കുമെങ്കിലും എല്ലാറ്റിലും അവർ കാണുന്ന ഒരേയൊരു ലക്ഷ്യം അവനവന്റെ നേട്ടവും അംഗീകാരവും മാത്രമായിരിക്കും. ഒരു ടീം വർക്കാണ് ചെയ്തതെങ്കിലും അത് തന്റെ നേതൃത്വത്തിലാണ് പൂർത്തിയായത് എന്ന നിലക്ക് മുഴുവൻ ക്രെഡിറ്റും സ്വന്തമായി നേടിയെടുക്കാൻ അമിതമായി ശ്രമിക്കും.
അതിനുള്ള അംഗീകാരം കിട്ടാൻ ഏതറ്റം വരെയും പോകുമെങ്കിലും, തന്റെ പ്രവൃത്തികൾക്ക് എതിരെയുള്ള ചെറു വിമർശനം പോലും ഉൾക്കൊള്ളുകയില്ല. ഭയങ്കരമായി പ്രകോപിതരായും പ്രതികാരവാഞ്ജ സൂക്ഷിച്ചുകൊണ്ടുമാണ് വിമർശനങ്ങളെ നേരിടുക.
ഇങ്ങനെയുള്ളവരുടെ വാക്ശരങ്ങളേറ്റു മുറിപ്പെട്ടവരും കണ്ണീർ വാർത്തവരും അനവധിയായിരിക്കും. ഒരിക്കൽപോലും തങ്ങളുടെ തെറ്റ് മനസിലാക്കുകയോ ആത്മാർഥമായി ക്ഷമ പറയുകയോ ചെയ്യാൻ തയാറാവാത്ത ഇവർ സൃഷ്ടിക്കുന്ന മാനസിക സമ്മർദങ്ങൾ സ്വന്തക്കാരെ പലപ്പോഴും ആത്മഹത്യയുടെയും ഭ്രാന്തിന്റെയുമൊക്കെ വക്കിൽ എത്തിക്കാറുണ്ട്.
പലതും പലരും തുറന്നുപറയാൻ ഭയക്കുന്നതിനാൽ താനൊരു ലോക പൊലീസാണെന്ന മട്ടിൽ ആത്മനിർവൃതിയിലായിരിക്കും ഇത്തരക്കാർ.
നാസിസ്റ്റിക് പ്രകൃതക്കാരെ പങ്കാളികളോ രക്ഷിതാക്കളോ ആയി കിട്ടുന്നവരുടെ കാര്യമാണ് ഏറ്റവും കഷ്ടം. കുടുംബത്തിനകത്ത് ശ്വാസം നിലച്ചവരെപ്പോലെ മരിച്ചുജീവിക്കേണ്ടി വരും ഇരകൾക്ക്. ഒരു കാര്യത്തിലും കുടുംബത്തിന്റെ അഭിപ്രായം ആരായാൻ ഇവർ ശ്രമിക്കില്ല.
എന്നാൽ തന്റെ അഭിപ്രായത്തിന് മേൽക്കൈ നേടിയെടുക്കാൻ ശാരീരികമായും മാനസികമായും മറ്റുള്ളവരെ പീഡിപ്പിക്കുന്നതിൽ സംതൃപ്തി കണ്ടെത്തും. കുടുംബത്തിനകത്ത് വേണ്ടതെല്ലാം എത്തിച്ചുകൊടുക്കുകയും വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കുകയുമൊക്കെ ചെയ്താലും മറ്റുള്ളവരെക്കൂടി പരിഗണിക്കുന്ന ഒരു സ്നേഹത്തിന്റെ ഭാഷ ഇവർ ഒരിക്കലും പ്രകടിപ്പിക്കുകയില്ല.
അവിടെയുള്ളവരെല്ലാം തന്റെ ആശ്രിതരാണെന്നും അവർ ഭരിക്കപ്പെടേണ്ടതാണെന്നുമുള്ള വല്ലാത്തൊരു സ്വാർഥ മനോഭാവത്തിലായിരിക്കും അവർ. തന്റെ ചെയ്തികളെ പൂർണമായും അംഗീകരിക്കാതിരിക്കുമ്പോൾ മക്കൾക്കിടയിൽ പോലും വേർതിരിവ് സൂക്ഷിക്കും.
എൻ.പി.ഡി (Narcissist Personality Disorder) വ്യക്തിത്വം ഉള്ളവരുമായി എവിടെ ഇടപഴകേണ്ടി വന്നാലും കൂടെയുള്ളവർക്ക് അത് ഏറെ ദുസ്സഹമായിരിക്കും. ജോലിസ്ഥലത്താവട്ടെ സംഘടനകളിലാവട്ടെ സൗഹൃദത്തിലാവട്ടെ എവിടെയും ഒരു മേൽക്കോയ്മാ പട്ടം ആഗ്രഹിക്കുകയും അത് നിലനിർത്താൻവേണ്ടി ഏത് രീതിയിലും വാക്കുകളെ പ്രയോഗിക്കുകയും ചെയ്യും.
സാഹചര്യത്തിനനുസരിച്ച് യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ സന്ദർഭത്തിന് യോജിക്കും വിധം കള്ളങ്ങളെ സത്യം പോലെ പ്രതിഷ്ഠിക്കും. സൗഹൃദങ്ങളെയും ബന്ധങ്ങളെയുമൊക്കെ നഷ്ടപ്പെടുത്തുന്ന ഇവർക്ക് ചുറ്റിലും സ്തുതിപാടകരായി ചിലർ എപ്പോഴുമുണ്ടാവും.
അതിനാൽ തന്നെ ഒരിക്കലുമിവർ സ്വന്തം തെറ്റുകളെ വിചിന്തനം ചെയ്യാറില്ല. വല്ലവരും ഇവരുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ അവരെ ആജീവനാന്തം ശത്രുപക്ഷത്ത് നിർത്താനാണ് ഇവർ ശ്രമിക്കുക. പലരും പുറമേക്ക് പ്രകടിപ്പിച്ചില്ലെങ്കിലും അവരുടെ ആത്മാർത്ഥതയില്ലാത്ത പെരുമാറ്റം കൊണ്ട് ചുറ്റുമുള്ളവർക്ക് അവരെ പെട്ടെന്ന് മനസ്സിലാവും.
നാസിസ്റ്റിക് സ്വഭാവം പേറുന്ന അധ്യാപകരാണ് വലിയ അപകടകാരികൾ. തന്നെക്കാൾ മുതിർന്നവരെയും സ്ഥാനം കൊണ്ട് ഉയർന്നവരെയുമൊക്കെ വരുതിയിലാക്കാൻ ഒരു ഒരു മടിയുമില്ലാതെ അവരെക്കുറിച്ച് അപവാദം പറയാനും പരദൂഷണം പറയാനും ഇവർ മുൻപന്തിയിലായിരിക്കും.
എങ്കിലും എവിടെയും ‘ഞാനൊന്നുമറിഞ്ഞില്ലേ...’ എന്ന മട്ടിൽ അഭിനയിക്കാനും ഇവർ മിടുക്കരാണ്. തനിക്ക് കീഴിൽ വരുന്നവരെ, അത് കുട്ടികളായാൽ പോലും തനിക്കിഷ്ടമില്ലാത്ത കാര്യത്തിന് അവരുടെ ആത്മവിശ്വാസം എന്നേക്കും നഷ്ടപ്പെടുത്തും വിധത്തിൽ അപഹസിക്കാനും ക്രൂരമായി കളിയാക്കിക്കൊണ്ട് അവരെ അമ്പേ പരാജയപ്പെട്ടവരായി മാറ്റാനും എന്നിട്ടത് തങ്ങളുടെ നേട്ടമായി കരുതി സ്വകാര്യമായി സന്തോഷിക്കാനും ഇത്തരം ആളുകൾ ശ്രമിക്കും.
ഇങ്ങനെ തനിക്ക് ചുറ്റുമുള്ളവരെയെല്ലാം പേടിപ്പിച്ചും അടക്കിയും സ്വന്തം വരുത്തിയിലാക്കുന്ന ഇക്കൂട്ടർ നാളെ ഒരുകാലത്ത് ഇതെല്ലാം തനിക്ക് തന്നെ തിരിഞ്ഞു കൊത്തുമെന്ന് മനസ്സിലാക്കുന്നില്ല.
ഇതുപോലുള്ള വാർത്തകളും വിവാദങ്ങളും വരുമ്പോൾ മാത്രം ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാതെ അവനവെൻറയുള്ളിലും ഇങ്ങനെയുള്ള സ്വഭാവ വൈകല്യങ്ങൾ കൂടിയിരിക്കുന്നുണ്ടോ സ്വയം വിശകലനം ചെയ്യുന്നത് നന്നായിരിക്കും.
ഇടയ്ക്കൊന്ന് തോറ്റും ക്ഷമിച്ചും കൊടുത്തുകൊണ്ട് ചുറ്റുമുള്ളവരുടെ മനസ്സിലൊന്ന് കയറിപ്പറ്റാൻ ശ്രമിച്ചു നോക്കിയാൽ അറിയാം, അവർ സ്നേഹത്തിൻ പാനപാത്രം നിരുപാധികം നമുക്ക് മുമ്പിൽ ചൊരിയുന്നത്. ഇത് അനുഭവിക്കുന്നതിനോളം മറ്റൊരു നിർവൃതിയും വേറിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.