റിയാദ്: സൗദിയിലെ ജയിലിൽനിന്ന് കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ മോചിപ്പിക്കാൻ ലോകമലയാളികൾ ഒന്നടങ്കം കൈകോർത്ത് 34 കോടി സമാഹരിച്ചതിന്റെ സന്തോഷത്തിലാണ് കേരളക്കര. കഴിഞ്ഞ 17 വർഷം അഷ്റഫ് വേങ്ങാട് എന്ന സാമൂഹിക പ്രവർത്തകന്റെ നേതൃത്വത്തിൽ ഒരു പറ്റം മനുഷ്യസ്നേഹികൾ കൊണ്ട വെയിലാണ് ഇന്ന് റഹീം അനുഭവിക്കുന്ന തണൽ. കഠിനപരിശ്രമത്തിന്റെ പൊരിവെയിലിൽ എരിഞ്ഞത് ഒരു മനുഷ്യായുസിന്റെ നല്ലൊരു പങ്ക് അധ്വാനമാണ്.
അഭിഭാഷകരെ കണ്ടെത്തണം, അവർക്ക് ഫീസ് കൊടുക്കണം, കോടതിയിലെ ഹിയറിങ് നേരങ്ങളിൽ ദ്വിഭാഷിയെ ഏർപ്പാടാക്കണം തുടങ്ങി ഓരോ മാസവും നിർവഹിക്കേണ്ടത് നിരവധി ജോലികളായിരുന്നു. ഇതിനെല്ലാം നേതൃത്വം നൽകുക വഴി അഷ്റഫ് അനുഭവിച്ച മാനസിക സമ്മർദ്ദത്തിന് കണക്കില്ല.
മുന്നൂറോളം ആളുകൾ ജോലി ചെയ്യുന്ന ശിഫ അൽ ജസീറ പോളിക്ലിനിക് എന്ന സ്ഥാപനത്തിന്റെ മാനേജർ എന്ന നിലയിലുള്ള ഭാരിച്ച ജോലിക്കും കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി നേതാവ് എന്ന നിലയിലെ സാമൂഹിക പ്രവർത്തന തിരക്കുകൾക്കും ഇടയിലാണ് അഷ്റഫ് ഈ കേസിനായി സമയം കണ്ടെത്തിയത്.
പലപ്പോഴും അദ്ദേഹം ഒറ്റയ്ക്കായി പോകുന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. സാമ്പത്തികം തന്നെയായിരുന്നു പ്രധാന വെല്ലുവിളി. കേസ് നടത്തിപ്പിനാവശ്യമായ ചെലവുകൾ സ്വന്തം കൈയ്യിൽ നിന്നെടുത്തും സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയും മറ്റുമാണ് വഹിച്ചുപോന്നത്. പ്രത്യേകിച്ച് അഭിഭാഷകർക്കുള്ള ഫീസുകളൊക്കെ അങ്ങനെയാണ് കൊടുത്തുവീട്ടിയിരുന്നത്. ഈ കാലത്തിനിടയിൽ നിരവധി വക്കീലന്മാർ വന്നുപോയി. ഏതാണ്ട് 17 ലക്ഷം രൂപ വക്കീൽ ഫീസായി മാത്രം കൊടുത്തിട്ടുണ്ട്.
ഈ കേസിന്റെ തുടക്കം മുതൽ കോടതിയിൽ പോയിരുന്നതിനാൽ ഈ ലേഖകന് നേരിട്ട് ബോധ്യമുള്ളതാണ് അഷ്റഫും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരിയും നടത്തിയ പരിശ്രമങ്ങൾ. അവർ എത്രമാത്രം ഈ വിഷയത്തിൽ അധ്വാനിച്ചു, എന്തെല്ലാം പ്രയാസങ്ങൾ നേരിട്ട് എന്നെല്ലാം നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്.
സൗദി ബാലൻ അനസ് അൽശഹ്രിയുടെ ദുരൂഹ മരണകേസിൽ റിയാദിലെ മലസ് സെൻട്രൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെയും നല്ലളം സ്വദേശി നസീറിന്റെയും കേസിനെ കുറിച്ച് 2007 ജൂലായിൽ ഗൾഫ് മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയിൽനിന്നാണ് വിവരം പുറംലോകമറിഞ്ഞത്. തുടർന്ന് നാട്ടുകാരുടെയും കെ.എം.സി.സി പ്രവർത്തകരുടെയും കൂട്ടായ്മയിൽ റഹീം - നസീർ മോചന നിയമസഹായ സമിതി ഉണ്ടാക്കി രംഗത്തിറങ്ങിയ അഷറഫ് വേങ്ങാട്ടിന് പിന്നീട് വിശ്രമിക്കാൻ സമയം കിട്ടിയിട്ടില്ല. ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെട്ടത് മുതൽ യൂസഫ് കാക്കഞ്ചേരിയും ഒപ്പം ചേർന്നു.
തുടക്കം മുതലേ കേസ് കേട്ടിരുന്നത് റിയാദ് ദീരയിലെ മഹകമ കുബ്ര (ഹൈകോടതി) ആണ്. ഏതാണ്ട് എല്ലാ മാസവും ഇവിടെ ഹിയറിങ് ഉണ്ടാവും. ആ ദിവസം രാവിലെ തന്നെ യൂസഫ് കാക്കഞ്ചേരി കോടതിയിലെത്തും. ദിഭാഷിയേയും അഭിഭാഷകനേയുമൊക്കെ ഉറപ്പാക്കി അഷ്റഫും കോടതിയിൽ ഓടിയെത്തും.
ദീർഘകാലം അബു മിസ്ഫർ എന്ന അഭിഭാഷകൻ ആയിരുന്നു പ്രതിഭാഗത്തിന് വേണ്ടി ഹാജരായിരുന്നത്. അതിന് മുമ്പും ശേഷവും വേറെയും അഭിഭാഷകർ വന്നു. അബ്ദു റഹ്‌മാൻ മദീനി, അബ്ദുറസാക്ക് സലാഹി, മുഹമ്മദ് കുട്ടി കടന്നമണ്ണ, മുഹമ്മദ് നജാത്തി എന്നിവരാണ് വിവിധ ഘട്ടങ്ങളിലായി പരിഭാഷകരായത്. 2009 ഒടുവിൽ നിയമസഹായ സമിതി വിപുലപ്പെടുത്തുകയും അന്നത്തെ കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുന്നുമ്മൽ കോയ ചെയർമാനും അഷ്റഫ് വേങ്ങാട്ട് ജനറൽ കൺവീനറുമായി കമ്മിറ്റി പുനഃസംഘടിപ്പിക്കുകയും ചെയ്തു പ്രവർത്തനം ഊർജിതപ്പെടുത്തി.
ഇതിനിടയിൽ മരണപ്പെട്ട കുട്ടിയുടെ പിതാവ് ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽ ശഹ്രിയെ റിയാദ് മൻസൂറയിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ട് മാപ്പ് ലഭിക്കുന്നതിന് വേണ്ടി അഷ്റഫിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി. അങ്ങനെ രണ്ട് കൂടിക്കാഴ്ചകൾ നടന്നു. അദ്ദേഹത്തിന് സഹായിക്കാൻ മനസുണ്ടായിരുന്നെങ്കിലും തന്റെ അരുമ മകന്റെ മരണത്തിന് കാരണക്കാരനായ റഹീമിനോട് ക്ഷമിക്കാൻ മാതാവിന് സമ്മതമല്ലാതിരുന്നതാണ് തടസ്സമായത്.
2014ൽ ഒരു വാഹനാപകടത്തിൽ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽ ശഹ്രി മരിച്ചതോടെ നേരിട്ട് ആ കുടുംബത്തെ ബന്ധപ്പെടുന്നതിനുള്ള വാതിൽ അടഞ്ഞു. മരിച്ച അനസിന് രണ്ട് സഹോദരങ്ങളുണ്ടെങ്കിലും വക്കീലിനെ കണ്ടാൽ മതി, തങ്ങൾക്കൊന്നും ചെയ്യാനാവില്ല എന്ന നിലപാടാണ് അവർ സ്വീകരിച്ചത്. എന്നിട്ടും വധശിക്ഷ ഒഴിവാക്കാൻ അഷറഫ് മുട്ടാത്ത വാതിലുകളില്ല. കഠിന പരിശ്രമമാണ് നിരന്തരം നടത്തിക്കൊണ്ടിരുന്നത്. അതിന്റെ ഒടുവിലത്തെ ഫലശ്രുതിയാണ് വൻതുകയാണെങ്കിലും ദിയാധനം സ്വീകരിച്ച് മാപ്പ് നൽകാൻ ആ കുടുംബത്തിന്റെ സമ്മതം.
പണം സ്വരൂപിക്കാനുള്ള മാർഗം തേടി രംഗത്തിറങ്ങിയതും അതിനുള്ള പ്രവർത്തനങ്ങൾ ഏകോപിച്ചതും എല്ലാം അഷ്റഫ് വേങ്ങാട്ട് ആണ്. അതിനായി റിയാദിലെ തന്റെ ബിസിനസ്സും മറ്റ് ജീവിത മാർഗങ്ങളും മാറ്റിവെച്ച് മാസങ്ങൾക്ക് മുമ്പ് കേരളത്തിൽ എത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇപ്പോഴും നാട്ടിൽ തന്നെ തുടരുകയാണദ്ദേഹം.
ഈ നിസ്വാർത്ഥനായ സമൂഹിക പ്രവർത്തകന് വിശ്രമിക്കാൻ ഇപ്പോഴും സമയമായിട്ടില്ല. സ്വരൂപിച്ച പണം നിയമപരമായി റിയാദിൽ എത്തിച്ച് കോടതിയിൽ കെട്ടിവെക്കണം, കേസ് തീർപ്പാക്കുന്നതിനും മോചനത്തിനുമുള്ള നടപടികൾ പൂർത്തിയാക്കണം... അതിനുള്ള ശ്രമങ്ങളിൽ മുഴുകിയിരിക്കുകയാണ് ഇപ്പോൾ. റഹീമിനെ മോചിപ്പിച്ച് നാട്ടിലെത്തിച്ച് പുനരധിവസിപ്പിച്ച ശേഷമേ വിശ്രമമുള്ളൂ.
അതിനിടയിൽ പുതിയൊരു പ്രശ്നം വന്നു. റഹീമിന് ഒരു വീട് വേണം. നിലവിലെ വീട് ചോർന്നൊലിച്ചു നിലം പൊത്താറായ പരുവത്തിലാണ്. അതിനെക്കുറിച്ച് ആലോചിച്ചിരിക്കുമ്പോഴാണ് ലുലു ചെയർമാൻ എം.എ. യൂസഫലിയുടെ പ്രതിനിധി വിളിക്കുന്നത്. എന്താണ് തങ്ങൾ ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോൾ വീടാണ് റഹീമിന് ഇനി വേണ്ടത് എന്ന് സൂചിപ്പിച്ചു. വീട് നിർമിച്ചു നൽകാം എന്ന് ഉടനെത്തി വാഗ്ദാനം. അത് വലിയ ആശ്വാസം പകർന്നു എന്നും അഷറഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.