ജിദ്ദ: സൗദിയിൽ കോവിഡ് മഹാമാരി വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച വിനോദപരിപാടികൾ അരങ്ങിൽ തിരിച്ചെത്തുന്നു. സൗദി ടൂറിസം അതോറിറ്റിക്ക് കീഴിൽ നിരവധി പരിപാടികളാണ് രാജ്യത്ത് അരങ്ങേറുന്നത്. 'സൗദി വെൽക്കം ടു അറേബ്യ' എന്ന പേരിൽ നടക്കുന്ന മേളയിൽ രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളും സംസ്കാരങ്ങളും വിദേശ സന്ദർശകർക്കും രാജ്യത്തിനകത്തുള്ള സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ആസ്വദിക്കാനുള്ള അവസരങ്ങളാണ് ഒരുക്കുന്നത്.
കുടുംബങ്ങൾക്കും യുവാക്കൾക്കും കുട്ടികൾക്കുമെല്ലാം ഒരുപോലെ ആസ്വദിക്കാൻ തരത്തിലുള്ള വിവിധ പരിപാടികൾ മേളയിൽ ഉണ്ടാവും. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ട്രക്കിങ്, ഡൈവിങ് തുടങ്ങിയ പരിപാടികളും ഒരുക്കിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലെ വിത്യസ്ത രുചിഭേദങ്ങൾ അനുഭവിച്ചറിയാനുള്ള അവസരങ്ങളും മേളയുടെ ഭാഗമായുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാ-സാംസ്കാരിക വിനോദപരിപാടികളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്.
ഇതിെൻറ ഭാഗമായി ജിദ്ദയിൽ നടക്കുന്ന ഏഷ്യൻ മഹോത്സവത്തിൽ വെള്ളിയാഴ്ച 'ഫിലിപ്പീൻസ് നൈറ്റ്' അരങ്ങേറി. 27 ന് 'പാകിസ്താൻ നൈറ്റും' സെപ്റ്റംബർ മൂന്നിന് 'ഇന്ത്യൻ നൈറ്റും' നടക്കും.
ഉസ്ഫാനിലെ ഇക്വിസ്ട്രിയന്‍ പാര്‍ക്ക് ഗ്രൗണ്ടിൽ നടക്കുന്ന ഇന്ത്യൻ നൈറ്റിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇന്ത്യൻ കലാകാരന്മാർ പങ്കെടുക്കും. തുറന്ന വേദിയിൽ ലൈവ് ഓർക്കസ്ട്രയോടെ ഗാനമേള, നൃത്തനൃത്യങ്ങൾ തുടങ്ങിയവ അരങ്ങേറും.
വിവിധ കലാപരിപാടികൾക്ക് പുറമെ കുട്ടികൾക്കും കുടുംബങ്ങൾക്കുമെല്ലാം ആസ്വദിക്കാൻ രൂപത്തിൽ വിവിധ ഗെയിംസ് പരിപാടികളും സ്റ്റാളുകളുമെല്ലാമുണ്ടാവും. വി.ഐ.പി 127 റിയാൽ, ജനറൽ 35 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.
ഒമ്പതു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. കോവിഡ് മുൻകരുതലുകൾ പാലിച്ചാണ് പരിപാടിയിലേക്ക് ആളുകളെ കടത്തിവിടൽ. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം. സൗദി ടൂറിസം നടത്തുന്ന വിവിധ പരിപാടികളെക്കുറിച്ചു കൂടുതലറിയാൻ https://www.visitsaudi.com/en എന്ന വെബ്സൈറ്റും 'ഇന്ത്യൻ നൈറ്റി'ലേക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ https://e-ticket.app/e/894/indian-night?l=en എന്ന വെബ്സൈറ്റും സന്ദർശിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.