ജിദ്ദ: കെ- റെയിൽ സിൽവർ ലൈൻ പദ്ധതി പിണറായി സർക്കാർ അക്രമത്തിലൂടെയും പൊലീസ് രാജിലൂടെയും നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി ആരോപിച്ചു. കേരളത്തിന്റെ പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും തകർക്കുന്ന ഇത്തരം പദ്ധതികൾ ശാസ്ത്രീയ പഠനം നടത്തി ഗുണഫലങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുന്നതിനു മുമ്പേ അമിതാവേശത്തോടെ സർക്കാർ നടപ്പാക്കുന്നതിൽ ദുരുദ്ദേശ്യമുണ്ട്.
കെ-റെയിൽ പദ്ധതിയുടെ ഭാഗമായി കിടപ്പാടം നഷ്ടപ്പെടുന്നവർ സമരത്തിനിറങ്ങുമ്പോൾ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് പദ്ധതിയുടെ പ്രായോഗിക ഗുണങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനില്ലാത്തത് കൊണ്ടാണെന്നും കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ആലിക്കോയ ചാലിയം പറഞ്ഞു.
ഇനിയും പൊലീസിനെ കയറൂരി വിട്ട് സമരക്കാരായ സ്ത്രീകളെയും കുട്ടികളെയും മർദിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ സർക്കാറിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭമായിരിക്കും വരുംദിനങ്ങളിലുണ്ടാവുകയെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് കോയിസ്സൻ ബീരാൻ കുട്ടി പറഞ്ഞു.
ഷെരീഫ് കുഞ്ഞു കോട്ടയം, അനസ് കൊല്ലം, മുസ്തഫ പൊന്മള, ഷിബു ഗൂഡല്ലൂർ, അയ്യൂബ് അഞ്ചച്ചാവിടി, ഫായിദ്, റാസി കടക്കൽ, യൂനുസ് തുവ്വൂർ, അബ്ദുൽ കലാം ചിറമുക്ക് തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ തമ്പാറ സ്വാഗതവും മുഹമ്മദ്കുട്ടി തിരുവേഗപ്പുറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.