മദീന: ചൂട് കൂടിയതോടെ മദീനയിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതിനെ കുറിച്ച് ബോധവത്കരണം ആരംഭിച്ചു. മസ്ജിദുന്നബവി മുറ്റങ്ങളിൽ തീർഥാടകരെ ലക്ഷ്യമിട്ട് മദീന ഹെൽത്ത് ക്ലസ്റ്ററാണ് രാവിലെ 10 മുതൽ വൈകീട്ട് നാലു വരെ ബോധവത്കരണം ആരംഭിച്ചത്. സന്ദർശകർക്ക് കുടകൾ, മെഡിക്കൽ ബാഗുകൾ, വാട്ടർ ബോട്ടിലുകൾ, മെഡിക്കൽ ഐസ് ബാഗുകൾ എന്നിവ വിതരണം ചെയ്യുന്നുണ്ട്.
ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മദീനയിലെത്തുന്ന തീർഥാടകർക്കാണ് ബോധവത്കരണം ആരംഭിച്ചത്. താപനില ഉയർന്നതിനെ തുടർന്നാണിത്. ചൂട് സമ്മർദം, അത് തടയാനുള്ള വഴികൾ, പരിക്കുകൾ എങ്ങനെ കൈകാര്യം ചെയ്യണം, ആവശ്യമായ ആരോഗ്യ പരിചരണം എപ്പോൾ സ്വീകരിക്കണം എന്നിവയെക്കുറിച്ച് തീർഥാടകരിൽ അവബോധം വളർത്തുകയാണ് ലക്ഷ്യം. ആദ്യ ദിവസം 3,500 മെഡിക്കൽ ഐസ് ബാഗുകൾ, താപനില കുറക്കാൻ 10,300 വാട്ടർ ബോട്ടിലുകൾ, 4,850 കുടകൾ, 3,297ലധികം ഹെൽത്ത് ബാഗുകൾ എന്നിവ വിതരണം ചെയ്തതായും 12,000 ത്തിലധികം സന്ദർശകർക്ക് ഇത് പ്രയോജനം ചെയ്തതായും റിപ്പോർട്ടുണ്ട്.
ചൂടിന്റെ സമ്മർദവും സൂര്യാഘാതവും നേരിടാൻ 32 കിടക്കകൾ ഒരുക്കി നേരത്തേ മദീന ഹെൽത്ത് ക്ലസ്റ്റർ പൂർത്തിയാക്കിയിരുന്നു. അതേസമയം, മദീന മേഖലയിൽ ചൂടു കൂടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. രാവിലെ 10 മുതൽ ശക്തിയായ ചൂട് വൈകീട്ട് അഞ്ചുവരെ തുടരുമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. മസ്ജിദുന്നബവിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞ ദിവസം 48 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.