മക്ക: ഹജ്ജിനെത്തി പുണ്യഭൂമിയിൽ വച്ച് ദൈവത്തിന്റെ സമ്മാനമായി കുഞ്ഞു കണ്മണിയെ ലഭിച്ച സന്തോഷത്തിലാണ് ഇന്ത്യൻ ഹാജിമാരായ ആ ദമ്പതികൾ. ഗുജറാത്തികളായ മൗലാന ഹാബീലും മെഹജബിനും. അഹമ്മദാബാദിലെ കലുപൂർ സ്വദേശികളായ ഇവർ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലാണ് ഹജ്ജിന് എത്തിയത്. ജീവിതാഭിലാഷമായ ഹജ്ജിന് തങ്ങൾക്കും അവസരമുണ്ടെന്ന് അറിഞ്ഞപ്പോൾ പൂർണ ഗർഭിണിയായിരുന്നു മെഹജബിൻ. നാഥന്റെ ഭവനത്തിലേക്കുള്ള യാത്രയ്ക്ക് അടങ്ങാത്ത ആവേശമായതോടെ പിന്നീടവർക്ക് ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല.
ഭർത്താവ് ഹാബീൽ ആത്മവിശ്വാസം പകരുക കൂടി ചെയ്തതോടെ നിറവയറുമായി ഭർത്താവിനൊപ്പം അവർ പുറപ്പെട്ടു. പിന്നീടെല്ലാ കടമ്പകൾ നിറഞ്ഞവഴികളും അവർക്കു മുമ്പിൽ തുറന്നു. ജൂൺ 25 ന് ഗുജറാത്തിലെ മറ്റു തീർഥാടകർക്കൊപ്പം ജിദ്ദയിൽ വിമാനം ഇറങ്ങി. പ്രയാസം ഏതുമില്ലാതെ ഹാജിമാരോടൊപ്പം ഹജ്ജിലെ എല്ലാ കർമങ്ങളും നിർവഹിച്ചു. ഹജ്ജ് പൂർത്തിയായി മൂന്നുദിവസത്തിന് ശേഷം മക്കയിലെ വിലാദ ആശുപത്രിയിൽ വച്ച് മെഹ്ജബിൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.
പുണ്യഭൂമിയിൽ പിറന്ന കൊച്ചു മലാഖായെ അവർ 'ഹാജറ' എന്നവർ പേരു വിളിച്ചു. ഹജ്ജിലെ ത്യാഗത്തിന്റെ നോവേറും ഓർമകൾ ഉണർത്തുന്ന കർമങ്ങൾക്ക് പിന്നിലെ ധീരയായ ആ ചരിത്ര വനിതയുടെ പേര് നൽകാൻ രണ്ടാലൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്ന് ഹാബിൽ പറയുന്നു. ഖുർആൻ മനപ്പാഠമാക്കിയ ഇരുവരും മദ്റസയിൽ അധ്യാപകരായാണ് കുടുംബം പോറ്റുന്നത്. അഹമ്മദാബാദിലെ മസ്ജിദിലെ ഇമാം കൂടിയാണ് മൗലാനാ എന്ന് ആളുകൾ ബഹുമാനത്തോടെ വിളിക്കുന്ന ഹാബീൽ ഇസ്ഹാഖ് പട്ടേൽ. മകളെയും ഖുർആൻ മനപാഠമാക്കുന്നവൾ (ഹഫിദ) ആക്കാനും മതവിജ്ഞാനീയങ്ങളിൽ പണ്ഡിതയാക്കാനും ആണ് അഭിലാഷമെന്നും ഇരുവരും പറയുന്നു.
ഹജ്ജിനെത്തിയ ദമ്പതികൾക്ക് കുഞ്ഞുപിറന്നതറിഞ്ഞ്, ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥരും ഹജ്ജ് സർവിസ് കമ്പനിയും നേരിട്ടെത്തി ആശംസകൾ നേർന്നിരുന്നു. ആശുപത്രിയിലും മറ്റും മികച്ച സൗകര്യങ്ങളാണ് ഒരുക്കിയതെന്ന് ഇവർ പറയുന്നു. പുതിയ വാവയെ കാണാൻ കാത്തിരിക്കുകയാണ് നാട്ടിൽ അഹമ്മദും ഖദീജയും, ദമ്പതികളുടെ മൂത്ത മക്കൾ. പുണ്യഭൂമിയിൽ നിന്നും മടങ്ങുന്നതിനു മുമ്പ് ഹാജറയെയും കൂട്ടി ഉംറ നിർവഹക്കണം, മദീന സന്ദർശിക്കണം എന്ന ലക്ഷ്യങ്ങളാണ് ഇനി ദമ്പതികൾക്കുള്ളത്. ആഗസ്റ്റ് അഞ്ചിനാണ് ഇവർ മദീനവഴി നാട്ടിലേക്ക് മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.