റിയാദ്: റിയാദിലെ പ്രമുഖ കുടുംബ കൂട്ടായ്മയായ 'തറവാട്' മേയ് 9,10 തീയതികളിലായി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എക്സിറ്റ് 16 ലെ റിമാൽ സെന്ററിലുള്ള റാഇദ് പ്രോ കോർട്ടിൽ വെച്ചാണ് പ്രമുഖ ടീമുകൾ തമ്മിൽ മാറ്റുരക്കുക. കോവിഡ് മഹാമാരിയിൽ ജീവൻ പൊലിഞ്ഞ തറവാട് അംഗം ജയപ്രകാശിന്റെ അനുസ്മരണാർഥമാണ് ജെ പി കപ്പ് സീസൺ 2 സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷവും തറവാട് ഏർപ്പെടുത്തിയ സീസൺ ഒന്നിന് സമാനമായ മത്സരങ്ങളായിരിക്കും ഇത്തവണയും നടക്കുക. ടൂർണമെന്റിൽ സൗദിയിലെ പ്രമുഖ ബാഡ്മിന്റൺ ക്ലബുകളിൽ നിന്നായി 550 ലേറെ കളിക്കാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി ക്രമീകരണങ്ങൾ ഇതിനോടകം നടത്തിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു. റിയാദ്, ദമ്മാം, ജിദ്ദ, അൽ കോബാർ, ത്വാഇഫ് പ്രവിശ്യകളിലെ വ്യത്യസ്തത രാജ്യക്കാരായ കളിക്കാർ പരസ്പരം മാറ്റുരയ്ക്കും.
തറവാടിന്റെ ഉപദേശകസമിതി അംഗംകൂടിയായ ജോസഫ് ഡി കൈലാത്താണ് ടൂർണമെന്റ് ഡയറക്ടർ. ഓൺലൈൻ മുഖേനയാണ് കളിക്കാരുടെ രജിസ്ട്രേഷൻ നടക്കുക. വ്യത്യസ്ത കാറ്റഗറിയിൽ നിന്നും വിജയിക്കുന്ന ജേതാക്കൾക്ക് തറവാട് കാശ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. സൗദി അറേബ്യയിലെ ജുബൈൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'യൂനിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനി (യു.ഐ.സി) യാണ് ജെ.പി കപ്പിന്റെ മുഖ്യ പ്രായോജകർ. എസ്. സോമശേഖർ, ഷെറിൻ മുരളി, അബ്ദുൾ മജീദ് ബദറുദ്ദീൻ, ജോസഫ് ഡി. കൈലാത്ത്, രമേഷ് കുമാർ മാലി, ഷാജഹാൻ അഹമ്മദ് ഖാൻ,എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ടൂർണമെന്റുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 0502863481,0569320934,0569514174 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.