റിയാദ്: രാഷ്ട്രത്തിന്റെ സ്ഥാപക ദിനത്തിൽ കാൽനടയായി സൗദി അറേബ്യയിലെത്തണമെന്ന് ആഗ്രഹം സഫലമായതിന്റെ നിർവൃതിയിലാണ് ഒമാനി സഞ്ചാരിയായ ബഖീത് അൽഅംറി. യാത്രാക്ലേശങ്ങളൊന്നും ബഖീത് കാര്യമാക്കിയില്ല. 52 ദിവസങ്ങളോളം കാൽനടയായാണ് സലാലയിൽ നിന്ന് സൗദിയിലെത്തിയത്. ഒമാനി സൈന്യത്തിൽനിന്ന് വിരമിച്ചയാളാണ് ബഖീത്. അതിനുശേഷമാണ് വിശ്രമജീവിതം നയിക്കാതെ യാത്രികനായി മാറിയത്. സലാലയിലെ സുൽത്താൻ ഖാബൂസ് സെൻറർ ഫോർ കൾച്ചർ ആൻഡ് എന്റർടെയ്ൻമെന്റിന് മുന്നിൽനിന്നാണ് യാത്ര തുടങ്ങിയത്.
സലാലയിൽനിന്ന് യമനിലേക്കുകടന്ന് അവിടെനിന്ന് അൽവാദിയ തുറമുഖത്തിലൂടെ സൗദിയിലേക്ക് പ്രവേശിച്ചു. സൗദിയുടെ തെക്കൻ അതിർത്തി പ്രദേശമായ ശറൂറയിലെത്തിയപ്പോൾ പ്രദേശവാസികൾ ഏറെ സ്നേഹത്തോടെയും അഭിനന്ദനങ്ങളോടെയുമാണ് സ്വീകരിച്ചതെന്ന് ബഖീത് അൽഅംറി പറഞ്ഞു. അവിടെ നിന്ന് അസീർ പ്രവിശ്യയിലെത്തി. അൽബാഹയിലൂടെ മക്കയിലെത്തി. സ്ഥാപക ദിനത്തിൽ സൗദിയിലെത്താനുള്ള യാത്രയെക്കുറിച്ച് ഈ വർഷത്തിന്റെ തുടക്കത്തിലാണ് ചിന്തിച്ചുതുടങ്ങിയത്. യാത്രയ്ക്കിടെ സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുക്കാനും ഉംറ, ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ മക്കയിലെത്താനും ഞാൻ ആഗ്രഹിച്ചതായി അദ്ദേഹം പറഞ്ഞു. ഇതിനായി ഒമാനിലെ സാംസ്കാരിക കായിക യുവജന മന്ത്രാലയത്തിന് അപേക്ഷ നൽകുകയും യാത്രക്ക് ലൈസൻസും അനുമതിയും ആവശ്യപ്പെടുകയും ചെയ്തു. ഉടൻ തന്നെ അനുമതി ലഭിച്ചു. തുടർന്ന് സലാലയിൽനിന്ന് യമനിലേക്കും മരുഭൂമിയിലൂടെ പിന്നെ സൗദി അറേബ്യയിലേക്കും എത്താനുള്ള റൂട്ടുകൾ മനസ്സിലാക്കി. അങ്ങനെ കാൽനടയായി യാത്ര പുറപ്പെട്ടു. യാത്രയ്ക്കിടെ ഒമാനി ഹജ്ജ് ഗ്രൂപ്പുകളിൽനിന്ന് യാത്രാറൂട്ടുകളെയും മറ്റ് കാര്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചു. പലയിടങ്ങളിൽ അപകടങ്ങൾ നിറഞ്ഞ പാതയിൽ പല ബുദ്ധിമുട്ടുകൾ നേരിട്ടു.
അതിഥികളെ സ്വീകരിക്കുക, അവരെ സംരക്ഷിക്കുക, ആതിഥ്യം കാണിക്കുക തുടങ്ങിയ അറബ് ആചാരങ്ങൾ യാത്രയ്ക്കിടയിൽ അനുഭവിക്കാനായി. യാത്രയുടെ ലക്ഷ്യങ്ങൾ നേടാനായി. ചിലർ നഗരങ്ങൾക്കിടയിൽ ആളുകളും കാൽനട യാത്രയിൽ പങ്കെടുത്തു. സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നും ശറൂറയിലെയും നജ്റാനിലെയും ആളുകളിൽ നിന്നും നല്ല പിന്തുണ ലഭിച്ചു. അവരോടൊപ്പം സ്ഥാപക ദിനം ആഘോഷിച്ചു. സൗദിയിലെത്തിയ ബഖീത് അൽഅംറി തനിക്ക് ലഭിച്ച നല്ല സ്വീകരണത്തിനും ഉദാരമായ ആതിഥ്യമര്യാദയ്ക്കും ഊഷ്മളമായ സ്വീകരണത്തിനും സൗദി സർക്കാരിനോടും സൗദി ജനതയോടും അഗാധമായ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.