സകാക്ക: അൽജൗഫ് നിക്ഷേപ സമ്മേളനത്തിന് (ഇൻവെസ്റ്റ്മെൻറ് ഫോറം) തുടക്കം. സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആൻഡ് ടെക്നോളജി സോണുകളുടെ (മുദ്ൻ) സഹകരണത്തോടെ പ്രവിശ്യാ ഗവർണറേറ്റ് സകാക്ക നഗരത്തിൽ സംഘടിപ്പിച്ച സമ്മേളനം അൽജൗഫ് ഗവർണർ അമീർ ഫൈസൽ ബിൻ നവാഫ് ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. നിക്ഷേപം നടത്താൻ താൽപര്യമുള്ള 400 വ്യവസായികളും വനിതകളും ഫോറത്തിൽ പെങ്കടുക്കുന്നുണ്ട്. നിക്ഷേപ അവസരങ്ങൾ വിവരിക്കാനായി ഒരുക്കിയ പ്രദർശനവും ഗവർണർ ഉദ്ഘാടനം ചെയ്തു. നിക്ഷേപത്തിന് ഫലഭൂയിഷ്ഠമായ ഭൂമിയാണ് അൽജൗഫ് മേഖലയെന്ന് ഗവർണർ പറഞ്ഞു. മേഖല സന്ദർശിക്കുകയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും നിലവിലുള്ളതും ഭാവിയിലുള്ളതുമായ നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും വേണമെന്ന് വ്യവസായികളോട് ഗവർണർ ആവശ്യപ്പെട്ടു.
മേഖലയിലെ നിരവധി പ്രവർത്തനങ്ങളിൽ വൈവിധ്യപൂർണമായ നിക്ഷേപ അവസരങ്ങളൊരുക്കുന്ന പാക്കേജ് തയാറാക്കുന്നതിനുവേണ്ടിയാണ് ഫോറം സംഘടിപ്പിച്ചിരിക്കുന്നത്. വ്യവസായ നഗരങ്ങൾക്കും സാങ്കേതിക മേഖലകൾക്കുമുള്ള സൗദി അതോറിറ്റിയും അൽജൗഫ് ഒയാസിസ് ഓഫ് മുദ്നിലെ നിക്ഷേപകരും നിക്ഷേപങ്ങൾക്കുവേണ്ടി കരാർ ഒപ്പിടും. മേഖലയിലെ സാമ്പത്തിക, വ്യവസായ വികസനം ത്വരിതപ്പെടുത്തുന്ന ഒരുകൂട്ടം ലക്ഷ്യങ്ങൾ കൈവരിക്കാനാണ് ഫോറത്തിലൂടെ ലക്ഷ്യമിടുന്നത്.
കൃഷി, ഭക്ഷണം, ഖനനം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങൾ പ്രയോജനപ്പെടുത്തുക, സ്ത്രീകളുടെ നിക്ഷേപം പ്രാപ്തമാക്കാനും സംരംഭകത്വത്തെ പിന്തുണക്കാനും അടുത്തിടെ മൂന്നു ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആരംഭിച്ച വ്യവസായനഗരമായ ഒയാസിസിലേക്ക് നിക്ഷേപം ആകർഷിക്കുക, മേഖലയിലെ ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകുന്ന പ്രധാന കമ്പനികളെയും ഏറ്റവും പുതിയ ഭക്ഷ്യ-കാർഷിക സാങ്കേതികവിദ്യകളെയും ആകർഷിപ്പിക്കുക, ഉൽപന്ന ഗുണനിലവാരവും ഉൽപാദനക്ഷമതയും മെച്ചപ്പെടുത്താനായി പ്രവർത്തിക്കുക, ആഭ്യന്തര ഉൽപാദനത്തിലേക്ക് സംഭാവന ചെയ്യുക, നിർമാതാക്കളെയും കർഷകരെയും ഏകീകൃത വിതരണ ശൃംഖലയിലൂടെ ബന്ധിപ്പിക്കുക എന്നിവയും ഫോറത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. മേഖലയിലെ വിവിധ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ നിക്ഷേപകരെ പ്രചോദിപ്പിക്കാൻ സഹായിക്കുന്ന ആകർഷകമായ അന്തരീക്ഷം ഒരുക്കുകയും നിക്ഷേപകരെ ഒരുമിച്ചുകൂട്ടുന്നതുമായിരിക്കും ഫോറമെന്ന് ജനറൽ സൂപ്പർവൈസർ ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽസിനാനി പറഞ്ഞു.
അൽ-ജൗഫിലെ മുദ്ൻ ഒയാസിസ് മേഖലയുടെ നേട്ടങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് വേണ്ട പങ്കാളിത്തം, സാങ്കേതികവിദ്യകൾ, സേവനങ്ങൾ എന്നിവക്കായി ശ്രമിക്കും. സംസ്കരിച്ച ഭക്ഷണങ്ങൾ (ഒലിവും അതിൽനിന്നുണ്ടാക്കുന്ന ഉൽപന്നങ്ങൾ, ഗോതമ്പ്, ബാർലി, തേൻ), ലോഹ ഉൽപന്നങ്ങൾ, പ്ലാസ്റ്റിക്, ഗ്ലാസ് ഉൽപന്നങ്ങൾ, ലോജിസ്റ്റിക് സേവനങ്ങൾ (കൂളിങ്, സ്റ്റോറേജ് സൗകര്യങ്ങൾ), ത്രീഡി പ്രിൻറിങ് ഉൽപന്നങ്ങൾ, പേപ്പർ, റബർ ഉൽപന്നങ്ങൾ എന്നിവയാണ് ലക്ഷ്യമിടുന്ന ഏറ്റവും പ്രധാനപ്പെട്ട വ്യവസായങ്ങളെന്നും ഫോറം സൂപ്പർവൈസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.