റിയാദ്: രണ്ടു വർഷത്തിന് ശേഷം കോവിഡ് നിയന്ത്രണങ്ങളിൽ വന്ന ഇളവുമൂലം തോളോട് തോളുരുമ്മി വിശ്വാസികൾ പള്ളികൾ പ്രാർഥനകളിൽ മുഴുകി. കഴിഞ്ഞ രണ്ടു വർഷവും റമദാനിൽ സൗദിയിൽ പള്ളികളിൽ നിശാ നമസ്കാരം പോലും മുടങ്ങിയിരുന്നു. പള്ളികളിൽ റമദാനുകളിലെ രാവുകൾ പ്രാർഥനക്ക് അവസരം ഇല്ലാതിരുന്നത് വിശ്വാസികളെ ഏറെ സങ്കടപ്പെടുത്തിയിരുന്നു. എന്നാൽ, കോവിഡ് കണക്കുകളിൽ വന്ന കുറവും വാക്സിൻ എടുത്തവരുടെ കണക്കും മുൻനിർത്തി സൗദി ആരോഗ്യ മന്ത്രാലയം ഇളവുകൾ അനുവദിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം മുതൽ വിശ്വാസികൾ പള്ളികളിലേക്ക് ഒഴുകുകയായിരുന്നു. സാമൂഹിക അകലം പാലിച്ചുകൊണ്ട് പ്രാർഥനകൾക്കായി സ്ഥാപിച്ചിരുന്ന സ്റ്റിക്കറുകൾ ഇളക്കിമാറ്റിയും കുടിവെള്ള സംവിധാനം ഒരുക്കിയും പുസ്തക സ്റ്റാൻഡുകളിൽ ഖുർആൻ പുനഃക്രമീകരിച്ചും പള്ളികൾ വിശ്വാസികളെ വരവേറ്റു.
രണ്ടു വർഷമായി അടഞ്ഞുകിടന്ന, നോമ്പ് തുറക്കാനുള്ള പ്രത്യേക ഇടങ്ങൾ തുറക്കുകയും സമൂഹ നോമ്പുതുറകൾക്കുള്ള സംവിധാനങ്ങൾ പള്ളികളും വ്യക്തികളും ആരംഭിക്കുകയും ചെയ്തു. കുട്ടികളെയും മുതിർന്നവരെയും കൂടാതെ സ്ത്രീകൾക്കും പള്ളികളിൽ തറാവീഹ് നമസ്കാരം നിർവഹിക്കാൻ കഴിയുംവിധമാണ് തയാറെടുപ്പുകൾ. കോവിഡിന് മുമ്പ് നടന്നിരുന്നപോലെ തോളോട് തോളുരുമ്മി വിശ്വാസികൾ പ്രാർഥനയിലും സൗഹൃദം പുതുക്കലിലും തിരക്കിലാണ് ഇപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.