ജിദ്ദ: വ്യാജ ഹജ്ജ് പരസ്യങ്ങളെ കരുതിയിരിക്കണമെന്ന് സുരക്ഷാവകുപ്പിന്റെ മുന്നറിയിപ്പ്. ഹജ്ജ് ദിവസങ്ങൾ അടുത്തതോടെ സമൂഹ മാധ്യമങ്ങളിലും മറ്റും വ്യാജ പരസ്യങ്ങൾ പ്രചരിക്കുന്നതിനെ തുടർന്നാണിത്. മറ്റുള്ളവർക്കുവേണ്ടി ഹജ്ജ് നിർവഹിക്കുന്നത് സംബന്ധിച്ച് സമൂഹ മാധ്യമ സൈറ്റുകളിലെ വ്യാജ പരസ്യങ്ങളോട് പ്രതികരിക്കരുതെന്ന് പൊതുസുരക്ഷ വിഭാഗം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. ബലിമൃഗങ്ങളെ ബുക്ക് ചെയ്യുകയും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ, ഹജ്ജ് വളകൾ വിൽക്കൽ, ഗതാഗത സൗകര്യങ്ങൾ നൽകൽ തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെയും പൊതു സുരക്ഷ മുന്നറിയിപ്പു നൽകി. അജ്ഞാത സ്ഥാപനങ്ങൾ നൽകുന്ന ഇത്തരം പരസ്യങ്ങൾ ആളുകളെ വഞ്ചിക്കാൻ വേണ്ടിയാണെന്നും ഇത്തരം ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ നിയമപരമായി ശിക്ഷാനടപടികൾ കൈക്കൊള്ളുമെന്നും പൊതുസുരക്ഷ വിഭാഗം പറഞ്ഞു.
ബലി കൂപ്പൺ വിതരണം ചെയ്യുന്നതിനും ബലിയറുക്കുന്നതിനും അതിനെ ഉപയോഗപ്പെടുത്തുന്നതിനും അംഗീകൃത പദ്ധതികളുണ്ട്. പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റായ adahi.org വഴിയോ ഇഹ്സാൻ പ്ലാറ്റ്ഫോം പോലുള്ള ഔദ്യോഗിക ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ വഴിയോ അല്ലെങ്കിൽ അംഗീകൃത സെയിൽസ് ഔട്ട്ലെറ്റുകൾ വഴിയോ ബലികൾ വാങ്ങുകയോ അവയുടെ നടത്തിപ്പ് ട്രാക്ക് ചെയ്യുകയോ ചെയ്യാം. അന്വേഷണങ്ങൾ സ്വീകരിക്കുന്നതിനും അഭ്യർഥനകൾ ട്രാക്ക് ചെയ്യുന്നതിനുമായി 920020193 എന്ന ഏകീകൃത നമ്പർ ഒരുക്കിയിരിക്കുന്നുവെന്നും പൊതുസുരക്ഷ വിഭാഗം പറഞ്ഞു. ഹജ്ജ് വ്യവസ്ഥകളും നിർദേശങ്ങളും പൗരന്മാരും താമസക്കാരും പാലിക്കണമെന്നും ഈ രംഗത്ത് നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ മക്ക, റിയാദ്, അൽശർഖിയ എന്നീ പ്രദേശങ്ങളിൽ 911 എന്ന നമ്പരിലും മറ്റ് പ്രദേശങ്ങളിൽ 999 എന്ന നമ്പരിലും വിളിച്ച് അറിയിക്കണമെന്നും പൊതു സുരക്ഷ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.