റിയാദ്: അസുഖബാധിതനായി 100 ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ബിഹാർ സ്വദേശി ചികിത്സ ബില്ലടക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുകയും ഒടുവിൽ സുമനസ്സുകളുടെ കനിവോടെ ആശുപത്രിയിൽനിന്ന് മോചിതനാവുകയും ചെയ്തു.
ബിഹാർ ഗോപാൽ ഗഞ്ച് സ്വദേശി മുഹമ്മദ് നാസിറുദ്ദീൻ (48) ആണ് റിയാദിൽനിന്ന് 260 കിലോമീറ്റർ അകലെ ദവാദ്മിയിലെ ആശുപത്രിയിൽനിന്ന് മലയാളികളുടെ സഹായത്തോടെ പണം അടച്ച് മോചിതനായത്. മൂന്നര മാസം മുമ്പാണ് ജോലി സ്ഥലത്ത് തളർന്ന് വീണത്. ആശുപത്രി പരിശോധനയിലാണ് പക്ഷാഘാതം സ്ഥിരീകരിച്ചത്. 40 ദിവസത്തോളം സർക്കാർ ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും ചികിത്സ തുടർന്നു. നാലു ദിവസം മുമ്പ് ചികിത്സ കഴിഞ്ഞെന്നും ഡിസ്ചാർജ് ആകുന്നതിന് മുമ്പ് ബില്ലടക്കണമെന്നും ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.
ബില്ല് തുക കണ്ട് എന്തുചെയ്യണമെന്നറിയാതെ പ്രായാസപ്പെട്ടു. ഇതിനിടെ, ദവാദ്മിയിലെ മലയാളി സാമൂഹിക പ്രവർത്തകരായ ഹുസൈൻ, റിയാസ് എന്നിവർ വിഷയത്തിൽ ഇടപെട്ടു. ഇവർ റിയാദിലെ സാമൂഹികപ്രവർത്തകരായ സുലൈമാനെയും സിദ്ദിഖ് നെടുങ്ങോട്ടൂരിനെയും അറിയിച്ചു. ഇരുവരും സുമനസ്സുകളെ കണ്ടെത്തി ഒറ്റദിവസംകൊണ്ട് തുക സമാഹരിച്ച് ആശുപത്രിയിൽ അടച്ചു. അടുത്ത ആഴ്ച നാട്ടിൽ അയക്കാനുള്ള രേഖകൾ തരപ്പെടുത്തുമെന്നും സാമൂഹികപ്രവർത്തകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.