ജുബൈൽ: വൈകീട്ട് നടക്കാനിറങ്ങിയ ബീഹാർ ദമ്പതികളെ സ്വദേശിയുടെ വാഹനം ഇടിച്ചു തെറിപ്പിച്ചു. ഭർത്താവ് തൽക്ഷണം മരിച്ചു. ഭാര്യക്ക് ഗുരുതര പരിക്ക്. ജുബൈലിലെ തമീമി കമ്പനി ജീവനക്കാരൻ പാട്ന സ്വദേശി ചന്ദ്ര പ്രഭാത് കുമാർ (37) ആണ് മരിച്ചത്. കാലുകൾക്ക് ഗുരുതര പരിക്കേറ്റ ഭാര്യ വൈഷ്ണവി കുമാരി (21) അൽഅഹ്സ്സയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ജുബൈ നഗരത്തിലെ താബ സെന്ററിന് സമീപം ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. വ്യായാമത്തിനായി നടക്കാനിറങ്ങിയ ഇരുവരെയും പിന്നിൽ നിന്നെത്തിയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്ര പ്രഭാത് അപകട സ്ഥലത്ത് മരിച്ചു. സാരമായി പരിക്കേറ്റ വൈഷ്ണവിയെ ഉടൻ ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കാലിലെ ഞരമ്പുകൾ അറ്റുപോയതിനാൽ അൽഅഹ്സ്സയിലെ ആശുപത്രിയിലേക്ക് രാത്രി ഒന്നോടെ മാറ്റുകയായിരുന്നു.
ഒരുമാസം മുമ്പാണ് വൈഷ്ണവി സന്ദർശക വിസയിൽ സൗദിയിൽ എത്തിയത്. വിഷയത്തിൽ ഇടപെട്ട പ്രവാസി സാംസ്‌കാരിക വേദി ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അപകട കേസിന്റെ അനന്തര നടപടികൾക്കും ആശുപത്രിയിൽ ആവശ്യമായ സഹായത്തിനുമായി രംഗത്തുണ്ട്. ഇത്തരത്തിൽ അപകടസംഭവങ്ങൾ ഉണ്ടാകുന്നതിനാൽ കാൽനട യാത്രക്കാർ വളരെ ജാഗ്രതപാലിക്കണമെന്നും വാഹനങ്ങൾ വരുന്ന ദിശയുടെ എതിർ വശത്തുകൂടി നടക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്ര പ്രഭാത് കുമാറിന്റെ മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചന്ദ്രശേഖർ പ്രസാദ്-ശാന്തി കുമാരി ദമ്പതികളുടെ മകനാണ് ചന്ദ്ര പ്രഭാത് കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.