ദമ്മാം: ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റായി ബിജു കല്ലുമലയെ നിയമിച്ചു. ഒ.ഐ.സി.സി/ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചതാണ് ഇക്കാര്യം. നിലവിൽ ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡന്റും മിഡിൽ ഈസ്റ്റ് കൺവീനറുമാണ് ബിജു കല്ലുമല. 26 വർഷമായി പ്രവാസിയായ ബിജു കല്ലുമല 20 വർഷമായി സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക മേഖലയിൽ സജീവ സാന്നിധ്യമാണ്.
കോൺഗ്രസിന്റെ ആദ്യകാല പ്രവാസി സംഘടനകളായ ഐ.സി.സി, ഇനോക് എന്നിവയുടെ ജനറൽ സെക്രട്ടറി, കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ മെംബർ, ആലപ്പുഴ ഡി.സി.സി മെംബർ എന്നീ നിലകളിലും ബിജു കല്ലുമല പ്രവർത്തിച്ചിട്ടുണ്ട്.
എം. ലിജു ചെയർമാനായ സർവോദയ പാലിയേറ്റിവ് ആൻഡ് കെയർ ഹെൽത്ത് സെന്ററിന്റെ ബോർഡ് മെംബറായും പ്രവർത്തിച്ചുവരുന്നു. നിലവിലെ ലോക കേരളസഭ അംഗമായ ബിജു കല്ലുമല നിതാഖാത് പ്രതിസന്ധി ഘട്ടത്തിൽ കേരള സർക്കാർ രൂപവത്കരിച്ച നോർക്ക ഉപസമിതിയിലും കോവിഡ് കാലഘട്ടത്തിൽ നോർക്ക ഹെൽപ് ഡെസ്കിലും അംഗമായിരുന്നു. ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയാണ്. ദുബൈ, അസർബൈജാൻ, ജോർജിയ എന്നിവിടങ്ങളിലും പ്രവാസം നയിച്ചിട്ടുണ്ട്.
ബിജു കല്ലുമലയെ സൗദി ദേശീയ പ്രസിഡന്റായി നിയമിച്ച കെ.പി.സി.സി തീരുമാനം ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി സ്വാഗതം ചെയ്തു.
അഹമ്മദ് പുളിക്കൽ, സി. അബ്ദുൽ ഹമീദ്, രമേശ് പാലക്കാട്, ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, ഇ.കെ. സലിം, ശിഹാബ് കായംകുളം, റഫീഖ് കൂട്ടിലങ്ങാടി, സിറാജ് പുറക്കാട്, പി.കെ. അബ്ദുൽകരീം, ഷംസു കൊല്ലം, സുമേഷ് കാട്ടിൽ തുടങ്ങിയ ഭാരവാഹികളും വിവിധ ജില്ല, ഏരിയ, വനിത, യൂത്ത് വിങ് കമ്മിറ്റികളും ബിജു കല്ലുമലയെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.