ജിദ്ദ: ഹജ്ജ്, ഉംറ തീർഥാടകർക്ക് സ്മാർട്ട് ഫോണുകളിലൂടെ വിരലടയാളമടക്കമുള്ള സുപ്രധാന വ്യക്തിഗതവിവരങ്ങൾ സ്വയം രേഖപ്പെടുത്താൻ കഴിയുന്ന ബയോമെട്രിക് ആപ്ലിക്കേഷൻ വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഉദ്ഘാടനം ചെയ്തു. വിസ, ട്രാവൽ സൊലൂഷൻ കമ്പനി വഴിയാണ് ഇത് നടപ്പാക്കുന്നത്.
തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മികച്ചതാക്കുന്നതിനും നടപടികൾ എളുപ്പമാക്കുന്നതിനുമുള്ള സൽമാൻ രാജാവിെൻറയും കിരീടാവകാശിയുടെയും നിർദേശത്തെ തുടർന്നാണ് ആപ്ലിക്കേഷൻ ഒരുക്കിയത്.
ഹജ്ജ്, ഉംറ വിസകൾക്ക് അപേക്ഷിക്കുന്നവർക്ക് സ്വന്തം രാജ്യങ്ങളിലിരുന്നുതന്നെ തങ്ങളുടെ സ്മാർട്ട് ഫോണിലൂടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും വിരലടയാളമുൾപ്പെടെ ആവശ്യമായ വ്യക്തിഗതവിവരങ്ങൾ രേഖപ്പെടുത്താനും കഴിയും.
ഇതിനായി വിസ നടപടികൾ നടത്തുന്ന കാര്യാലയങ്ങളെ നേരിൽ സമീപിക്കേണ്ട ആവശ്യമില്ല. ബയോമെട്രിക് സംവിധാനത്തിലൂടെ രജിസ്ട്രേഷൻ അനുസരിച്ച് വിസകൾ ഓൺലൈനിലൂടെ ലഭിക്കും. ഇതോടെ ഉംറ, ഹജ്ജ് വിസ നടപടികൾ കൂടുതൽ എളുപ്പമാകും.
ആപ്ലിക്കേഷൻ ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എൻജി. വലീദ് ബിൻ അബ്ദുൽ കരീം അൽഖുറൈജി, എക്സിക്യൂട്ടിവ് കാര്യ അസിസ്റ്റൻറ് അബ്ദുൽ ഹാദി അൽമൻസൂരി, വിദേശകാര്യാലയത്തിലെ കോൺസുലർ കാര്യ അണ്ടർ സെക്രട്ടറി അംബാസഡർ തമീം അൽദോസരി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.