പ്രവാചക നിന്ദ: ബി.ജെ.പി വക്താക്കൾക്കെതിരെ നിയമ നടപടി വേണം - ജിദ്ദ കെ.എം.സി.സി

ജിദ്ദ: ലോകത്തിലെ എല്ലാ വിഭാഗം വിശ്വാസികളും ആദരിക്കുന്ന പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുക വഴി ലോകത്തിൻ്റെ മുമ്പിൽ ഇന്ത്യയുടെ തന്നെ മുഖം വികൃതമാക്കുകയും രാജ്യത്തെ നാണം കെടുത്തുകയും ചെയ്ത ബി.ജെ.പി വക്താക്കൾ നൂപുർ ശർമ, നവീൻകുമാർ എന്നിവർക്കെതിരെ കേന്ദ്ര സർക്കാർ നിയമ നടപടി സ്വീകരിച്ച് അർഹമായ ശിക്ഷ നൽകി ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ യസ്സസും അഭിമാനവും വീണ്ടെടുക്കണമെന്ന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അമേരിക്ക, ഖത്തർ, കുവൈത്ത്, സൗദി അറേബ്യ, ഒമാൻ, ഇറാൻ തുടങ്ങി അമ്പതോളം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി അടക്കം ഇതിനെതിരെ രംഗത്ത് വരികയും ലോകത്ത് ഇത് വലിയ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്. പല രാഷട്രങ്ങളും ഇന്ത്യൻ അംബാസഡർമാരെ വിളിച്ച് വരുത്തി താക്കീതും മുന്നറിയിപ്പും നൽകിയത് ഗൗരവമുള്ള കാര്യമാണ്. തൽക്കാലത്തേക്ക് ഇവരെ സസ്പെൻറ് ചെയ്ത് തല ഊരാനുള്ള ബി.ജെ പി നീക്കം ലോകം മുഖവിലക്ക് എടുക്കാൻ പോവുന്നില്ല. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് ജയിലിടക്കുകയും അവരുടെ സ്വത്ത് കണ്ട് കെട്ടുകയുമാണ് നാഗ്പൂർ അടക്കമുള്ള പ്രദേശങ്ങളിൽ കണ്ടത്. ഇത് കേന്ദ്ര സർക്കാറിന്റെ ഒളിച്ച് കളിക്കുള്ള ഉദാഹരണമാണ്. രാജ്യം ഭരിക്കുന്ന സർക്കാറിന് രാജ്യത്തിന്റെ അന്തസ്സ് സംരക്ഷിക്കാനുള്ള ബാധ്യതയുണ്ട്. അതിന് ഭരണകർത്താക്കൾക്ക് ഇന്ത്യയുടെ ചരിത്രത്തെ കുറിച്ചും പൈതൃകത്തെ കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും സാമാന്യ ബോധമെങ്കിലും വേണം. വർഗ്ഗീയ വിഭ്രാന്തിയിൽ സ്ഥലകാലബോധമില്ലാത്തവർ ഭരണകർത്താക്കളും പാർട്ടി വക്താക്കളുമൊക്കെ ആയതിന്റെ ദുരന്തമാണ് ഇന്ന് രാജ്യം അഭിമുഖീകരിക്കുന്നത്. ഏറ്റവും വലിയ വർഗ്ഗീയവാദി ഏറ്റവും വലിയ നേതാവാകുന്ന കാഴ്ചയും ഏറ്റവും വലിയ വർഗ്ഗീയവിഷം ചീറ്റുന്ന പ്രഭാഷകർ താരമാവുന്ന രീതിയാണ് ബി.ജെപിയിൽ കാണുന്നത്.

അറബ്, ഗൾഫ് രാജ്യങ്ങളുമായി നൂറ്റാണ്ടുകളായ് നിലനിൽക്കുന്ന ഇന്ത്യയുടെ സൗഹൃദത്തിന് കോട്ടം തട്ടിയാൽ അതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് ബി.ജെ.പിക്കും കേന്ദ്ര സർക്കാറിനും ഒഴിഞ്ഞ് മാറാനാവില്ല. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. ഈ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ വിള്ളൽ വീണാൽ ഇന്ത്യക്ക് ഉണ്ടാവാൻ പോവുന്ന പ്രത്യാഘാതത്തെക്കുറിച്ച് ഊഹിക്കാൻ പോലും കഴിയാത്തത്ര ശുരുതരാവസ്ഥയായിരിക്കും സംഭവിക്കുക. നമ്മുടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എണ്ണയും പ്രകൃതി വാതകങ്ങളും മാത്രമല്ല, ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ മാർക്കറ്റാണ് ഗൾഫ് മേഖല.

അതിന് പുറമെ ഇന്ത്യൻ വ്യാവസായിക വാണിജ്യ നിക്ഷേപക കമ്പനികൾക്ക് ഗൾഫ് മേഖലയിൽ യഥേഷ്ടം വാതിൽ തുറന്നിട്ടിരിക്കുകയാണ്. ബി.ജെ.പിക്ക് വാരിക്കോരി പണം കൊടുക്കുന്ന കോർപറേറ്റ് കമ്പനികളുടെ ഖജനാവ് നിറക്കുന്നത് പോലും ഗൾഫിലെ വൻകിട നിക്ഷേപമാണ്. ഹിന്ദി ബെൽറ്റിലെ അക്ഷരവെളിച്ചം കടക്കാത്ത ഓണംകേറാ മൂലകളാണ് ലോകം എന്ന് തെറ്റിദ്ധരിച്ച് വർഗ്ഗീയ വിഷം ചീറ്റുന്ന കാഷായ വേഷക്കാരായ വിവരദോഷികൾ വിളിച്ചു പറയുന്ന വിടുവായത്തങ്ങൾക്ക് ഒരു രാജ്യം തന്നെ വില കൊടുക്കേണ്ടി വരും.

ഹൈന്ദവ ക്ഷേത്രങ്ങൾ പോലും നിർമ്മിക്കാൻ സ്വന്തം രാജ്യത്ത് ഭൂമിയും സൗകര്യവും നൽകി മതവും ജാതിയും ഭാഷയും വേഷവും ദേശവും നോക്കാതെ എല്ലാവരെയും ചേർത്ത് പിടിക്കുകയും ഇന്ത്യക്കാർക്ക് പ്രത്യേക പരിഗണന പോലും നൽകിയ ഗൾഫ് ഭരണകൂടങ്ങളെ പിണക്കാതിരിക്കണമെങ്കിൽ ഇന്ത്യയിലെ വർഗ്ഗീയ വിഷ ജന്തുക്കളെ കൂട്ടിലടക്കേണ്ടി വരുമെന്ന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ടും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയും പ്രസ്താവനയിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ബഹുസ്വര മതേതര രാജ്യമായ ഇന്ത്യയുടെ അന്തസ്സും അഭിമാനവും ഭരണകൂടങ്ങൾ കളഞ്ഞു കുളിക്കുമ്പോൾ രാജ്യസ്നേഹികൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് ജിദ്ദ കെ.എം.സി.സി ജനങ്ങളോട് അഭ്യർത്ഥിച്ചു

Tags:    
News Summary - Blasphemy against the Prophet: Legal action should be taken against BJP spokespersons - Jeddah KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.