പ്രാണനകലും മുമ്പ്​ നാടണയാൻ കൊതിച്ചു, പക്ഷേ...

റിയാദ്​: പക്ഷാഘാതത്തിന്റെ പിടിയിലമർന്നപ്പോഴും പ്രാണൻ വിട്ടകലും മുമ്പ്​ ഉറ്റവരുടെ ചാരത്തണയാൻ കൊതിച്ചു. നടക്കാനാവതില്ലാഞ്ഞിട്ടും വീൽച്ചെയറിലുരുണ്ട്​ രണ്ട്​ തവണ​ എയർപ്പോർട്ടിലെത്തി​. മെഡിക്കൽ സർട്ടിഫിക്കറ്റിലെ തെറ്റ്​ കാരണം ആദ്യ​ യാത്ര മുടങ്ങി​. രണ്ടാം തവണ എല്ലാം ശരിയാക്കിയെങ്കിലും വിമാനത്തിൽ കയറാൻ മരണം അനുവദിച്ചില്ല. ഉത്തർപ്രദേശ്​ ജലാലബാദ്​ മുഹമ്മാദിഗഞ്ച്​ സ്വദേശി സാലിം ഷാഫി (48) ആണ്​ ഈ ഹതഭാഗ്യൻ. എട്ട്​ വർഷമായി റിയാദിലെ ഒരു റോഡ്​ കൺസ്​ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. നാല്​ മാസം മുമ്പ്​ സ്​ട്രോക്ക്​ വന്ന്​ ഒരു വശം തളർന്ന്​ റിയാദ്​ അൽ ഈമാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം ഭേദമായില്ലെങ്കിലും ഭാര്യയും അഞ്ച്​ മക്കളുമടങ്ങുന്ന കുടുംബത്തിന്റെ അരുകിലെത്താൻ അയാളാഗ്രഹിച്ചു.

ഈ മാസം ഏഴിന്​ സൗദി എയർലൈൻസ്​ വിമാനത്തിൽ വീൽച്ചെയർ യാത്രക്കാരനായി പോകാൻ ആവശ്യമായ നടപടികൾ പൂർത്തിയാക്കി. ഒരു ബന്ധുവിന്റെ സഹായത്താൽ റിയാദ്​ എയർപ്പോർട്ടിൽ എത്തി. എന്നാൽ മെഡിക്കൽ റിപ്പോർട്ടിൽ രേഖപ്പെടുത്തിയ തീയതി തെറ്റാണെന്ന്​ കണ്ടെത്തി അധികൃതർ യാത്ര തടഞ്ഞു. തിരികെ വീണ്ടും അൽഈമാൻ ആശുപത്രിയിൽ അഡ്​മിറ്റായി. ആ വിമാന ടിക്കറ്റ്​ നഷ്​ടമായി. അഞ്ച്​ ദിവസത്തിന്​ ശേഷം ചൊവ്വാഴ്​ച​ രാവിലെ ഡൽഹിക്ക്​ പുറപ്പെടുന്ന സൗദി എയർലൈൻസ്​ വിമാനത്തിൽ​ പോകാൻ ടിക്കറ്റെടുത്തു. ബന്ധു മുഹമ്മദ്​ ഖാലിദിനൊപ്പം വീൽച്ചെയറിൽ രാവിലെ തന്നെ എയർപ്പോർട്ടിലെത്തി.

ബോഡിങ്​ പാസ്​ കിട്ടി, നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി അകത്തുകയറി. വിമാനത്തിലേക്കുള്ള കവാടം തുറക്കാൻ ഏതാനും സമയം മാത്രം ബാക്കിയുള്ളപ്പോൾ മരണമെത്തി യാത്ര തടഞ്ഞു. വീൽചെയറിൽ തന്നെ ഇരുന്ന്​ മരിക്കുകയായിരുന്നു. സമീപത്തെ അമീറ നൂറ യൂനിവേഴ്​സിറ്റി കാമ്പസിലെ കിങ്​ അബ്​ദുല്ല ആശുപത്രി മോർച്ചറിയിലേക്ക്​ മൃതദേഹം മാറ്റി. ആശുപത്രിയിൽനിന്ന് കിട്ടിയ​ വിവരപ്രകാരം സാമൂഹികപ്രവർത്തകൻ ശിഹാബ്​ കൊട്ടുകാട്​ ഇന്ത്യ​ എംബസി വഴി നാട്ടിലെ കുടുംബത്തെ ബന്ധപ്പെട്ടു റിയാദിൽ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിച്ചു. വ്യാഴാഴ്​ച ഉച്ചക്ക്​ റിയാദ്​ ഖസീം റോഡിലെ ഷിമാൽ മഖ്​ബറയിൽ ഖബറടക്കി. ശിഹാബിന്​ സഹായമായി ബന്ധു ഗുൽസാറും ഒപ്പമുണ്ടായിരുന്നു. സാലിം ഷാഫിയുടെ പിതാവ്​ ഷാഫിയും മാതാവ്​ ഫൗസാൻ ബീഗവും നേരത്തെ മരിച്ചിരുന്നു. ഗുൽഷാൻ സലീമാണ്​ ഭാര്യ. മക്കൾ: മുക്തദിർ, മുസയ്യബ്​, ഫൈസ്​.

Tags:    
News Summary - Body of a native of Uttar Pradesh who died before boarding the flight was buried in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.