യാംബു: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികളുടെ യാംബു സന്ദർശനം പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസമായി. ജനുവരി 29നുശേഷമുള്ള കോൺസുലേറ്റ് സംഘത്തിെൻറ സന്ദർശനമായിരുന്നു നടന്നത്. കോവിഡ് പ്രതിസന്ധിക്കുശേഷം പുനഃസ്ഥാപിച്ച സന്ദർശനം പാസ്പോർട്ട് സേവനത്തിനും രേഖകളുടെ അറ്റസ്റ്റേഷനും സഹായകമായി.
ടൗണിലെ ഹയാത്ത് റദ്വ ഹോട്ടലിലായിരുന്നു കോൺസുലാർ പുറംകരാർ ഏജൻസിയായ വി.എസ്.എഫ് ഗ്ലോബലിെൻറ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം രണ്ടു ദിവസത്തെ ക്യാമ്പ് ഒരുക്കിയത്. ലേബർ വൈസ് കോൺസുൽ സച്ചിദാനന്ദ നാഥ് ഠാകുര്‍, കോൺസുലേറ്റ് ട്രാൻസ്ലേറ്റർ ആസിം അൻസാരി എന്നിവർ നേതൃത്വം നൽകി.
കോൺസുലേറ്റ് സേവനങ്ങൾക്കുവേണ്ടി യാംബുവിൽ പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ കോൺസുലേറ്റ് വെൽഫെയർ അംഗങ്ങൾ മുസ്തഫ മൊറയൂർ, സിറാജ് മുസ്ലിയാരകത്ത് എന്നിവർ ജിദ്ദ കോൺസുൽ ഡെപ്യൂട്ടി കോൺസുൽ ജനറൽ വൈ.സാബിർ, കമ്യൂണിറ്റി വെൽഫെയർ കോൺസൽ ഡോ. മുഹമ്മദ് അലീം എന്നിവരുടെ ശ്രദ്ധയിൽപെടുത്തി.
ധാരാളം പ്രവാസി ഇന്ത്യക്കാർ ജോലി ചെയ്യുന്ന വ്യവസായ നഗരമായ യാംബുവിൽ മാസത്തിൽ ഒരു തവണയെങ്കിലും കോൺസുലേറ്റ് സംഘം സന്ദർശനം നടത്തേണ്ടത് അനിവാര്യമാണെന്നും സ്ഥിരമായ പാസ്പോർട്ട് സേവാകേന്ദ്രം നേരത്തേ യാംബുവിൽ ഉണ്ടായിരുന്നത് പുനഃസ്ഥാപിക്കണമെന്നും സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടു.
സി.ബി.എസ്.ഇ 10, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികൾക്ക് പൊതുപരീക്ഷ കേന്ദ്രം അനുവദിക്കണമെന്നും സാമൂഹിക സന്നദ്ധപ്രവർത്തകർ ശ്രദ്ധയിൽ പെടുത്തി. കോവിഡ് പ്രതിസന്ധിക്കാലത്ത് ജിദ്ദയിൽ പോയി യാംബുവിലെ വിദ്യാർഥികൾ പൊതു പരീക്ഷയെഴുതേണ്ട പ്രയാസം ചൂണ്ടിക്കാട്ടി. യാംബുവിൽ പരീക്ഷകേന്ദ്രം അനുവദിക്കാൻ പ്രദേശത്തെ സി.ബി.എസ്.ഇ സ്കൂൾ അധികൃതരും രക്ഷിതാക്കളും നേരത്തേ അപേക്ഷിച്ചിരുന്നു.
കോവിഡ്കാല പ്രോട്ടോകോൾ പാലിച്ച് സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് സംഘം അറിയിച്ചു. യാംബുവിലെ 'ഹുറൂബി'ലായ ചില തൊഴിലാളികളും തൊഴിൽ നിയമപ്രശ്നം അനുഭവിക്കുന്ന ചിലരുമായും സംഘം കൂടിക്കാഴ്ച നടത്തി. പ്രശ്നപരിഹാരത്തിനുള്ള വഴികൾ ചർച്ചചെയ്തു. യാംബുവിലെ ലേബർ ഓഫിസ്, തർഹീൽ, ജയിൽ, റോയൽ കമീഷൻ മെഡിക്കൽ സെൻറർ എന്നിവിടങ്ങളും സന്ദർശിച്ചു.
യാംബു ജയിലിൽ നിലവിൽ മൂന്ന് ഇന്ത്യക്കാരുണ്ടെന്നും മറ്റു കേസുകളുമായി ബന്ധപ്പെട്ട ഇന്ത്യക്കാർ തർഹീലിലോ മറ്റോ ഇല്ലെന്നും സംഘം അറിയിച്ചു. കോൺസുലേറ്റ് വെൽഫെയർ അംഗങ്ങളായ ശങ്കർ ഇളങ്കൂർ, സിറാജ് മുസ്ലിയാരകത്ത് എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.