ജിദ്ദ: ഹജ്ജ് നിർവഹിക്കാനുള്ള ആഗ്രഹം വിവിധ രീതിയിൽ പൂർത്തിയാക്കുന്നവരുടെ കൂട്ടത്തിൽ ഏറെ ശ്രദ്ധേയനായിരിക്കുകയാണ് ബ്രിട്ടീഷ് പൗരനായ ആദം മുഹമ്മദ്. അടുത്ത വർഷത്തെ ഹജ്ജ് നിർവഹിക്കാനായി യു.കെയിൽ നിന്ന് സൗദിയിലേക്ക് കാൽ നടയായാണ് 52 കാരനായ ഇറാഖി-കുർദിഷ് വംശജനായ ആദം മുഹമ്മദ് എത്തുന്നത്.
യു.കെയിൽ ആദം മുഹമ്മദ് താമസിക്കുന്ന വോൾവർ ഹാംപ്ടണിൽ നിന്ന് ഈ മാസം ഒന്നിനാണ് ഇദ്ദേഹം യാത്രതിരിച്ചത്. അടുത്ത വർഷം ജൂലൈയിൽ നടക്കാനിരിക്കുന്ന ഹജ്ജ് തീർത്ഥാടനം ആരംഭിക്കുന്നതിന് മുമ്പ് മക്കയിലെത്തുകയാണ് ലക്ഷ്യം. ഏകദേശം 6,500 കിലോമീറ്റർ ദൂരം പിന്നിടേണ്ട യാത്രയിൽ ദിവസവും ശരാശരി 17.8 കിലോമീറ്റർ കാൽ നടയായി ഇദ്ദേഹം പൂർത്തീകരിക്കുന്നു. ഇതിനകം നെതർലാന്റിലെത്തിയ ആദം മുഹമ്മദ് ജർമ്മനി, ചെക്ക് റിപ്പബ്ലിക്, ബൾഗേറിയ, തുർക്കി, സിറിയ, ജോർദാൻ വഴിയാണ് സൗദിയിലെത്തുക.
ഏകദേശം 250 കിലോഗ്രാം വരെ ഭാരമുള്ള ഒരു ഉന്തുവണ്ടി കൂടി ഒപ്പം തള്ളിക്കൊണ്ടാണ് ഇദ്ദേഹത്തിന്റെ യാത്ര. ഖുർആൻ പാരായണങ്ങളും ദിക്റുകളും മറ്റും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓഡിയോ സംവിധാനം സ്പീക്കർ വഴി ഈ ഉന്തുവണ്ടിയിൽ ഘടിപ്പിച്ചിട്ടുണ്ട്. ഒരു പ്രാദേശിക വെൽഡിംഗ് കമ്പനിയുടെ സഹായത്തോടെ രണ്ട് മാസത്തിനുള്ളിൽ തന്റെ യാത്രക്കായി ഉന്തുവണ്ടി നിർമിക്കുകയാണ് ആദം മുഹമ്മദ് ആദ്യമായി ചെയ്തത്. ഈ വണ്ടിയിൽ തന്നെ പാചകം ചെയ്യാനും ഉറങ്ങാനുമൊക്കെയുള്ള സൗകര്യങ്ങൾ ഉണ്ടാക്കി.
ഇദ്ദേഹത്തിന്റെ യാത്രക്കായി 'യു.കെയിൽ നിന്ന് മക്കയിലേക്കുള്ള സമാധാന യാത്ര' എന്ന പേരിൽ ആരംഭിച്ച സംരംഭത്തിന് പണം സ്വരൂപിക്കുന്നതിനായി സാമൂഹിക മാധ്യമത്തിൽ ആഗസ്റ്റ് ഒന്നിന് 'ഗോ ഫണ്ട് മി' എന്ന പേജ് ആരംഭിച്ചിരുന്നു. കേവലം 1,000 പൗണ്ട് മാത്രം ലക്ഷ്യമിട്ട് തുടങ്ങിയ പേജിലൂടെ ഇതിനോടകം ഏകദേശം 30,000 പൗണ്ട് സ്വരൂപിക്കാനായി. തന്റെ യാത്രയിലുടനീളം സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സമത്വത്തിന്റെയും സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'ഞാൻ എന്റെ വീട്ടിൽ നിന്ന് പുറത്തുവന്നു, എന്റെ യാത്ര എന്റെ മാത്രം യാത്രയല്ല, മൊത്തം സമൂഹത്തിന് വേണ്ടിയുള്ള യാത്രയാണ്. എല്ലാ വ്യത്യസ്ത വംശങ്ങൾക്കും മതങ്ങൾക്കും വിശ്വാസത്തിനും വേണ്ടിയുള്ള യാത്രയാണ്. വഴിയിലുടനീളം മനുഷ്യരോട് കരുണ കാണിക്കാനും ക്ഷമിക്കണമെന്നും അല്ലാഹുവിനോട് ഞാൻ പ്രാർത്ഥിച്ചുകൊണ്ടേ ഇരിക്കുകയാണ്' - ഇലക്ട്രിക്കൽ എഞ്ചിനീയർ ആയ ആദം മുഹമ്മദ് പറഞ്ഞു. തന്റെ യാത്ര പ്രശസ്തിക്കുവേണ്ടിയോ കേവലം മതപരമായ കാരണങ്ങളാലോ അല്ലെന്നും, മറിച്ച് ലോകത്ത് എല്ലാവരും തുല്യരാണെന്നും ഒരാളും മറ്റൊരാളേക്കാൾ മികച്ചവനല്ലെന്നുമുള്ള സന്ദേശം പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലായിടത്തു നിന്നും തനിക്ക് പ്രോത്സാഹനവുമായി ധാരാളം ആളുകൾ മുന്നോട്ട് വരുന്നുണ്ടെന്നും അവർ എല്ലാ ദിവസവും തനിക്ക് ഭക്ഷണവും പണവും കൊണ്ടുവന്നു തരുന്നുണ്ടെന്നും അവരിൽ പലരും തന്നോടൊപ്പം താമസിക്കുകയും ഉന്തുവണ്ടി തള്ളി സഹായിക്കുന്നതായും അദ്ദേഹം പറഞ്ഞു. തന്റെ 28 ദിവസത്തിനുള്ളിലെ യാത്രകൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതി രേഖപ്പെടുത്തുന്നതിനാൽ ടിക്ടോക്കിൽ ഇതിനോടകം അഞ്ച് ലക്ഷം ഫോളോവേഴ്‌സിനെ അദ്ദേഹം നേടിയിട്ടുണ്ട്. അറബിക്, പാഴ്സി എന്നിവയുൾപ്പെടെ നാല് ഭാഷകൾ ആദം മുഹമ്മദിന് അറിയാം. ഇറാഖ് സൈന്യത്തിൽ ഒരു സൈനികനായി സേവനമനുഷ്ഠിക്കുകയും യുദ്ധത്തടവുകാരനായി പിടിക്കപ്പെടുകയും ചെയ്ത ശേഷം 1990 കളുടെ അവസാനത്തിൽ ആദം മുഹമ്മദ് യു.കെയിലേക്ക് താമസം മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.